ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇബ്രാഹീം മുഹമ്മദ് മുഹൈസ അൽ ഉതൈബി കേസുമായി ബന്ധപ്പെട്ട രേഖകൾ ഉയർത്തിക്കാണിക്കുന്നു. 

തന്നെ വഞ്ചിച്ച് 27 കോടി രൂപ ബാധ്യത വരുത്തി മലപ്പുറം സ്വദേശി നാട്ടിലേക്ക് മുങ്ങിയതായി സൗദി പൗരൻ

ജിദ്ദ: സൗദിയിൽ ബിസിനസ് പങ്കാളിയായിരുന്ന മലപ്പുറം സ്വദേശി തന്നെ വഞ്ചിച്ച് 27 കോടി രൂപ ബാധ്യത വരുത്തിവെച്ച് നാട്ടിലേക്ക് മുങ്ങിയതായി സൗദി പൗരന്റെ ആരോപണം. ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജിദ്ദ അൽ റൗദയിൽ താമസക്കാരനായ ഇബ്രാഹീം മുഹമ്മദ് മുഹൈസ അൽ ഉതൈബി എന്ന സ്വദേശി പൗരൻ ആരോപണവുമായി രംഗത്ത് വന്നത്. സൗദി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിൽ നിന്ന് നിക്ഷേപക ലൈസൻസ് നേടി ബിസിനസ് ആരംഭിച്ച ആദ്യകാല മലയാളികളിൽ ഒരാളായിരുന്ന മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് സമീപം പള്ളിക്കൽ ബസാർ സ്വദേശിയായ എരമകവീട്ടിൽ പുതിയകത്ത് ഷമീൽ (53) എന്നയാളാണ് 1,25,43,400 സൗദി റിയാൽ (27 കോടിയോളം രൂപ) തനിക്ക് ബാധ്യത വരുത്തിവെച്ച് വഞ്ചിച്ചു മുങ്ങിയതെന്ന് ഇബ്രാഹീം മുഹമ്മദ് മുഹൈസ അൽ ഉതൈബി ആരോപിക്കുന്നു.

തനിക്ക് ലഭിച്ച നിക്ഷേപക ലൈസൻസ് ഉപയോഗപ്പെടുത്തി വിവിധ ബിസിനസ് അവസരങ്ങൾ ചൂണ്ടിക്കാണിച്ച് ഷമീൽ സ്വദേശികളിൽ നിന്നും മലയാളികളിൽ നിന്നുമായി വലിയ സംഖ്യ നിക്ഷേപം നടത്തിയിരുന്നു. പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമാണ കമ്പനി ഉൾപ്പെടെ ഷമീലിന്റെ ബിസിനസിൽ പങ്കാളിത്തമായി ആദ്യം 72 ലക്ഷം റിയാൽ കാശായി ഇബ്രാഹീം അൽ ഉതൈബി നൽകിയിരുന്നു. കൂടാതെ ബിസിനസ് ആവശ്യത്തിലേക്ക് സൗദിയിലെ ഒറാക്‌സ് ഫിനാൻസ് കമ്പനിയില്‍നിന്ന് ഷമീല്‍ വായ്പയും എടുത്തിരുന്നു. ഈ വായ്‌പ കൃത്യസമയത്ത് അടക്കാൻ സാധിക്കാതെ വന്നപ്പോൾ ഫിനാൻസ് കമ്പനി ഷമീലിനെതിരെ കേസ് നൽകുകയും അദ്ദേഹത്തിന് യാത്രാവിലക്ക് നേരിടേണ്ടി വരികയും ചെയ്തു. ഫിനാൻസ് കമ്പനിയില്‍ നിന്നുള്ള ബാധ്യത തീർക്കാനും യാത്രാവിലക്ക് ഒഴിവായി കിട്ടാനും ഷമീൽ തന്നെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ, നാട്ടിലെത്തിയ ശേഷം തന്റെ പേരിലുള്ള സ്വത്തുക്കൾ വിറ്റ് ഇബ്രാഹീം അൽ ഉതൈബിയുടെ എല്ലാ കടങ്ങളും താൻ വീട്ടിക്കൊള്ളാമെന്ന ഷമീലിന്റെ ഉറച്ച വാക്ക് പൂർണമായും വിശ്വാസത്തിലെടുത്ത് തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സൗദിയിലെ സ്ഥലം ജാമ്യം നൽകി ഫിനാൻസ് കമ്പനിയിൽ നിന്നുള്ള 53,43,400 റിയാൽ ബാധ്യത ഇബ്രാഹീം അൽ ഉതൈബി ഏറ്റെടുത്തു.

