റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിൽനിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനമില്ലാത്തത് യാത്രക്കാരുടെ ദുരിതമേറ്റുന്നു. ഇതുകാരണം നിരവധി പ്രവാസികളായ രോഗികളാണ് ദുരിതം പേറി യാത്രചെയ്യുന്നത്. തിരുവനന്തപുരത്തേക്ക് റിയാദിൽനിന്ന് ഒരു വിമാനക്കമ്പനിയുടെയും വിമാനങ്ങൾ നേരിട്ടില്ല എന്നത് പ്രവാസികളെ വലക്കുന്നുണ്ട്.
ജോലിക്കിടയിലും അല്ലാതെയും പെട്ടെന്ന് സംഭവിക്കുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്ന പ്രവാസികളായ രോഗികളെ തുടർചികിത്സക്കായി നാട്ടിലേക്ക് അയക്കാൻ ഇതുകാരണം സാമൂഹിക പ്രവർത്തകർ വലയുന്നതായി പരാതിയുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലക്കാരെ കൂടാതെ തമിഴ്നാട്ടിലെ തെക്കുഭാഗത്തെ നിരവധി ജില്ലകളിലെയും പ്രവാസികളുടെ ആശ്രയമാണ് തിരുവനന്തപുരം വിമാനത്താവളം. ഈ ഭാഗത്തേക്കുള്ള യാത്രക്കാർ ഇപ്പോൾ മറ്റുപല വിമാനത്താവളങ്ങളിലുമാണ് ഇറങ്ങുന്നത്.
സാധാരണ യാത്രക്കാർക്ക് സാധ്യമാകുമെങ്കിലും സ്ട്രെച്ചർ രോഗികൾക്ക് ഈ യാത്രകൾ ഏറെ ദുഷ്കരമാണ്. സ്ട്രെച്ചറിലും വീൽചെയറിലും യാത്രചെയ്യേണ്ടിവരുന്ന രോഗികൾ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഇത് രോഗികൾക്കും സഹായിയായി കൂടെ യാത്ര ചെയ്യുന്നവർക്കും സാമൂഹിക പ്രവർത്തകർക്കും ഏറെ പ്രയാസം നിറഞ്ഞതാണ്.
ഇതിന് പരിഹാരം ആവശ്യപ്പെട്ട് പല സംഘടനകളും കേന്ദ്രമന്ത്രിമാർക്കും സംസ്ഥാന സർക്കാറുകൾക്കും നിരവധി തവണ അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് സാമൂഹിക പ്രവർത്തകൻ അസ്ലം പാലത്ത് പറഞ്ഞു. ഇതിന് പരിഹാരം കാണുന്നതിന് വിവിധ വകുപ്പുകൾക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.