റിയാദ്: മരുഭൂമിയിൽ ഉപ്പ് വിളയുന്ന പാടങ്ങൾ. റിയാദ് നഗരത്തിൽനിന്നും 190 കിലോമീറ്റർ ദൂരെയുള്ള അൽ-ഖസബ് പ്രദേശമാണ് ഈ വിസ്മയം കാത്തുവെച്ചിരിക്കുന്നത്. ശഖ്റ, മറാത്ത് എന്നീ സ്ഥലങ്ങളോട് ചേർന്നുകിടക്കുന്ന മരുഭൂമിയുടെ വരപ്രസാദമായി നിറയെ പാടങ്ങൾ. നൂറുകണക്കിന് ഹെക്ടർ പാടങ്ങളാണ് ഇവിടെയുള്ളത്. നൂറ്റാണ്ടുകളായി ഖനനം ചെയ്യുന്ന ഇവിടത്തെ ഉപ്പ് സൗദിയിലും അയൽ രാജ്യങ്ങളിലും 'അൽ ഖസബ്' എന്ന പേരിലും മറ്റ് ബ്രാൻഡുകളിലും വിപണിയിലെത്തുന്നു. ആരോഗ്യകരവും പ്രകൃതിദത്തവുമായ ഈ ഉപ്പ് എല്ലായിടത്തും പ്രചുരപ്രചാരം നേടിയിട്ടുണ്ട്.
ഭൂമിക്കടിയിൽനിന്നും പമ്പ് ചെയ്യുന്ന ഉപ്പുവെള്ളം മൂന്നുനാല് മീറ്റർ ആഴവും നൂറോളം ചതുരശ്ര അടി വിസ്തീർണവുമുള്ള കുളങ്ങളിൽ ശേഖരിച്ചുവെക്കും. ശരാശരി അഞ്ച്-ആറ് മാസങ്ങൾക്കിടയിൽ വെള്ളം കുറുകി ഖരപദാർഥമായി മാറിയിരിക്കും. ഇത് ജെ.സി.ബി ഉപയോഗിച്ച് വാരിയെടുത്ത് കുളത്തിനരികിൽ കൊച്ചു കൊച്ചു കൂനകളായി കൂട്ടിയിടുകയും ചെയ്യും. പിന്നീട് സംസ്കരിക്കാനായി ഫാക്ടറിയിലേക്ക് കൊണ്ടുപോകും. സാധാരണ ഉപയോഗിക്കുന്ന കല്ലുപ്പും പൊടിയുപ്പും ഇവിടെ പ്രത്യേകം പ്രത്യേകം ശേഖരിക്കുന്നു.
അൽ-ഖസബിന്റെ സമീപ പ്രദേശങ്ങളായ അൽ-മിശാശ്, അൽ-മഞ്ചൂർ, അൽ-ബ്റഖ് എന്നിവിടങ്ങളിലും ധാരാളമായി ഉപ്പിന്റെ ഖനിജങ്ങളുണ്ട്. ഏതാനും മീറ്റർ കുഴിച്ചാൽ ഭക്ഷ്യയോഗ്യമായ ഉപ്പ് ലഭിക്കും. പല ഫാക്ടറികളും തങ്ങൾക്കാവശ്യമായ അസംസ്‌കൃത ഉപ്പ് ഇവിടെ നിന്നാണ് കുഴിച്ചെടുക്കുന്നത്. സൗദിയിലെ വൻകിട ഉപ്പ് നിർമാതാക്കളായ 'സാദ്' ഫാക്ടറി ഇവിടെയാണ് പ്രവർത്തിക്കുന്നത്. ഈ ഉപ്പിൽതന്നെ എല്ലാ ലവണങ്ങളും അടങ്ങിയിട്ടുണ്ടെന്നും എന്നാൽ, അന്താരാഷ്ട്ര നിലവാരമനുസരിച്ച് അയഡിൻ അൽപമായി ചേർക്കുന്നു എന്നും സാദ് കമ്പനി സൂപ്പർവൈസറും തലശ്ശേരി സ്വദേശിയുമായ നൗഷാദ് പറഞ്ഞു.
സ്വീറ്റ് വാട്ടർ ഉപയോഗിച്ച് നാല് തവണ ശുദ്ധിയാക്കിയ ശേഷം രണ്ടു മൂന്ന് തുടർ പ്രക്രിയകൾകൂടി കഴിഞ്ഞ് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണ് ഭക്ഷ്യയോഗ്യമായ ഉപ്പ് പാക്ക് ചെയ്യപ്പെടുന്നത്. അസംസ്കൃത ഉപ്പിൽനിന്നും പകുതിയോളമാണ് ഭക്ഷ്യ ഉൽപന്നമായി ലഭിക്കുന്നതെന്നും ബാക്കി മാലിന്യമായി പുറത്തേക്ക് കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്കരിച്ച ഉപ്പ് പോളിത്തീൻ ബാഗുകളിലും കണ്ടയിനറുകളിലുമാക്കിയാണ് മാർക്കറ്റിലേക്ക് എത്തിക്കുന്നത്.ഖസബിലെ ഉപ്പ് പാടങ്ങൾ കാണാൻ നിരവധി സന്ദർശകർ വാരാന്ത്യങ്ങളിലും ഒഴിവു വേളകളിലും കൂട്ടം കൂട്ടമായി എത്താറുണ്ട്. മലയാളികൾതന്നെയാണ് അതിൽ ഒന്നാംസ്ഥാനത്ത്. രണ്ട് പതിറ്റാണ്ട് മുമ്പ് പെയ്ത പേമാരിയിൽ ഉപ്പ് ശേഖരം ഉൾവലിഞ്ഞുപോയ ഒരു കഥയും ഇവിടുത്തുകാർക്ക് പറയാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.