റിയാദ്: അൽ ഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോസ് അറബ്, അന്തർദേശീയ, സൗദി ഉള്ളടക്കങ്ങളുള്ള സിനിമകളുടെ നിർമാണത്തിനുള്ള ആസ്ഥാനമായി മാറുമെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്. നാലു മാസത്തിനുള്ളിൽ റെക്കോഡ് നിർമാണ പ്രവൃത്തിയാണ് ഈ സ്റ്റുഡിയോക്ക് പിന്നിലുണ്ടായത്. അത്ര വേഗത്തിലായിരുന്നു നിർമാണം.
അറബ്, സൗദി സിനിമകളുടെ പുഷ്കലകാലമാണ് ഇനിയുണ്ടാവാൻ പോകുന്നത്. അൽ ഹിസ്ൻ സ്റ്റുഡിയോ മാത്രമല്ല റിയാദിൽതന്നെ ദറഇയ ജാക്സ് സോണി സ്റ്റുഡിയോ ഉണ്ട്. അൽ ഉലയിലെ സ്റ്റുഡിയോയിലും നർജീസിലെ എം.ബി.സി സ്റ്റുഡിയോയിലും സിനിമകളുടെയും ടെവിവിഷൻ പ്രോഗ്രാമുകളുടെയും പ്രൊഡക്ഷൻ നടത്താനാവും. അതായത് സൗദി അറേബ്യയിൽ ലോകോത്തര സാങ്കേതിക തികവിൽ സിനിമാനിർമാണത്തിന് നിരവധി സംവിധാനങ്ങളായിക്കഴിഞ്ഞു -ആലുശൈഖ് കൂട്ടിച്ചേർത്തു.
ചലച്ചിത്ര, ടെലിവിഷൻ നിർമാണ മേഖലയിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ള സംരംഭകർക്ക് വലിയ അവസരമാണ് അൽ ഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോ തുറന്നിടുന്നതെന്ന് സൗദി മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി പറഞ്ഞു. അറബ് ലോകത്ത് ഈ സ്ഥലത്തേക്കാൾ മികച്ച സ്ഥലം നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ‘ബിഗ് ടൈം’ പദ്ധതിയുടെ വിജയത്തെ പിന്തുണക്കുന്നതിനായി എല്ലാ സർക്കാർ ഏജൻസികളുടെയും സംവിധാനത്തിന്റെയും ഏകോപനമുണ്ടെന്നും മന്ത്രി പറഞ്ഞു.
മധ്യപൂർവേഷ്യയിലെ ഏറ്റവും വലുതും ആധുനികവുമാണ് അൽഹിസ്ൻ സ്റ്റുഡിയോ. ഉയർന്ന നിലവാരത്തിലും കുറഞ്ഞ ചെലവിലും പ്രവർത്തിക്കാൻ ഇത് കമ്പനികളെ പ്രാപ്തരാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.