റിയാദ്: തിരുവനന്തപുരം-റിയാദ് റൂട്ടിൽ പ്രവാസികൾ വർഷങ്ങളായി നേരിട്ടിരുന്ന യാത്രാദുരിതത്തിന് അറുതിയാവുന്നു. എയർ ഇന്ത്യ എക്സ്പ്രസ് തിരുവന്തപുരത്തുനിന്ന് റിയാദിലേക്കും തിരിച്ചും നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നു. സെപ്റ്റംബർ ഒമ്പത് മുതലാണ് സർവിസിന് തുടക്കം. അന്ന് വൈകീട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരുന്ന ഐ.എക്സ് 522ാം നമ്പർ വിമാനം രാത്രി 10.40ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. അന്ന് രാത്രി 11.40ന് തിരിച്ചും പറക്കും. പിറ്റേന്ന് രാവിലെ 7.30ന് തിരുവനന്തപുരത്തെത്തും.
ആഴ്ചയിൽ ഒന്നെന്ന നിലയിൽ എല്ലാ തിങ്കളാഴ്ചയുമാണ് സർവിസ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴയുടെയും കോട്ടയത്തിെൻറയും തെക്കൻ ഭാഗങ്ങൾ, അയൽ സംസ്ഥാനത്തെ കന്യാകുമാരി, തിരുന്നൽവേലി, ചെങ്കോട്ട, തെങ്കാശ്ശി, തൂത്തുക്കുടി, മധുര, രാമനാഥപുരം തുടങ്ങിയ ജില്ലകൾ എന്നിവിടങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസ വാർത്തയാണിത്. നിലവിൽ നേരിട്ടുള്ള വിമാനമില്ലാത്തതിനാൽ പല വഴി പല രാജ്യങ്ങൾ ചുറ്റിയുള്ള വിമാനങ്ങളെയാണ് ഈ പ്രവാസി ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. വെറും അഞ്ച് മണിക്കൂറിെൻറ ദൂരം ഏഴും എട്ടും ചിലപ്പോൾ 12ഉം 15ഉം മണിക്കൂർ വരെ എടുത്താണ് ലക്ഷ്യത്തിലെത്താൻ കഴിയുന്നത്. എയർ ഇന്ത്യ എക്സ്പ്രസിെൻറ നേരിട്ടുള്ള സർവിസ് വരുന്നതോടെ ഈ ദുരിതത്തിന് ഒരു പരിധിവരെ അറുതിയാവും.
നേരത്തെ എയർ ഇന്ത്യയും സൗദി എയർലൈൻസും തിരുവനന്തപുരം-റിയാദ് സെക്ടറിൽ നേരിട്ട് സർവിസ് നടത്തിയിരുന്നു. മതിയായ യാത്രക്കാരില്ല എന്ന കാരണത്താൽ സൗദി എയർലൈൻസ് പിന്നീട് സർവിസ് നിർത്തിവെച്ചു. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് എയർ ഇന്ത്യയും സർവിസ് മതിയാക്കി. അതോടെ തിരുവന്തപുരത്തേക്ക് നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാതെയായി. അഞ്ച് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് നേരിട്ടുള്ള വിമാനമെന്ന ആശ്വാസം തെക്കൻ കേരളത്തിലെയും തെക്കൻ തമിഴ്നാട്ടിലെയും പ്രവാസികൾകൾക്ക് ലഭിക്കുന്നത്.
റിയാദിൽനിന്ന് പുറപ്പെടുന്ന ഒരു യാത്രക്കാരൻ കൊളംബോ, ദോഹ, മനാമ, ഷാർജ, അബൂദാബി, ദുബൈ, കുവൈത്ത്, മസ്ക്കത്ത്, മുംബൈ തുടങ്ങിയ ഏതെങ്കിലും ഒരു വിമാനത്താവളത്തിൽ ഇറങ്ങി മണിക്കൂറുകൾ കാത്തിരുന്ന് അടുത്ത വിമാനം പിടിച്ച് തിരുവനന്തപുരത്ത് എത്തേണ്ട ദുഷ്കരമായ സ്ഥിതിയാണ് നിലവിലുള്ളത്. അഞ്ച് മണിക്കൂറിെൻറ ദൂരം അങ്ങനെ 15 മണിക്കൂർ വരെ നീണ്ട് അടിമുടി ദുരിതമയമായി തീരാറുണ്ട്. തീർത്തും ദുഷ്കരമായ യാത്രക്ക് അറുതിയാകുന്നതാണ് പുതിയ തീരുമാനമെന്ന് റിയാദിലെ ട്രാവൽ കൺസൽട്ടൻറ് യൂനസ് പറഞ്ഞു.
മുമ്പ് എയർ ഇന്ത്യ സർവിസ് നടത്തിയിരുന്ന കാലത്ത് ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ ഉണ്ടായിരുന്ന. ഇപ്പോൾ ഒന്നിെൻറ കാര്യമേ പറയുന്നുള്ളൂ. ഭാവിയിൽ എണ്ണം കൂടിയേക്കാം. യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായാൽ സർവിസ് വർദ്ധിപ്പിക്കുന്ന കാര്യം എയർ ഇന്ത്യ എക്സ്പ്രസ് ആലോചിച്ചേക്കുമെന്ന് ഫ്ലൈവേ ട്രാവൽ ആൻഡ് ടൂറിസം ഓപ്പറേഷൻ മാനേജർ ഒ.ടി. നിസാം പറഞ്ഞു. അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികൾ സമയത്ത് എത്താൻ കഴിയാത്തതും വീൽ ചെയറിലും സ്ട്രച്ചറിലും യാത്ര ചെയ്യുന്നവർക്ക് വിമാനങ്ങൾ മാറിമാറി കയറേണ്ട ദുരവസ്ഥക്കും താത്കാലിക പരിഹാരമാകുമെന്ന് ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസം സി.ഇ.ഒ ഹനീഫ അഭിപ്രായപ്പെട്ടു.
ആഴ്ചയിൽ ഒരു ദിവസം ആണെങ്കിലും നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നതോടെ മൃതദേഹങ്ങൾ കണക്ഷൻ ഫ്‌ളൈറ്റുകളുടെ അനാസ്ഥ മൂലമോ അല്ലെങ്കിൽ സർവിസ് വൈകിയോ മറ്റ് രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് എയർപോർട്ടുകളിലും കുടുങ്ങി സമയത്ത് ബന്ധുക്കൾക്ക് ലഭിക്കാത്ത പ്രശ്നങ്ങളുണ്ടാവുന്നതിന് പരിഹാരമാകുമെന്ന് ഫ്ലൈയിംഗോ ട്രാവൽസ് ആൻഡ് ടൂറിസം മാനേജർ സാബിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.