ജിദ്ദ: ഇന്ത്യൻ സമൂഹത്തിന്റെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുമെന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. പ്രവാസി സംസ്‌കാരിക വേദി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികൾ എല്ലാവരും തന്നെ ഇന്ന് മൊബൈൽ ഫോണുകളും വിവിധ തരം ആപ്പുകളും ഉപയോഗിക്കുന്നവരാകയാൽ, കോൺസുലേറ്റിൽ നിന്ന് അവർക്ക് വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് അനുയോജ്യമായ ആപ്പുകൾ ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാകുമെന്ന് മനസ്സിലാക്കുകയും, അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും ഉടൻ തന്നെ അത്തരം സേവനങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലഘട്ടത്തിൽ പ്രവാസി സംസ്‌കാരിക വേദി ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ സംഘടനകൾ നടത്തിയ സേവന പ്രവർത്തനങ്ങളെ കോൺസൽ ജനറൽ പ്രശംസിച്ചു. കോവിഡ് വ്യാപനം നടന്ന സമയത്ത് പ്രവാസി സാംസ്കാരിക വേദി നടത്തിയ സേവന പ്രവർത്തനങ്ങൾക്ക് കോൺസുലേറ്റിൽ നിന്ന് ലഭിച്ച ശക്തമായ പിന്തുണയ്ക്ക് പ്രധിനിധികൾ കോൺസൽ ജനറലിനോട് നന്ദി പറഞ്ഞു. കോൺസുലേറ്റ് നൽകിയ തിരിച്ചറിയൽ കാർഡുകൾ കർഫ്യൂ പ്രാബല്യത്തിലുള്ളപ്പോൾ പ്രവാസി വളന്റിയർമാർക്ക് വളരെയധികം ഉപയോഗപ്പെട്ടെന്നും അവർ അറിയിച്ചു.
ഇന്ത്യൻ സമൂഹത്തെ സേവിക്കുന്നതിൽ കോൺസുലേറ്റിന് പ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന ഏതാനും മേഖലകൾ പ്രവാസി പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. ഭാവിയിലും അത്തരം ക്രിയാത്മകമായ നിർദ്ദേശങ്ങൾ കൊണ്ടുവരണമെന്നും പ്രവാസി സാംസ്കാരിക വേദി പോലുള്ള കൂട്ടായ്മകളുടെ സേവനം എന്നും കോണ്സുലേറ്റിന് ആവശ്യമുണ്ടെന്നും കോൺസുൽ ജനറൽ പറഞ്ഞു.
പ്രവാസി സംസ്‌കാരിക് വേദി വെസ്റ്റേൺ പ്രവിശ്യ പ്രസിഡന്റ് അബ്ദുൾ റഹിം ഒതുക്കുങ്ങൽ കോൺസൽ ജനറലിനെ പൂച്ചെണ്ട് നൽകി ആദരിച്ചു. തബൂക് മേഖലയിൽ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള കമ്മിറ്റി ഫോർ കമ്മ്യൂണിറ്റി വെൽഫെയർ (സി.സി.ഡബ്ല്യു) അംഗം സിറാജ് എറണാകുളം, പ്രവാസി വെസ്റ്റേൺ പ്രവിശ്യ വെൽഫയർ വിങ് കോർഡിനേറ്റർ കെ.എം അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.