മദീന: മസ്ജിദുന്നബവിയിലെത്തുന്നവർ പള്ളിയിൽ സേവനത്തിലേർപ്പെട്ട ഉദ്യോഗസ്ഥരുമായും സുരക്ഷ സംവിധാനങ്ങളുമായും സഹകരിക്കണമെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആവശ്യപ്പെട്ടു.
മസ്ജിദുന്നബവിയിൽ ഇശാഅ് നമസ്കാര ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുരക്ഷ ഉദ്യോഗസ്ഥർ പള്ളിയിലെത്തുന്നവരുടെ സുരക്ഷക്കായി വലിയ ശ്രമങ്ങളാണ് നടത്തുന്നത്.
ബന്ധപ്പെട്ട അധികാരികളുടെ നിർദേശങ്ങൾ നമ്മൾ പാലിക്കണം. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരാധനകൾ നടത്തുന്നതിന് ഇത് ആവശ്യമാണ്. ഇരുഹറമുകളുടെ സന്ദേശം ലോകത്തെത്തിക്കാനും തീർഥാടകരുടേയും സന്ദർശകരുടേയും അനുഭവം സമ്പന്നമാക്കാനും ഭരണകൂടം അതീവ ശ്രദ്ധയാണ് ചെലുത്തുന്നത്.
നന്മയുടെയും അനുഗ്രഹങ്ങളുടെയും ഖുർആന്റെയും അനുഗ്രഹീത മാസത്തെ വരവേൽക്കാനായതിൽ നാം നന്ദി രേഖപ്പെടുത്തേണ്ടതുണ്ട്. എല്ലാവരുടെയും വ്രതവും പ്രാർഥനകളും സൽകർമങ്ങളും സ്വീകരിക്കട്ടെയെന്നും മുസ്ലിം സമൂഹത്തിനും അനുഗ്രഹീത രാജ്യത്തിനും ഈ അവസരത്തിൽ നന്മകളും സന്തോഷവുമുണ്ടാകട്ടെയെന്നും സുദൈസ് പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.