മദീന: പ്രവാചക നഗരിയായ മദീനയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന രണ്ടാമത്തെ പള്ളിയായ മസ്ജിദുല്‍ ഖുബക്കും മസ്ജിദുന്നബവിക്കും ഇടയിൽ പണി പൂർത്തിയായ നടപ്പാത സന്ദർശകരെ ആകർഷിക്കുന്നു. റോഡിനിരുവശവും തണൽ വൃക്ഷങ്ങളുടെ നടീൽ പൂർത്തിയാക്കിവരുകയാണിപ്പോൾ. വർണാഭമായ വൈദ്യുതിവിളക്കുകളുടെ കാഴ്ചകൾ രാത്രിക്കാഴ്ചയെ മനോഹരമാക്കുന്നു. ഇരുപള്ളികൾക്കുമിടയിൽ മൂന്നു കിലോമീറ്റർ നീളത്തിലാണ് ചെറുവാഹനങ്ങൾക്ക് കൂടി സഞ്ചരിക്കാൻ കഴിയുന്ന പാത മദീന മുനിസിപ്പാലിറ്റി ഈയിടെ പൂർത്തിയാക്കിയത്.
നടവഴി പൂർത്തിയായതോടെ പ്രവാചക പള്ളിയിൽനിന്ന് മസ്ജിദുൽ ഖുബയിലേക്കും തിരിച്ചും നടക്കുന്ന സന്ദർശകരുടെ എണ്ണം ദൈനംദിനം കൂടിവരുകയാണെന്ന് മസ്ജിദുൽ ഖുബയുടെ അടുത്തുള്ള, ഈ പാതയോരത്തിനടുത്തുള്ള ഒരു ഫ്ലാറ്റിൽ കുടുംബസമേതം താമസിക്കുന്ന മമ്പാട് സ്വദേശി യു. മൂസ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഖുബ പള്ളിക്കും പ്രവാചക പള്ളിക്കും ഇടയിൽ പൂർത്തിയായ കാൽനട പാത മദീനയിലെ ജനങ്ങൾക്കും സന്ദർശകർക്കും ഏറെ പ്രയോജനം കിട്ടുന്ന ഏറ്റവും പുതിയ അടിസ്ഥാന വികസന പദ്ധതിയാണ്. ഇവിടെ കാൽനടയാത്രക്കാർക്കായി ഒരു പാതയിലൂടെ രണ്ട് പള്ളികളിലേക്കും തടസ്സങ്ങളൊന്നുമില്ലാതെ നേരിട്ട് പോകാം.
ഏകദേശം അരമണിക്കൂർ മാത്രം നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂ എന്നതും കുടുംബങ്ങളൊത്തുള്ള നടത്തത്തിനായി ആളുകൾ ഈ പാത ഉപയോഗപ്പെടുത്താൻ കാരണമാണ്. പാതയോരത്തുള്ള കെട്ടിടങ്ങളുടെ മുൻഭാഗങ്ങളുടെ നിറങ്ങൾ ഏകീകരിക്കാനും ഷോപ്പുകളുടെ രൂപകൽപന ഒരേ രൂപത്തിലാക്കാനും മുനിസിപ്പാലിറ്റി നടപടി തുടങ്ങിയിട്ടുണ്ട്. ഇതുകൂടി പൂർത്തിയായാൽ നടവഴിയിലൂടെയുള്ള സഞ്ചാരം കൂടുതൽ ഹൃദ്യമാവും. പ്രദേശത്തെ നഗര ഭൂപ്രകൃതി മെച്ചപ്പെടുകയും വികസിപ്പിക്കുകയും വഴി, നടന്ന് പോകുന്നവർക്ക് ആകർഷകമായ അന്തരീക്ഷവും അയൽപ്രദേശങ്ങളിലെ താമസക്കാർക്ക് ഒരു കാൽനട പാതയായി ഇത് പരിവർത്തിപ്പിക്കാനും കഴിയും.
രാജ്യത്തെ സമ്പൂർണ വികസന പദ്ധതിയായ 'വിഷൻ 2030'ലെ ലക്ഷ്യങ്ങളിൽ പെട്ട ഒന്നാണ് നടപ്പാതകളുടെ എണ്ണം വർധിപ്പിക്കുക എന്നത്. ഇതിെൻറ കൂടി ഭാഗമായാണ് ഇത്തരം ജനപ്രിയ നടപ്പാതകൾ ആസൂത്രണം ചെയ്യുന്നത്. നടത്തം പ്രോത്സാഹിപ്പിക്കാനും അതുവഴി ആരോഗ്യസംരക്ഷണം നിലനിർത്താനും കഴിയുമെന്നും അധികൃതർ കണക്കുകൂട്ടുന്നു. ഇസ്ലാമിക ചരിത്രത്തില്‍ പ്രവാചകെൻറ പലായനത്തിന് ശേഷം ആദ്യമായി നിര്‍മിച്ച പള്ളിയാണ് മസ്ജിദുല്‍ ഖുബ. ഇവിടെ നമസ്കരിക്കുന്നത് ഉംറക്ക് തുല്യമാണെന്നാണ് ഇസ്ലാമിക പാഠം. അതുകൊണ്ട് തന്നെ മദീനയില്‍ മസ്ജിദുന്നബവി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുന്നതും ഇവിടെയാണ്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെ മദീന സന്ദര്‍ശിക്കുന്നവര്‍ക്ക് ഏറെ അനുഗ്രഹമാകുന്നതാണ് ഈ നടപ്പാത. മക്ക, മദീന ഹറമുകള്‍ക്ക് ശേഷം സൗദിയില്‍ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കുന്ന പള്ളിയും ഖുബ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.