ആറാമത് 'ഭാവി നിക്ഷേപ ഉച്ചകോടിക്ക്' റിയാദിൽ തുടക്കം

റിയാദ്: മനുഷ്യത്വത്തിലൂന്നിയ നിക്ഷേപങ്ങളുടെയും പുതിയ ലോകക്രമം തയാറാക്കുന്നതിെൻറയും സാധ്യതകൾ ആരായുന്ന ആറാമത് 'ഭാവി നിക്ഷേപക സമ്മേളനത്തി'ന് റിയാദിൽ തുടക്കമായി. സൗദി അറേബ്യയയുടെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് സംഘാടിപ്പിക്കുന്ന ത്രിദിന ഉച്ചകോടി ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ലോകത്തിെൻറ പല ഭാഗങ്ങളിൽനിന്നെത്തിയ വിവിധ തുറകളിൽനിന്നുള്ള വിദഗ്ധർ പങ്കെടുക്കുന്ന പ്ലീനറി സെഷനുകളോടെയാണ് തുടക്കമായത്.

റിയാദിലെ റിട്ട്സ് കാൾട്ടൺ ഹോട്ടലിൽ 'മനുഷ്യത്വത്തിൽ നിക്ഷേപിക്കുക: ഒരു പുതിയ ആഗോള ക്രമം തയാറാക്കുക' എന്ന ശീർഷകത്തിൽ നടക്കുന്ന ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിലെ പ്ലീനറി സെഷനുകളിലും മറ്റ് സമ്മേളനങ്ങളിലുമായി ലോകത്തിലെ മുൻനിര തീരുമാനങ്ങൾ എടുക്കുന്നവർ, രാഷ്ട്ര നേതാക്കൾ, നയരൂപകർത്താക്കൾ, നിക്ഷേപകർ, സംരംഭകർ, ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാവി രൂപപ്പെടുത്താൻ ശ്രമിക്കുന്ന യുവ നേതാക്കൾ, ആക്ടിവിസ്റ്റുകൾ, നോബൽ സമ്മാനജേതാക്കൾ തുടങ്ങിയ 6,000-ത്തോളം പ്രഭാഷകർ പങ്കെടുക്കുന്നുണ്ട്. 



 


ചൊവ്വാഴ്ച രാവിലെ നടന്ന ആദ്യ പ്ലീനറി സെഷനിൽ ബാലവേലക്കെതിരെയും വിദ്യാഭ്യാസത്തിനുള്ള സാർവത്രിക അവകാശത്തിനുവേണ്ടിയും നിലകൊള്ളുന്ന ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവും സമാധാന നോബൽ സമ്മാന ജേതാവുമായ കൈലാസ് സത്യാർത്ഥി, ഭൂട്ടാൻ മുൻ പ്രധാനമന്ത്രിയും പരിസ്ഥിതി ആക്ടിവിസ്റ്റുമായ ഡാഷോ ഷെറിങ് ടോബ്ഗേ, സമാധാന നോബൽ സമ്മാന ജേതാവും സ്ത്രീ അവകാശ പ്രവർത്തകയുമായ ലെയ്മ റോബർട്ട ഗ്ബോവീ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

പോഷകാഹാരം മുതൽ വിദ്യാഭ്യാസം വരെ ജനങ്ങൾക്ക് തടസ്സമില്ലാതെ ലഭിക്കുന്ന ആഗോള സാഹചര്യമൊരുങ്ങണമെന്നും ഭാവി നിക്ഷേപങ്ങളും സാങ്കേതികവിദ്യയും അതിലൂന്നിയുള്ളതാവണമെന്നും ആ വിധം സമൂഹത്തെ സങ്കൽപ്പിക്കാനാവാത്ത വിധത്തിൽ പുനർനിർമിച്ചുകൊണ്ടാണ് പുതിയ ലോകക്രമം തയാറാക്കേണ്ടതെന്നും മൂവരും അഭിപ്രായപ്പെട്ടു.

രണ്ടാമത് പ്ലീനറി സെഷനിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി വീഡിയോ കോൺഫറൻസിലൂടെ ഉച്ചകോടിയെ അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മാനുഷിക, ഡിജിറ്റൽ പരിവർത്തന വിഷയങ്ങൾക്ക് പരിഗണന നൽകിയുള്ള നിക്ഷേപ സാധ്യതകളിലാണ് ഊന്നൽ നൽകുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു. 

