ജിദ്ദ: ജിദ്ദ ഇസ്ലാമിക് പോർട്ടിൽ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഏരിയ സ്ഥാപിക്കാനായി സൗദി തുറമുഖ അതോറിറ്റിയും (മവാനി) സൗദി മെർസക് കമ്പനിയും കരാർ ഒപ്പുവെച്ചു. ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയും അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് ബിൻ നാസർ അൽജാസർ, ഗതാഗത-ലോജിസ്റ്റിക്സ് സംവിധാനത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട അധികാരികൾ എന്നിവരുടെ സാന്നിധ്യത്തിൽ തുറമുഖ അതോറിറ്റി ചെയർമാൻ ഉമർ ബിൻ തലാൽ ഹരീരിയും സൗദി മെർസക് ജനറൽ മാനേജർ മുഹമ്മദ് ശിഹാബും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.
കരാർ പ്രകാരം 'മവാനി'യുടെ സഹകരണത്തോടെ 500 ദശലക്ഷം സൗദി റിയാലിൽ അധികം നിക്ഷേപമൂല്യമുള്ള സമ്പൂർണ ലോജിസ്റ്റിക്സ് സോൺ ജിദ്ദ ഇസ്ലാമിക് പോർട്ടിൽ സ്ഥാപിക്കും. ഗതാഗത, ലോജിസ്റ്റിക്സ് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് കരാർ വരുന്നതെന്ന് ഗതാഗതമന്ത്രി വിശദീകരിച്ചു. ആഗോള ലോജിസ്റ്റിക്സ് കേന്ദ്രം എന്നനിലയിലും അന്താരാഷ്ട്ര വ്യാപാര ലൈനുകൾ തമ്മിലുള്ള പ്രധാന ബന്ധമെന്ന നിലയിലും രാജ്യത്തിെൻറ സ്ഥാനം ശക്തിപ്പെടുത്തും.
പുതിയ ലോജിസ്റ്റിക്സ് സോൺ രാജ്യത്തെ ലോജിസ്റ്റിക് വ്യവസായത്തിെൻറ വളർച്ചയെ പിന്തുണക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. മൂന്നു ഭൂഖണ്ഡങ്ങളുടെ മധ്യത്തിലുള്ള ഒരു കേന്ദ്ര പ്രദേശമായിരിക്കും ഇൗ ഏരിയ. സാമ്പത്തിക, വികസന പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിനും രാജ്യത്തെ എണ്ണയിതര കയറ്റുമതിയുടെ വിഹിതം 50 ശതമാനം വർധിപ്പിക്കുന്നതിനും ലോജിസ്റ്റിക്സ് മേഖല ഗണ്യമായ സംഭാവന നൽകുമെന്നും ചൂണ്ടിക്കാട്ടി. ലോജിസ്റ്റിക്സ് മേഖലയിൽ 2500 തൊഴിലവസരങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ടാക്കും. ജിദ്ദ ഇസ്ലാമിക് പോർട്ടിെൻറ മികച്ച പ്രവർത്തനശേഷിയും ഉപഭോക്താക്കൾക്ക് നൽകുന്ന മൂല്യവർധിത സേവനങ്ങളും വലിയ ലോജിസ്റ്റിക്സ് ഏരിയ സ്ഥാപിക്കുന്നതിലൂടെ വർധിക്കുമെന്ന് പോർട്ട് ചെയർമാൻ പറഞ്ഞു.
2030ഒാടെ ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ മികച്ച 10 തുറമുഖങ്ങളിൽ ഒന്നാക്കി മാറ്റാനുള്ള സുപ്രധാന ചുവടുെവപ്പാണ് ഈ കരാർ. വെയർഹൗസിങ്, സോർട്ടിങ്, അസംബ്ലി, കോൾഡ് സപ്ലൈ സൊലൂഷനുകൾ, ഇ-കോമേഴ്സ് സപ്ലൈസ്, മൂല്യവർധിത സേവനങ്ങൾ, സോഴ്സിങ്, വിതരണം എന്നിവയുൾപ്പെടെ വിവിധ സേവനങ്ങൾ ലോജിസ്റ്റിക്സ് ഏരിയ നൽകുമെന്നും പോർട്ട് ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.