റിയാദ്: ആത്മവിശുദ്ധിയോടെ റമദാനെ പുണരാൻ പരിസരമൊരുക്കുന്ന പതിവുണ്ട് അറേബ്യയിൽ. മാർച്ച് രണ്ടാം വാരത്തിെൻറ തുടക്കത്തിൽ റമദാൻ എത്തുമ്പോഴേക്കും വീടും പരിസരവും ഒരുക്കാനുള്ള ഓട്ടപ്പാച്ചിലിലാണിപ്പോൾ വിശ്വാസി സമൂഹം. റമദാൻ എത്തും മുമ്പ് വീട്ടുപകരണങ്ങൾ മാറ്റി പുതിയതാക്കുന്നതും മജ്ലിസുകളിൽ (അതിഥി മുറി) ഏറ്റവും പുതിയ കാർപറ്റും കർട്ടനും വിരിക്കുന്നതും ഓഫിസുകളെ റമദാൻ അലങ്കാരങ്ങളാൽ അണിയിച്ചൊരുക്കുന്നതും അറേബ്യൻ ജീവിത സംസ്കാരത്തിെൻറ ഭാഗമാണ്.
പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനും പഴയത് കൊടുത്ത് പുതിയതെടുക്കുന്ന മാറ്റ കച്ചവടത്തിനും റിയാദ് നഗരവാസികൾ ആശ്രയിക്കുന്ന ഏറ്റവും പഴയ ചന്തകളിൽ ഒന്നാണ് ഹറാജ് ബിൻ ഖാസിം എന്നറിയപ്പെടുന്ന ഹറാജ് ചന്ത. അസീസിയ വില്ലേജിലെ വിശാല മൈതാനിയിൽ പണിതുയർത്തിയ ഹറാജ് ചന്തയിൽ റമദാനായതോടെ കച്ചവടം ഉണർവിലാണ്. ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ, പാത്രങ്ങൾ, വിളക്കുകൾ, കർട്ടനുകൾ, ആർട്ട് വർക്കുകൾ, കരകൗശലവസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങി എന്തും വിൽക്കാനും പുതിയത് വാങ്ങാനുമുള്ള ഇടമാണ് ഈ പുരാതന ചന്ത. പഴയത് കൊടുത്ത് പുതിയത് വാങ്ങാനുള്ള മാറ്റക്കച്ചവടമാണ് ഇവിടെ കൂടുതൽ നടക്കുന്നത്.
വിലകുറഞ്ഞ ഉൽപന്നങ്ങൾ തേടി സാധാരണക്കാരനും ഏറ്റവും ആധുനികവും വ്യത്യസ്തവുമായ മോഡലുകൾ തേടി സമ്പന്നരുമെത്തുന്ന റിയാദിലെ ഏക സ്ഥലമാണ് ഹറാജ്. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സ്വദേശികളും വിദേശികളും കുടുംബസമേതം ഹറാജിലെത്തും. ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭ്യമാകുന്ന ഹറാജിെൻറ വൈവിധ്യം കാണാൻ രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളും ചന്ത സന്ദർശിക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ നടക്കുന്ന ലേലം വിളികളിൽ പങ്കെടുക്കാൻ മാത്രം ദൂരം താണ്ടി ഹറാജിലെത്തുന്നവരുമുണ്ട്.
കുറഞ്ഞ ചെലവിൽ ഫ്ലാറ്റുകളിലേക്ക് ഫർണിച്ചറുകൾ വാങ്ങാനും ഫ്ലാറ്റ് മോടിപിടിപ്പിക്കാനുള്ള അലങ്കാരവസ്തുക്കൾ വാങ്ങാനും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹവും ആശ്രയിക്കുന്നത് ഈ ചന്തയെയാണ്. രാജ്യത്തിെൻറ ചരിത്രത്തോളം പഴക്കമുണ്ട് ഹറാജ് ചന്തക്ക്.
1940ൽ റിയാദ് നഗര മധ്യത്തിലുള്ള ദീര കേന്ദ്രീകരിച്ച് അബ്ദുൽ അസീസ് രാജാവിെൻറ കാലത്ത് സ്ഥാപിച്ച ചന്തയായാണ് ഹറാജിെൻറ ഉത്ഭവം. അക്കാലത്ത് വൈകുന്നേരങ്ങളിൽ ലേലം വിളിയും ഒത്തുകൂടലും കവിയരങ്ങും എല്ലാം ചേർന്ന കലാ-സാംസ്കാരിക തെരുവുകൂടിയായിരുന്നു ഹറാജെന്ന് ദീരയിലെ പഴയ കച്ചവടക്കാർ പറയുന്നു.
പിന്നീട് 1971ലാണ് നഗരത്തിെൻറ തെക്കുഭാഗത്തുള്ള അസീസിയ ഡിസ്ട്രിക്ടിൽ ബത്ഹ സ്ട്രീറ്റിെൻറ ഓരത്തേക്ക് മാറ്റി സ്ഥാപിച്ചത്. 43 വർഷത്തോളം ഇവിടെ പ്രവർത്തിച്ചു. ഇപ്പോഴും ഭാഗികമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, വിശാലമായ ഹറാജ് ചന്ത 2014 ലാണ് കുറച്ചുകൂടി തെക്കുഭാഗത്തായി അസീസിയ വില്ലേജിലേക്ക് മാറിയത്.
ഹറാജ് ചന്ത
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.