റിയാദിൽ ആറാമത് ഭാവി നിക്ഷേപ ഉച്ചകോടിക്ക് തുടക്കം കുറിച്ച് നടന്ന ആദ്യ പ്ലീനറിൽ സെഷനിൽ ഇന്ത്യൻ ആക്ടിവിസ്റ്റും നോബേൽ സമ്മാന ജേതാവുമായ കൈലാസ് സത്യാർത്ഥി സംസാരിക്കുന്നു


 


സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് ഫോറത്തിന്റെ പ്രത്യേക യോഗത്തിൽ ആദ്യമായി ചർച്ച ചെയ്ത, ജീവിതത്തിലെ തങ്ങളുടെ മുൻഗണനകൾ എന്താണെന്ന് ജനങ്ങൾ വ്യക്തമാക്കുന്ന 'ഇപ്സോസ്' സർവേ ഫലം കൂടി മുന്നിൽവെച്ചുകൊണ്ടുള്ള ചർച്ചകളാണ് ആദ്യ ദിവസത്തെ പ്ലീനറി സെഷനുകളിൽ നടന്നത്.

ഡിജിറ്റൽ പരിവർത്തനം, നൂതനത, പരിസ്ഥിതി, സാമ്പത്തിക മുൻഗണനകൾ എന്നിവയിലൂന്നുന്ന പുതിയ ലോകക്രമം എങ്ങനെ രൂപപ്പെടുത്താമെന്നുള്ള ചർച്ചകളാണ് പ്ലീനറി സെഷനുകളിൽ ഉടനീളം നടക്കുന്നത്. ആഗോള നിക്ഷേപത്തിനായുള്ള പുതിയ പാതകൾ കണ്ടെത്തൽ, സുപ്രധാന വ്യവസായ പ്രവണതകളുടെ വിശകലനം, ഉച്ചകോടിയിൽ പങ്കെടുക്കുന്നവർക്കിടയിൽ ആശയവിനിമയത്തിനുള്ള സുസ്ഥിര ശൃംഖല സ്ഥാപിക്കൽ എന്നിവയാണ് ഉച്ചകോടിയുടെ പരമമായ ലക്ഷ്യങ്ങൾ.

മുബദല ഇൻവെസ്റ്റ്മെൻറ് കമ്പനി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഖലീഫ അൽ-മുബാറക്, ജെ.പി മോർഗാൻ ചേസ് കമ്പനി ചെയർമാനും സി.ഇ.ഒയുമായ ജാമി ഡിമോൺ, എൻജി കമ്പനി സി.ഇ.ഒ കാതറിൻ മാക്ഗ്രെഗർ, എച്ച്.എസ്.ബി.സി ഗ്രൂപ്പ് സി.ഇ.ഒ നോയൽ ക്യുൻ, ഗോൾഡ്മാൻ സാച്ചെ ചെയർമാനും സി.ഇ.ഒയുമായ ഡേവി സോളമൻ തുടങ്ങിയവരും ആദ്യ ദിവസത്തെ പ്ലീനറി സെഷനുകളിലെ വിവിധ ചർച്ചകളിൽ പങ്കാളിയായി. 

രണ്ടാമത് പ്ലീനറി സെഷനെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി വിഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നു


 


രണ്ടാം ദിവസമായ നാളത്തെ (ബുധനാഴ്ച) പ്ലീനറി സെഷനുകളിലൊന്നിൽ മാധ്യമ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് സംസാരിക്കും. ഉച്ചകോടി സംബന്ധിച്ച വിശദാംശങ്ങൾ ലോകത്തിെൻറ നാനാദിക്കുകളിലുമെത്തിക്കാൻ ഔദ്യോഗികമായി നിയമിതരായ എട്ട് അന്താരാഷ്ട്ര മാധ്യമ പങ്കാളികളിലൊന്നായി മീഡിയവൺ ചാനലുമുണ്ട്. വ്യാഴാഴ്ച ഉച്ചകോടി സമാപിക്കും.


Tags:    
News Summary - The sixth 'Future Investment Summit' kicks off in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.