മനാമ: തലച്ചോറിൽ മരക്കഷണം തുളച്ചുകയറി മാരകമായി പരിക്കേറ്റ 40കാരന് 'പുനർജന്മം'. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയക്കൊടുവിലാണ് ജീവൻ തിരിച്ചുകിട്ടിയത്.
കാർ പാർക്ക് ചെയ്യുന്നതിനിടെ അടുത്തെത്തിയ ഒരാൾ മരക്കഷണം കൊണ്ട് ഇയാളെ ആക്രമിക്കുകയായിരുന്നു. ആക്രമിക്കാൻ ഉപയോഗിച്ച മരക്കഷണത്തിെൻറ ഒരു ഭാഗം തലച്ചോറിൽ തുളഞ്ഞുകയറി. ഗുരുതരാവസ്ഥയിലായ ഇയാളെ ഉടൻതന്നെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് സി.ടി സ്കാൻ പരിശോധനക്ക് വിധേയമാക്കി.
തലച്ചോറിൽ അഞ്ച് സെൻറി മീറ്റർ ആഴത്തിൽ മരക്കഷണം തറച്ചുകയറിയതായി പരിശോധനയിൽ കണ്ടെത്തി. വൈകാതെ തന്നെ ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിേധയനാക്കി. ആശുപത്രിയിലെ കൺസൾട്ടൻറ് ഡോ. ജോസഫ് രവീന്ദ്രൻ, ഡോ. മുഹമ്മദ് ജവാദ്, ഡോ. മിനാ മൈക്കേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ന്യൂറോ സർജറി സംഘം നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ തലയോട്ടി 3-4 സെൻറീമീറ്റർ നീളത്തിൽ തുരന്നാണ് മരക്കഷണം പുറത്തെടുത്തത്.
ഏതാനും ദിവസത്തിനുശേഷം ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് രോഗിയെ ഡിസ്ചാർജ് ചെയ്തു. ആശുപത്രിയിലെ വിദഗ്ധ സംഘം കൈവരിച്ച നേട്ടത്തെ സി.ഇ.ഒ ഡോ. അഹ്മദ് അൽ അൻസാരി പ്രകീർത്തിച്ചു. ഏറ്റവും മികച്ച രീതിയിൽ ശസ്ത്രക്രിയകൾ നടത്താൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് സജ്ജമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.