യാംബു: പരിസ്ഥിതി സംരക്ഷണ പദ്ധതിയിൽ സൗദിയിലെ ബോയ് സ്കൗട്ട് സംഘത്തിലെ സന്നദ്ധ പ്രവർത്തകരുടെ സേവന പ്രവർത്തങ്ങൾ ശ്രദ്ധേയമാകുന്നു. ആരോഗ്യ സുരക്ഷ നടപടികൾ പൂർണമായും പാലിച്ച് പരിമിതിയിൽനിന്നുകൊണ്ടുള്ള സേവന പ്രവർത്തനങ്ങളാണ് സ്കൗട്ട് സംഘം ചെയ്യുന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികളുടെ ഈ കൂട്ടായ്മ ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ പ്രദേശിക അറബ് പത്രങ്ങൾ പ്രാധാന്യപൂർവം റിപ്പോർട്ട് ചെയ്തു. 'എെൻറ പരിസ്ഥിതി എെൻറ ഉത്തരവാദിത്തമാണ്' എന്ന ശീർഷകത്തിൽ നടക്കുന്ന ദേശീയ കാമ്പയിൻ മാർച്ച് 11 വരെ തുടരും. പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്ന വസ്തുക്കളുടെ നീക്കം ചെയ്യൽ, ചെങ്കടൽ തീരങ്ങളിൽ 'മാൻ ഗ്രോവ് ഫോറസ്റ്റ്' എന്നറിയപ്പെടുന്ന കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികൾ, വഴിയോരങ്ങളിലും പാർക്കുകളിലും മരം നടീൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ ചെയ്യുന്നത്. കോവിഡ് കാലത്ത് ആവശ്യക്കാർക്ക് ഭക്ഷണവും മരുന്നും എത്തിച്ചുകൊടുക്കാൻ ഈ വിദ്യാർഥി കൂട്ടായ്മ ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ നേരത്തെ അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സമ്പൂർണ ദേശീയ പരിവർത്തന പദ്ധതിയായ വിഷൻ 2030െൻറ ഭാഗമായി പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിെൻറ ഭാഗമായാണ് വിവിധ പരിപാടികൾ നടക്കുന്നതെന്ന് സ്കൗട്ടിങ് ഓർഗനൈസേഷെൻറ സേവന, കമ്യൂണിറ്റി വികസന കമീഷണർ അഹമ്മദ് അൽ അസീരി പറഞ്ഞു.
1961ലാണ് രാജ്യത്ത് സൗദി അറേബ്യൻ ബോയ് സ്കൗട്ട് അസോസിയേഷൻ (എസ്.എ.ബി.എസ്.എ) ഔദ്യോഗികമായി നിലവിൽ വന്നത്. അറബിയിൽ 'ജംഇയ്യതുൽ കാശാഫത്തുൽ അറബിയ' എന്ന പേരിലാണ് ഈ സംഘം അറിയപ്പെടുന്നത്. രാജ്യത്തിെൻറ വിവിധ മേഖലകളിലുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ കീഴിലെ വിദ്യാർഥികൾക്കിടയിൽ വൈവിധ്യമാർന്ന സേവന പ്രവർത്തനങ്ങളുമായി സ്കൗട്ട് സംഘം സജീവമാണ്.
വിവിധ രാജ്യങ്ങളിലെ വിദ്യാർഥികളും അവരുടെ രാജ്യങ്ങളുടെ പേരുകളിലും മറ്റും വിവിധ സ്കൗട്ട് യൂനിറ്റുകൾ രൂപവത്കരിച്ച് സേവനങ്ങൾ ചെയ്യുന്നുണ്ട്. ധൈര്യം, സ്വാശ്രയത്വം, സാഹോദര്യം, സേവനം എന്നിവയാണ് സ്കൗട്ട് സംഘങ്ങൾ മുന്നോട്ടുവെക്കുന്ന അടിസ്ഥാനപരമായ ആശയങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.