ദമ്മാം: ഒരേയൊരു തവണ മാത്രം സന്ദർശനം നടത്തി മടങ്ങിയ ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിനെ ഇന്നും മറക്കാനാവാതെ ദമ്മാം ഓർമകളിൽ ചേർത്തുപിടിക്കുന്നു. കേവലം രണ്ടു ദിവസം മാത്രം നീണ്ടുനിന്ന സന്ദർശനത്തിൽ മിനിറ്റുകൾ പോലും വിശ്രമത്തിന് വിട്ടുകൊടുക്കാതെ തെന്ന സ്നേഹിക്കുന്നവരുടെ ക്ഷണം സ്വീകരിച്ച് പുഞ്ചിരിയോടെ കയറിച്ചെന്ന ഈ നേതാവിനെ എങ്ങനെയാണ് മറക്കാൻ കഴിയുകയെന്നാണ് ദമ്മാമിലെ പ്രവാസി സമൂഹം ചോദിക്കുന്നത്.
വ്യത്യസ്തമായ 12ഓളം പരിപാടികളിലാണ് അന്ന് ഉമ്മൻ ചാണ്ടി പങ്കെടുത്തത്. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് പി.എം. നജീബിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ദമ്മാമിലെത്തിയത്. കെ.സി. ജോസഫ് എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. അന്ന് ഉമ്മൻ ചാണ്ടി പങ്കെടുത്ത പരിപാടികളിലേക്ക് രാഷ്ട്രീയഭേദമന്യേ ഒഴുകിയെത്തിയ ജനത്തെ കണ്ട് അറബ് മാധ്യമങ്ങൾ സഹിതം വലിയ വാർത്താപ്രാധാന്യം നൽകിയിരുന്നു.
സാധാരണ പ്രവാസികളെ കാണാനും കേൾക്കാനും അന്നദ്ദേഹം കാണിച്ച താൽപര്യം പ്രവാസികൾക്ക് അദ്ദേഹത്തെ കൂടുതൽ പ്രിയമുള്ളതാക്കി. അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫിൽപെട്ട ശിവദാസനെ തന്നെ പ്രവാസികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ഏൽപിച്ചിരുന്നു. പ്രവാസികളുടെ പുനരധിവാസ പരിപാടികളെക്കുറിച്ചാണ് അന്ന് ഏറെ സംസാരിച്ചത്. തുടങ്ങിവെച്ച പല ആശയങ്ങളും ഒ.ഐ.സി.സി ഗ്ലോബൽ വക്താവ് മൻസൂർ പള്ളൂരിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാവുകയും ഇന്നും ഗരിമയോടെ നിലനിൽക്കുകയും ചെയ്യുന്നു. മരണത്തിന്റെ വാൾത്തലപ്പിൽനിന്ന് അദ്ദേഹത്തിന്റെ ഇടപെടലിൽ മാത്രം രക്ഷപ്പെട്ടത് നിരവധി പേരാണ്.
ഇറാഖിൽ കുടുങ്ങിയ നഴ്സുമാരെ പ്രത്യേക വിമാനം അയച്ച് നാട്ടിലെത്തിക്കുന്നതിനായി നടത്തിയ ഇടപെടലുകളും കേന്ദ്രസർക്കാർ വിമാനം അയച്ചതുമൂലം അതിനായി വകയിരുത്തിയ തുക പാഴാക്കാതെ ജോലി നഷ്ടമായി മടങ്ങിയെത്തിയ നഴ്സുമാർക്ക് ആശ്വാസ സഹായധനമായി അനുവദിച്ചതും ഉമ്മൻ ചാണ്ടിയെന്ന പച്ചയായ മനുഷ്യന്റെ കരുതലായിരുന്നു. കൂടാതെ തൊഴിൽ നഷ്ടപ്പെട്ട നഴ്സുമാരടക്കമുള്ളവർക്ക് ജോലി ലഭിക്കാൻ പ്രത്യേക തൊഴിൽമേള നോർക്ക സംഘടിപ്പിച്ചതും ഉമ്മൻ ചാണ്ടിയുടെ താൽപര്യപ്രകാരമായിരുന്നു.
ജനകീയ വിഷയങ്ങളിൽ എന്നും പുഞ്ചിരിയോടെ മാത്രം ഇടപെടുന്ന ഒരു നേതാവിനെ ഉമ്മൻ ചാണ്ടിയിലാണ് കാണാൻ സാധിക്കുന്നതെന്ന് മൻസൂർ പള്ളൂർ പറഞ്ഞു. യുവതലമുറയിലെ രാഷ്ട്രീയപ്രവർത്തകർ മാതൃകയാക്കേണ്ട പ്രവർത്തന ശൈലിയാണ് ഉമ്മൻ ചാണ്ടിയുടേതെന്നും അദ്ദേഹത്തിന്റെ വിയോഗം കേരളത്തിനും കോൺഗ്രസ് പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണെന്നും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കൂടിയായ ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല
അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.