റിയാദ്: തുർക്കിയയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയ സൗദി സുരക്ഷ സംഘം ദൗത്യം പൂർത്തിയാക്കി റിയാദിൽ തിരിച്ചെത്തി. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരം ദുരന്തഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യാപൃതരായ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന് കീഴിലുള്ള സൗദി സെർച്ച് ആൻഡ് റെസ്ക്യൂ ടീമാണ് വ്യാഴാഴ്ച തലസ്ഥാനത്ത് മടങ്ങിയെത്തിയത്.
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് അസ്സഊദിന്റെ നിർദേശപ്രകാരം ഭൂകമ്പബാധിതർക്ക് സുരക്ഷ സേന സഹായങ്ങൾ നൽകിയത്.
റിയാദിലെത്തിയ സംഘത്തെ ആഭ്യന്തര സുരക്ഷ സേന ആക്റ്റിങ് ഡയറക്ടർ ജനറൽ മേജർ ഡോ. ഹമൂദ് ബിൻ സുലൈമാൻ അൽ-ഫറജ്, സൗദി അറേബ്യയിലെ തുർക്കിയ അംബാസഡർ ഫാത്തിഹ് ഉലുസോയ്, കെ.എസ്. റിലീഫ് ഓപറേഷൻസ് അസിസ്റ്റൻറ് സൂപ്പർവൈസർ ജനറൽ എൻജി. അഹ്മദ് അൽ ബയാസ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ അഡ്വൈസറി ഗ്രൂപ്, പ്രാദേശിക അധികാരികൾ, തുർക്കിയ പ്രസിഡൻസി ഓഫ് ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെന്റ് എന്നിവയുമായി ഏകോപിച്ചാണ് സൗദി സംഘം തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയത്.
ഗാസിയാൻടെപ്, അന്തോക്യ, കഹ്റമൻമാരസ് എന്നീ മൂന്ന് തുർക്കിയ നഗരങ്ങളിലായി 47 സ്ഥലങ്ങളിലാണ് നിത്യേന 24 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം സൗദി സംഘം നടത്തിയത്. ആധുനിക സാങ്കേതികവിദ്യയുടെയും നൂതന ഉപകരങ്ങളുടെയും സഹായത്തോടെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിരവധി പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സംഘത്തിനായി.
അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചു. സുരക്ഷ സേന മടങ്ങിയെത്തിയെങ്കിലും നിരീക്ഷണ സംഘങ്ങളും ദുരിതബാധിതരെ സഹായിക്കുന്ന കിങ് സൽമാൻ റിലീഫ് അംഗങ്ങളും ഇപ്പോഴും തുർക്കിയയിൽ തുടരുകയാണ്.
അതിനിടെ സിറിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലുള്ളവർക്ക് ദുരിതാശ്വാസ സഹായം വിതരണം ചെയ്യുന്നതിനുള്ള സാധന സാമഗ്രികളുമായി 20 ട്രക്കുകൾ വ്യാഴാഴ്ച സൗദി അതിർത്തി കടന്ന് സിറിയയിൽ പ്രവേശിച്ചു. വെള്ളിയാഴ്ച 22 ട്രക്കുകൾകൂടി സിറിയയിലെത്തുമെന്ന് റിലീഫ് പ്രതിനിധി സംഘത്തിന്റെ തലവൻ ഫഹദ് അൽ ഒതൈമി പറഞ്ഞു.
തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പബാധിതരെ സഹായിക്കാൻ കിങ് സൽമാൻ റിലീഫ് ആരംഭിച്ച ജനകീയ കാമ്പയിൻ മുന്നേറുകയാണ്. ‘സാഹിം’ പ്ലാറ്റ്ഫോമിലൂടെ ലഭിച്ച സംഭാവന 44 കോടി റിയാൽ കവിഞ്ഞതായി അധികൃതർ വ്യക്തമാക്കി. 18 ലക്ഷത്തിലധികം പേരാണ് സംഭാവന നൽകിയത്. 43,000ത്തിലധികം പേരുടെ മരണത്തിനും ലക്ഷങ്ങളുടെ ദുരിതത്തിനുമിടയാക്കിയ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് സൗദിയിൽ നിന്നുള്ള സഹായങ്ങൾ ഇപ്പോഴും ഒഴുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.