റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) സംഘടിപ്പിക്കുന്ന ലീഗ് മത്സരങ്ങൾ ഈ മാസം 14 ന് ആരംഭിക്കും. റിഫയിൽ രജിസ്റ്റർ ചെയ്ത 32 ടീമുകളിലെ, മൂന്നാമത്തെ ഡിവിഷൻ ആയ 'സി' ഡിവിഷൻ ലീഗിൽ എട്ട് ടീമുകളാണ് പരസ്പരം മത്സരിക്കുക. റിയാദ് ബ്ലാസ്റ്റേഴ്‌സ് എഫ്.സി, പി.എസ്.വി, പ്രവാസി എഫ്.സി, ഷൂട്ടേഴ്‌സ് കേരള, റെഡ് സ്റ്റാർ എഫ്.സി, മാർക്ക് എഫ്.സി, മൻസൂർ റബീഅ എഫ്.സി, അറേബ്യൻ ചലഞ്ചേഴ്സ് എഫ്.സി എന്നീ ടീമുകളാണ് ഇതിലുള്ളത്. ഓരോ ടീമിനും ഗ്രൂപ്പിലെ എല്ലാ ടീമുകളുമായിട്ട് മത്സരിക്കേണ്ടി വരും.
ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് ബി ഡിവിഷനിലേക്ക് കയറ്റം കിട്ടും.വെള്ളിയാഴ്ച 'സി' ഡിവിഷൻ മത്സരങ്ങളും ഫിഫ വേൾഡ് കപ്പിന് ശേഷം തുടർന്നുള്ള ബി ആൻഡ് എ ഡിവിഷൻ മത്സരങ്ങളും അരങ്ങേറും. വേൾഡ് കപ്പിന് മുന്നോടിയായി സി ഡിവിഷൻ മത്സരങ്ങൾ തീർക്കുന്ന രീതിയിലാണ് സമയങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.
ഖുറൈസ് റോഡിലെ ലുലു സൂപ്പർ മാർക്കറ്റിന് മുന്നിലുള്ള രണ്ടു ഗ്രൗണ്ടിലായിട്ടാണ് മത്സരങ്ങൾ നടക്കുകയെന്നും റിഫ സെക്രട്ടറി സൈഫു കരുളായി അറിയിച്ചു. ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായി അബുൽകരീം പയ്യനാട് (കൺ.), ബഷീർ കാരന്തൂർ, ജുനൈസ് വാഴക്കാട് (ജോ. കൺ.), ശരീഫ് കാളികാവ് (റഫറി പാനൽ), നാസർ മാവൂർ (ഗ്രൗണ്ട് ക്രമീകരണം) എന്നിങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.