മദീന: മസ്ജിദുന്നബവിയിൽ സംസം ടാങ്കർ ലോറികൾക്ക് സ്വയം ട്രാക്കിങ് പദ്ധതി നടപ്പാക്കി. ടാങ്കറുകളിൽ ചിപ്പുകൾ ഘടിപ്പിച്ചാണ് സ്വയം ട്രാക്കിങ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നതെന്ന് പരിസ്ഥിതി സംരക്ഷണ, പകർച്ച വ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ യൂസുഫ് അൽഅൗഫി പറഞ്ഞു. ഇതിലൂടെ വാഹനങ്ങളുടെ ചലനങ്ങളും എത്തുന്ന സമയവും മറ്റും അറിയാൻ സാധിക്കും.
തിരക്കേറുന്ന റൂട്ടുകൾ നിർണയിക്കാനും അറിയിപ്പുകൾ നൽകാനും സാധിക്കും. ടാങ്കറുകളിൽ സംസം കൊണ്ടുപോകുന്ന സമയത്ത് ജലമലിനീകരണം ഒഴിവാക്കാനും സന്ദർശകരുടെ സുരക്ഷയും കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വയോധികർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ട്രാക്കുകൾ
ജിദ്ദ: മക്കയിൽ ഹറം മത്വാഫിൽ (കഅ്ബക്ക് ചുറ്റുമുള്ള മുറ്റം) വയോധികർക്കും ഭിന്നശേഷിക്കാർക്കും രണ്ട് പ്രത്യേക ട്രാക്കുകൾ നിശ്ചയിച്ചു.155 മീറ്റർ നീളത്തിലാണ് ഒരു ട്രാക്ക്. 55 ഉന്തുവണ്ടികൾക്ക് ഇതിലൂടെ ഒരുസമയം സഞ്ചരിക്കാനാവും. രണ്ടാമത്തെ ട്രാക്ക് കഅ്ബയോട് ചേർന്നുള്ള ഭാഗത്താണ്. ഉന്തുവണ്ടി ഉപയോഗിക്കാത്ത, വയോധികർക്ക് മാത്രമാണിത്.
145 മീറ്റർ നീളമുള്ള ഇൗ ട്രാക്കിൽ 50 പേരെ ഉൾക്കൊള്ളാനാകും. പ്രായം കൂടിയവർക്കും ഭിന്നശേഷിക്കാർക്കും ത്വവാഫ് കർമം എളുപ്പമാക്കുന്നതിനാണ് പ്രത്യേക ട്രാക്കുകൾ നിശ്ചയിച്ചതെന്ന് ഇരുഹറം കാര്യാലയത്തിന് കീഴിലെ ക്രൗഡ് മാനേജ്മെൻറ് വകുപ്പ് മേധാവി എൻജി. ഉസാമ അൽഹുജൈലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.