മക്ക: ഉംറ നിർവഹിക്കാനായി മക്കയിലെത്തി അസുഖ ബാധിതയായി മക്ക കിങ് ഫൈസല്‍ ആശുപത്രിയിൽ ചികിത്സയിലിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സുലൈഖ ബീവിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഒക്ടോബര്‍ ആദ്യവാരം സ്വകാര്യ ഗ്രൂപ്പിൽ മക്കയിലെത്തി ആദ്യ ഉംറ നിര്‍വഹിച്ച ശേഷം റൂമില്‍ എത്തിയതിനു പിന്നാലെ ബോധരഹിതയാവുകയായിരുന്നു. അജ്യാദ് എമര്‍ജന്‍സി ആശുപത്രിയിലും തുടർന്ന് കിങ് ഫൈസല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും വാർഡിലുമായി ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു.
രോഗത്തിന് അൽപം ശമനമായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയ ഉടൻ ദമ്മാമില്‍ നിന്നെത്തിയ ബന്ധു അനസിന്റെ കൂടെ ഇവരെ ജിദ്ദയില്‍നിന്ന് കൊച്ചിയിലേക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കയറ്റി അയക്കുകയായിരുന്നു. ഇവരുടെ യാത്ര, ആശുപത്രിയിലെ ചികിത്സ, മറ്റു രേഖകൾ എന്നിവയുടെ ഏകോപനം നിർവഹിക്കുന്നതിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ അംഗവും സൗദി ഇന്ത്യൻ ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി നേതൃത്വം നൽകി.
തങ്ങളുടെ കൂടെ ഉംറക്കെത്തി രോഗികളാവുന്ന ആളുകളുടെ പരിചരണത്തില്‍ ഉംറ ഗ്രൂപ്പുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും തിരികെ നാട്ടിലേക്കുള്ള യാത്രയുടെ ടിക്കറ്റ്, മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കണമെന്നും ഇതിന്റെ ഏകോപനത്തിനായി മെഡിക്കല്‍ കോഓഡിനേറ്റര്‍ സംവിധാനം കൊണ്ടുവരുകയും വേണമെന്ന് ഷമീം നരിക്കുനി അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിഹാരം കാണാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, റിയാദ് ഇന്ത്യൻ എംബസി, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം എന്നിവയിലേക്ക് അദ്ദേഹം പരാതി അയച്ചതായും അറിയിച്ചു.
ഉംറക്ക് വരുന്ന രോഗികളായ ആളുകൾ ഒരു മാസത്തേക്കുള്ള മരുന്നുകൾ കൈവശം വെക്കുക, സഹായത്തിനു അടുത്ത ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരുടെ കൂടെ മാത്രം യാത്ര തീരുമാനിക്കുക, തനിയെ ഉള്ള യാത്ര ഒഴിവാക്കുക, മെഡിക്കൽ സഹായം വേണ്ട സമയത്ത് ഗ്രൂപ് അമീർ, മറ്റുള്ളവർ എന്നിവരുടെ സഹായം ഉടൻ തേടുക തുടങ്ങിയ കാര്യങ്ങൾ ഷമീം നരിക്കുനി ഉംറ തീർഥാടകരോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.