ജിദ്ദ- സൗദിയിലെ പ്രവാസികൾ ഒരു വർഷത്തിലധികമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന യാത്രാ പ്രതിസന്ധിക്ക് ഉടൻ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നേരിട്ട് ഇന്ത്യയില്‍ നിന്ന് സൗദിയിലെത്തുന്നതിന് അനുമതി നല്‍കണമെന്ന് സൗദി ആരോഗ്യ, വ്യോമയാന മന്ത്രാലയത്തോടും മറ്റു ബന്ധപ്പെട്ട അധികൃതരോടും ആവശ്യപ്പെട്ടതായും ഇക്കാര്യം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായും അംബാസഡർ അറിയിച്ചു.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ നിന്നും ഇഷ്യൂ ചെയ്യുന്ന വാക്സിൻ സർട്ടിഫിക്കറ്റ് സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയ വെബിലും മുഖീം പോർട്ടലിലും അപലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്നങ്ങൾ നേരിടുന്ന കാര്യം സൗദി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
നിയമപരമായ മറ്റു തടസങ്ങള്‍ ഒന്നും ഇല്ലാത്ത ഹുറൂബ് ആയവര്‍ക്കും താമസരേഖ കാലാവധി കഴിഞ്ഞവർക്കും ഫൈനൽ എക്‌സിറ്റ് ലഭിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ റിയാദ് എംബസിയിലും ജിദ്ദ കോണ്സുലേറ്റിലും തുടരുന്നുണ്ട്. അര്‍ഹരായ ആളുകൾക്ക് എംബസിയെയും കോണ്സുലേറ്റിനെയും സമീപിക്കാവുന്നതാണെന്നും അംബാസഡര്‍ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മറ്റും ഇന്ത്യയും സൗദിയും പരസ്പരം മികച്ച രീതിയിലുള്ള സഹകരണമാണ് തുടരുന്നത്. ഇന്ത്യയില്‍നിന്ന് ഇതിനോടകം 5.5 മില്യന്‍ കോവിഡ് വാക്‌സിൻ സൗദിയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ സൗദിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ സഹകരണം തുടരുന്നതായും അംബാസഡർ പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്യ്ര ദിനത്തിെൻറയും ഇന്ത്യ-സൗദി നയതന്ത്ര ബന്ധത്തിെൻറയും 75ാം വാര്‍ഷിക ആഘോഷ പരിപാടികള്‍ അടുത്ത രണ്ടു വർഷങ്ങളിലായി സംഘടിപ്പിക്കുമെന്ന് അംബാസഡര്‍ പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഇരു രാജ്യങ്ങളുടെയും വിവിധ സാംസ്‌കാരിക, സാഹിത്യ, കല, കായിക പരിപാടികൾ സംഘടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിന് മുന്നോടിയായി സൗദി ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നു. ഇതേപ്രകാരം ഇരു രാജ്യങ്ങളുടെയും ഫുട്‌ബോള്‍ ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളും സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി അംബാസഡർ പറഞ്ഞു.
സൗദിയില്‍ യോഗ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പരിപാടികളും നടപ്പാക്കി വരികയാണ്. ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രം ഒപ്പുവെച്ചു കഴിഞ്ഞു. വിദ്യാഭ്യാസ, വാണിജ്യ വിനോദ സഞ്ചാര മേഖലകളിലും പരസ്പര സഹകരണം ശക്തമാക്കി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, വിവിധ കോണ്‍സല്‍മാര്‍, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.