അബ്ദുറഹ്മാൻ തുറക്കൽ
ജിദ്ദ: ആരോഗ്യ മന്ത്രിയായിരുന്ന ഡോ. തൗഫീഖ് അൽറബീഅയെ ഹജ്ജ്-ഉംറ മന്ത്രിയായി നിയമിച്ചുള്ള സൽമാൻ രാജാവിെൻറ ഉത്തരവിറങ്ങി. പുതിയ ആരോഗ്യ മന്ത്രിയായി നിയമിതനായിരിക്കുന്നത് ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിലിനെയാണ്.
തികഞ്ഞ ചാരിതാർഥ്യത്തോടെയാണ് ഡോ. തൗഫീഖ് അൽറബീഅ പടിയിറങ്ങുന്നത്. അഞ്ചര വർഷം ആരോഗ്യ മന്ത്രിയായി നിസ്തുല സേവനത്തിലേർപ്പെട്ട ശേഷമാണ്ഹജ്ജ്-ഉംറ മന്ത്രിയായി സ്ഥാനമേൽക്കാൻ പോകുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഉത്തരവിറങ്ങിയത്. കോവിഡ് സമയത്ത് മന്ത്രിയുടെ മേൽനോട്ടത്തിൽ ആരോഗ്യ മന്ത്രാലയം ചെയ്ത മഹത്തായ സേവനങ്ങൾ ആളുകൾക്കിടയിൽ പ്രശംസയുടെ തരംഗങ്ങൾ തീർത്തിരുന്നു. ആഗോള വിജയവും പ്രശംസകളും നേടാനും സാധിച്ചു.
പുതിയ ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽജലാജിലി 2016 മുതൽ ആരോഗ്യ മന്ത്രാലയത്തിലെ ആസൂത്രണ, വികസന സഹമന്ത്രിയാണ്. നിരവധി ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളും പരിചയവും പുതുതായി നിയോഗിച്ച ആരോഗ്യ മന്ത്രിക്കുണ്ട്. നിരവധി കൗൺസിലുകളിലും കമ്മിറ്റികളിലും അംഗവുമാണ്.
ആരോഗ്യ മേഖലക്കും സഹപ്രവർത്തകർക്കും നന്ദിയും അഭിനന്ദവും നേർന്നുകൊണ്ടാണ് ഡോ. തൗഫീഖ് അൽറബീഅ മന്ത്രാലയത്തിെൻറ പടിയിറങ്ങി പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. ആരോഗ്യ മേഖലയിലെ സഹപ്രവർത്തകരുടെ ആത്മാർഥമായ പരിശ്രമങ്ങൾക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ അഞ്ചര വർഷം നിങ്ങളോടൊപ്പം പ്രവർത്തിച്ചതിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങളിൽനിന്ന് ഒരുപാട് ഞാൻ പഠിച്ചു. സൗദി ഭരണാധികാരികളുടെ പിന്തുണയോടെ ആധുനിക ലോകത്തെ ഏറ്റവും വലിയ പകർച്ചവ്യാധിയെ പൂർണതയോടെയും അർപ്പണബോധത്തോടെയും മറികടക്കാൻ നിങ്ങൾക്ക് കഴിഞ്ഞു. നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും ഡോ. റബീഅ പറഞ്ഞു. 2011ൽ വാണിജ്യ മന്ത്രിയായാണ് തുടക്കം. പിന്നീട് 2016ൽ ആരോഗ്യ മന്ത്രിയായി അഞ്ചര വർഷം സേവനമനുഷ്ഠിച്ചു. ഹജ്ജ്-ഉംറ മന്ത്രിയായി നിയമിതനായതിൽ സൽമാൻ രാജാവിന് ഡോ. റബീഅ നന്ദിയും കടപ്പാടും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.