യാംബു: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിൽനിന്നും സൗദി അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഇടപെടൽ പ്രതീക്ഷിച്ച് പ്രവാസികൾ.
ലക്ഷക്കണക്കിന് പ്രവാസികൾ തങ്ങൾ ജോലിചെയ്യുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാതെ നാട്ടിൽതന്നെ കുടുങ്ങിയിരിക്കുകയാണ്.
കേന്ദ്രസർക്കാറും സംസ്ഥാനസർക്കാറും നോർക്കയടക്കമുള്ള സംവിധാനങ്ങളും പ്രശ്നപരിഹാരത്തിന് ശക്തമായ ഇടപെടൽ നടത്തണമെന്നാണ് ശക്തമാകുന്ന ആവശ്യം. വിദേശരാജ്യങ്ങളിലെ ഭരണകൂടങ്ങളുമായി ഉന്നതതല ചർച്ച നടത്തേണ്ടുന്ന സമയമാണിതെന്ന് വിവിധ കോണുകളിൽനിന്ന് അഭിപ്രായമുയരുന്നു.പ്രവാസിയുടെ പ്രതിസന്ധിഘട്ടങ്ങളിൽ കേന്ദ്രസർക്കാറും വിദേശകാര്യമന്ത്രാലയവും ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.
അന്യ രാജ്യത്തിെൻറ സ്വന്തം വിഷയമാണ് കോവിഡിനെതിരെ ആഭ്യന്തരസുരക്ഷ ഒരുക്കുക എന്നിരിക്കിലും പ്രവാസികളുടെ വിഷയം അടിയന്തരമായി പരിഹരിക്കേണ്ടുന്ന ഒരു മാനുഷിക പ്രശ്നമായി രൂക്ഷമാകുന്ന സാഹചര്യം അങ്ങനെയൊരു അറച്ചുനിൽപ്പിന് അനുവദിക്കുന്നില്ലെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
യാത്രവിലക്കു മൂലം ഇന്ത്യയിൽ കുടുങ്ങിയവരുടെ ദുരവസ്ഥ ഇവരെ ആവശ്യമുള്ള തൊഴിൽ ദായക രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ കേന്ദ്രസർക്കാർ മുൻകൈയെടുക്കുകയും നയതന്ത്രതല ചർച്ചകൾ നടത്തി പ്രശ്നത്തിന് ഏതു വിധേനയും പരിഹാരം കാണാൻ ശ്രമിക്കണമെന്നുമാണ് എല്ലാവരും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്. പ്രശ്നപരിഹാരത്തിനായി ഇത്തരത്തിലൊരു നീക്കവും മാതൃരാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകൾ ചെയ്തുകാണാത്തതിൽ നല്ല അമർഷമാണ് പ്രവാസികൾക്കുള്ളത്.
പ്രവാസി സംഘടനകളും നാട്ടിലെ ചില രാഷ്ട്രീയ പാർട്ടികളും പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും ഇന്ത്യൻ കോൺസുലേറ്റിനും പലപ്പോഴും പ്രവാസിപ്രശ്നം ശ്രദ്ധയിൽപെടുത്തി നിവേദനം നൽകിയിരുന്നു.
എന്നാൽ ഒന്നിനും ഒരു പരിഹാരം കാണാത്ത അവസ്ഥയാണിപ്പോഴും.അടിയന്തര ഇടപെടലുകൾ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ഇനിയും നടന്നില്ലെങ്കിൽ പ്രവാസികളുടെ മടക്കം അനന്തമായി തുടരുമെന്ന ആശങ്കയിലാണ്.
തങ്ങൾ ജോലി ചെയ്യുന്ന രാജ്യങ്ങളിലേക്ക് മടങ്ങണമെങ്കിൽ ലക്ഷങ്ങൾ മുടക്കണമെന്ന അവസ്ഥക്ക് മാറ്റം വരുന്നില്ലെങ്കിൽ പ്രവാസികളുടെ സാമ്പത്തിക അടിത്തറയെത്തന്നെ ഇത് സാരമായി ബാധിക്കും.
പ്രതിസന്ധിയിലകപ്പെട്ട പ്രവാസികൾക്ക് സമാശ്വാസത്തിെൻറ തണലൊരുക്കേണ്ട സർക്കാർ സംവിധാനങ്ങൾ തികച്ചും നിസ്സംഗതയിലാകുന്ന അവസ്ഥ പ്രവാസി പ്രതിഷേധം വിളിച്ചുവരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.