യാംബു: ആരോഗ്യ സംരക്ഷണത്തിനുള്ള മുൻകരുതൽ നടപടികൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ യാംബു മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗത്തിെൻറ നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കി. ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ ചില സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതായും വിവിധ ഭാഗങ്ങളിലുള്ള ഏഴു സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കമുള്ള നടപടി സ്വീകരിച്ചതായും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഇവയിൽ ചിലത് കോവിഡ് പ്രോട്ടോകോൾ ചട്ടങ്ങൾ ലംഘിച്ചതിനും മറ്റു ചിലതിന് ആരോഗ്യ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് നടപടി.
പരിശോധനയിൽ രണ്ടു സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനും മറ്റു ചിലതിന് ലൈസൻസ് പുതുക്കാഞ്ഞതിനും പിഴ ചുമത്തിയിട്ടുണ്ട്. പെർമിറ്റില്ലാതെ പ്രവർത്തിച്ച ഒരു വെയർഹൗസും അധികൃതർ കഴിഞ്ഞ ദിവസം അടപ്പിച്ചു.
സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ താപനില പരിശോധിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും സൗകര്യമില്ലാത്തതും പരിശോധനയിൽ നിരീക്ഷിക്കുന്നുണ്ട്. അതുപോലെ സാമൂഹിക അകലം പാലിക്കാതെ കടകളിലും പരിസരങ്ങളിലും ഉപഭോക്താക്കൾ കൂടിനിൽക്കുന്നതും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതും പിഴയൊടുക്കാൻ ഹേതുവാകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ആരോഗ്യ സുരക്ഷനിയമ നടപടികളിൽ വീഴ്ചവരുത്തുന്നത് ശ്രദ്ധയിൽപെട്ടാൽ 940 എന്ന ഫോൺ നമ്പറിൽ വിളിച്ചറിയിക്കാനും പരമാവധി ആരോഗ്യ സുരക്ഷ നടപടികൾ പാലിക്കുന്നതിൽ എല്ലാവരും ഏറെ ജാഗ്രത കാണിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതർ പൊതുജനങ്ങളെ ആവർത്തിച്ച് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.