ആരോപണം നേരിടുന്ന മലപ്പുറം ജില്ലയിലെ പള്ളിക്കൽ ബസാർ സ്വദേശി എരമകവീട്ടിൽ പുതിയകത്ത് ഷമീൽ

ഇതോടെ യാത്രാവിലക്ക് ഒഴിവായി കിട്ടി ഷമീൽ നാട്ടിലേക്ക് മടങ്ങി. എന്നാൽ പിന്നീട് അദ്ദേഹം പറഞ്ഞ വാക്ക് പാലിക്കുകയോ സൗദിയിലേക്ക് തിരിച്ചുവരികയോ ചെയ്തില്ലെന്നും കരാർ കാലാവധി അവസാനിച്ചതോടെ പണയത്തിലുള്ള തന്റെ സ്വത്തുക്കൾ കോടതി 53,43,400 റിയാലിന് ലേലത്തിൽ വിൽക്കുകയാണുണ്ടായതെന്നും ഇബ്രാഹീം അൽ ഉതൈബി വികാരഭരിതനായി പറഞ്ഞു. തന്നിൽ നിന്നും കൈക്കലാക്കിയ പണവും സ്വത്തും തിരിച്ചുനൽകണമെന്ന് ഇദ്ദേഹം പല തവണ ഷമീലിനോട് വിവിധ മധ്യസ്ഥർ മുഖേന ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ലെന്ന് മാത്രമല്ല, നാട്ടിൽ തനിക്ക് ശക്തമായ രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചതായും സൗദി പൗരൻ പറയുന്നു.

ഷമീലിനെതിരെ സൗദി പൗരൻ ജിദ്ദ ജനറൽ കോടതിയിൽ പരാതി നൽകുകയും 53,43,400 റിയാൽ ഷമീൽ, ഇബ്രാഹീം അൽ ഉതൈബിക്ക് മടക്കി നൽകണമെന്ന് കോടതി വിധി വന്നെങ്കിലും മൂന്ന് വർഷം മുമ്പ് വന്ന ഈ വിധി ഷമീൽ സൗദിക്ക് പുറത്തായതുകൊണ്ട് നടപ്പാക്കാൻ സാധിച്ചിട്ടില്ല. ശേഷം ഷമീലിനെതിരെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഓഫീസ്, ഇന്ത്യയിലെ സൗദി കോൺസുലേറ്റ്, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിലെല്ലാം പരാതി നൽകി കാത്തിരിക്കുകയാണ് സൗദി പൗരൻ. ഇതിനിടെ ഷമീലിനെ അന്വേഷിച്ച് ഒരു പ്രാവശ്യം ഇബ്രാഹീം അൽ ഉതൈബി കേരളത്തിൽ അദ്ദേഹത്തിന്റെ വീട്ടിലും പോയിരുന്നു. എന്നാൽ എല്ലാ ഇടപാടുകളും ഉടൻ തന്നെ മടക്കി നൽകാം എന്ന ഷമീലിന്റെയും പിതാവിന്റെയും ഉറപ്പിന്മേൽ താൻ മടങ്ങിപ്പോരുകയായിരുന്നു എന്നും പിന്നീട് ഷമീലിനെ ബന്ധപ്പെട്ടപ്പോൾ അദ്ദേഹം തനിക്കെതിരെ നാട്ടിൽ കള്ളക്കേസ് നൽകിയതായി അറിയിച്ചതായും ഇബ്രാഹീം അൽ ഉതൈബി പറഞ്ഞു.

ഇന്ത്യയും സൗദിയും തമ്മിലുള്ള എല്ലാ ബന്ധങ്ങൾക്കും വിള്ളലേൽപ്പിക്കുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പാണ് ഷമീൽ നടത്തിയതെന്നും ഇതിന് ശേഷം തനിക്ക് ഇന്ത്യക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ഇബ്രാഹീം മുഹമ്മദ് മുഹൈസ അൽ ഉതൈബി അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ ഒരു തീരുമാനം ഉണ്ടായില്ലെങ്കിൽ ഇന്ത്യൻ അധികാരികളുടെ മുമ്പിൽ പരാതി സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. ഇരുവരും തമ്മിലുള്ള കരാറുകളുടെയും കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കോപ്പികൾ ഹാജരാക്കി ജിദ്ദയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നിലവിൽ ഇദ്ദേഹത്തിന്റെ ബിസിനസ് പാർട്ടണർമാരും മലയാളികളുമായ സുബൈർ വെള്ളക്കാടൻ, ഉമർ കോട്ടക്കൽ എന്നിവരും സംബന്ധിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.