ജിദ്ദ: അസീർ പ്രവിശ്യയിലെ ശിആർ ചുരത്തിൽ വാഹന ഗതാഗതം ശനിയാഴ്ച പുനരാരംഭിക്കും. ചുരത്തിന്റെ സുരക്ഷ ഉയർത്താനും അറ്റകുറ്റപ്പണി നടത്താനും റോഡ് വികസിപ്പിക്കാനും ഏർപ്പെടുത്തിയ പ്രവർത്തനങ്ങൾ പൂർത്തിയായതായി അസീർ പ്രവിശ്യ വികസന അതോറിറ്റിയും റോഡ് അതോറിറ്റിയും വ്യക്തമാക്കി.
40 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ അറ്റകുറ്റപ്പണിക്കാണ് ശിആർ ചുരം സാക്ഷ്യം വഹിച്ചത്. നാലു മാസമായി പണികൾ നടക്കുകയായിരുന്നു. നിശ്ചിത സമയത്തിനകം അത് പൂർത്തിയാക്കി. നിരവധി ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രത്യേക ടീമുകൾ സുരക്ഷക്കും ഗുണനിലവാര മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് പണികൾ പൂർത്തിയാക്കിയതെന്നും അതോറിറ്റി പറഞ്ഞു. 34 കിലോമീറ്റർ ഭാഗത്താണ് അറ്റകുറ്റപ്പണി നടത്തിയത്. ഇതിൽ 14 കിലോമീറ്റർ ചുരത്തിലും 20 കിലോമീറ്റർ സിംഗ്ൾ റോഡിലുമാണ്. 220 മീറ്റർ നീളത്തിൽ ഡിവൈഡറുകൾ പുനഃസ്ഥാപിക്കുന്ന ജോലികൾ നടന്നു. തുരങ്കങ്ങൾ വൃത്തിയാക്കുക, നന്നാക്കുക, പെയിൻറ് ചെയ്യുക, തുരങ്കങ്ങൾക്കുള്ളിൽ 7,000 മീറ്റർ നീളമുള്ള എക്സ്പാൻഷൻ ജോയൻറുകൾ സ്ഥാപിക്കുക തുടങ്ങിയ ജോലികളും പൂർത്തിയാക്കി. സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ആധുനിക ലൈറ്റിങ് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മുന്നറിയിപ്പ്, ഉപദേശക ബോർഡുകളായി 800 എണ്ണം സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷ നിലവാരം ഉയർത്തുന്നതിനായി തുരങ്കങ്ങൾക്കുള്ളിൽ 14 കിലോമീറ്റർ നീളമുള്ള ചുമരുകളിൽ റിഫ്ലക്ടറുകളും 34 കിലോമീറ്റർ നീളത്തിൽ റോഡിലുടനീളം റിഫ്ലക്ടർ ഗ്രൗണ്ട് മാർക്കുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡ് ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ഉയർന്ന സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും തുരങ്കം തുറന്നതിന് ശേഷവും നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ട്. 20 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടം പാതയിരട്ടിപ്പിക്കൽ ജോലി 2026 ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
മഹായിൽ ഗവർണറേറ്റ് ഭാഗത്തേക്കുള്ള റോഡിന്റെ മൂന്നാം ഘട്ടത്തിലെ വികസന പ്രവർത്തനങ്ങൾ 2024 രണ്ടാം മാസത്തിൽ പൂർത്തിയാകുമെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.