തബൂക്ക്: നിയോമിൽ പുതിയൊരു ടൂറിസ്റ്റ് കേന്ദ്രം കൂടി വരുന്നു. അഖബ ഉൾക്കടലിന്റെ തെക്കേ അറ്റത്തുള്ള ബീച്ചും മരുഭൂമിയും സംഗമിക്കുന്ന അതുല്യമായ സ്ഥലത്താണ് ‘ട്രയാം’ എന്ന പേരിൽ ഈ പുതിയ ലക്ഷ്യസ്ഥാനം നിർമിക്കുന്നത്. പാലത്തിന്റെ രൂപത്തിലുള്ള നൂതനമായ രൂപകൽപനയാണ് ഈ ലക്ഷ്യസ്ഥാനത്തെ വ്യത്യസ്തമാക്കുന്നത്.
പ്രകൃതി സംരക്ഷണത്തിന്റെ ഉയർന്ന നിലവാരത്തോടെ നടപ്പാക്കുന്ന പുതിയ ലക്ഷ്യസ്ഥാനത്ത് 250 മുറികളുള്ള റിസോർട്ടാണ് പ്രധാന കേന്ദ്രം. ഇത് അതിഥികൾക്ക് വിശ്രമിക്കാനും പ്രകൃതി ചുറ്റുപാടുകൾ ആസ്വദിക്കാനും അസാധാരണമായ സൗകര്യങ്ങളും അനുഭവങ്ങളും നൽകും. തടാകത്തിന്റെ വടക്കൻ, തെക്കൻ തീരങ്ങളെ ഒരു പാലത്തിന്റെ മാതൃകയിൽ ബന്ധിപ്പിക്കുന്നുണ്ട്. ഈ പാലത്തിനരികിൽ നിന്നാൽ ദൂരെ സൂര്യാസ്തമയത്തിന്റെ മനോഹരമായ ദൃശ്യം ആസ്വദിക്കാനാവും. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ മുകളിലും താഴെയുമുള്ള നിലകളിൽ നിന്ന് ജലാശയം, ആകാശം, ചുറ്റുമുള്ള ഭൂപ്രകൃതി എന്നിവയുടെ പനോരമിക് കാഴ്ചകളും കാണാം. സമുദ്രനിരപ്പിൽ നിന്ന് 36 മീറ്റർ ഉയരത്തിൽ 450 മീറ്റർ വിസ്തീർണമുള്ള നീന്തൽക്കുളമാണ് ട്രയാമിനെ വ്യത്യസ്തമാക്കുന്നത്.
പവിഴപ്പുറ്റുകളുള്ള ശാന്തമായ പൊയ്ക പോലെ സുന്ദരമായിരിക്കും ജലാശയം. സാഹസിക ടൂറിസത്തിനും ഇവിടെ സാധ്യതയുണ്ട്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ആരോഗ്യ, ഫിറ്റ്നസ് സൗകര്യങ്ങൾ, ആഡംബര ഭക്ഷണശാലകൾ എന്നിവയും ഇവിടെയെത്തുന്നവർക്ക് ആസ്വദിക്കാനാകും. നിയോമിൽ നിർമിക്കുന്ന ഭാവി പാർപ്പിട ഉപനഗരമായ ‘ദി ലൈനി’ന് ഏതാണ്ട് അടുത്താണ് ‘ട്രയാം’ ഒരുക്കുന്നത്. പുതിയ ലക്ഷ്യസ്ഥാനം സുസ്ഥിര വിനോദസഞ്ചാരത്തിന് പുതിയ നിലവാരം നൽകും.
സഞ്ചാരികൾക്ക് സമാനതകളില്ലാത്ത അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന സങ്കേതമായി മാറും. അഖബ ഉൾക്കടലിന്റെ തീരത്ത് ലിഗ, ഇബെക്കോൺ, സെറാന, ഒട്ടാമോ, നോർലാന, അക്വിലം, സർദൂൻ, സിനൂർ എന്നീ സുസ്ഥിര പ്രകൃതിദത്ത ടൂറിസം കേന്ദ്രങ്ങളുടെ സമീപകാല പ്രഖ്യാപനങ്ങളുടെ ചുവടുപിടിച്ചാണ് പുതിയ ലക്ഷ്യസ്ഥാനമായ ട്രയാം ഒരുക്കുന്നത്. തീരദേശ മേഖലയിലെ നവീകരണത്തിനും സുസ്ഥിരതക്കും ഉള്ള നിയോമിന്റെ പ്രതിബദ്ധതയെ ഇത് ഉൾക്കൊള്ളുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.