റിയാദ്: സൗദി അറേബ്യയിൽ ഇതുവരെ ‘മങ്കി പോക്സ് - ടൈപ് വൺ’ വൈറസ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള പൊതു ആരോഗ്യ അതോറിറ്റി (വിഖായ) അറിയിച്ചു. ആഗോളതലത്തിൽ വൈറസിന്റെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അതോറിറ്റിയുടെ പ്രസ്താവന. രാജ്യത്തെ ആരോഗ്യസംവിധാനം ശക്തവും ഫലപ്രദവുമാണെന്നും ഇത് വിവിധ ആരോഗ്യ അപകടങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തമാണെന്നും അതോറിറ്റി വ്യക്തമാക്കി.
സ്വദേശികളും വിദേശികളുമായി രാജ്യത്തുള്ള മുഴുവനാളുകളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന തരത്തിൽ ഈ വൈറസിനെതിരെ ശക്തമായ നിരീക്ഷണവും പ്രതിരോധ നടപടികളും കൈക്കൊണ്ടിരിക്കുകയാണ്. വൈറസിനെയും അതിന്റെ വ്യാപനത്തെയും ശക്തമായി നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗബാധ കണ്ടെത്തിയാൽ തന്നെ അതിന്റെ വ്യാപനം പരിമിതപ്പെടുത്താനും പ്രതിരോധത്തിനും ജനങ്ങൾക്കിടയിൽ ബോധവത്കരണത്തിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ ഈ രോഗം സംബന്ധിച്ച് ഊഹാപോഹങ്ങളിൽ വിശ്വസിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രമെ സ്വീകരിക്കാവൂ. കിംവദന്തികൾ വിശ്വസിക്കരുത്. വിശ്വസനീയമല്ലാത്ത ഉറവിടങ്ങളെ പിന്തുടരരുത്. ആരോഗ്യകരമായ പെരുമാറ്റങ്ങൾ പിന്തുടരണം. മങ്കി പോക്സ് വൈറസ് (എം പോക്സ്) പൊട്ടിപ്പുറപ്പെടുകയോ വ്യാപിക്കുകയോ ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും രാജ്യവാസികൾക്ക് അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.