ജിദ്ദ: അന്ധമായ സർക്കാർ വിരോധവും കേരള ജനത എൽ.ഡി.എഫിനൊപ്പമാണെന്ന ഭയവുമാണ് യു.ഡി.എഫ് നവകേരള സദസ്സിനെ എതിർക്കാൻ കാരണമെന്ന് ഐ.എൻ.എൽ സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ.പി. ഇസ്മാഈൽ പറഞ്ഞു. നവകേരള സദസ്സുകൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ യു.ഡി.എഫ് സംവിധാനം കൂടുതൽ ശിഥിലമാകുമെന്നും അദ്ദേഹം പറഞ്ഞു. ഐ.എം.സി.സി ജിദ്ദ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബരി മസ്ജിദിന്റെ തകർച്ചക്ക് കൂട്ട് നിന്നതിലൂടെയാണ് രാജ്യത്ത് കോൺഗ്രസ്സിന്റെ പതനം ആരംഭിച്ചത്. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടിനെ മറികടക്കാൻ മൃതുഹിന്ദുത്വ നിലപാടുമായിട്ടാണ് കോൺഗ്രസ്സ് ഇപ്പോൾ ഇറങ്ങിയിട്ടുള്ളത്. തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഇതെല്ലാം കണ്ടതാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും പ്രബുദ്ധതക്കും ഒത്തൊരുമിച്ചു നിന്ന് പ്രവർത്തിക്കേണ്ട സമയത്ത് അതിൽ നിന്നും പിന്തിരിഞ്ഞു നിൽക്കുന്നത് സംസ്ഥാന ജനതയോട് കാണിക്കുന്ന ക്രൂരതയാണ്. ഏതു വിധേനയും സംസ്ഥാനത്തെ കഷ്ടപെടുത്തുക എന്ന ബി.ജെ.പി നിലപാടിന് ബലം നൽകുകയാണ് ഇത്തരം സമീപനങ്ങളിലൂടെ യു.ഡി.എഫ് കാണിച്ചു കൊടുക്കുന്നത്. ഈ അവസാന നിമിഷമെങ്കിലും യു.ഡി.എഫ് നേത്രൃത്വം അതിൽ നിന്നും പിന്മാറണം. ഓരോ ദിവസം പിന്നിടുമ്പോഴും പിഞ്ചു കുഞ്ഞുങ്ങളടക്കം ആയിരങ്ങളെയാണ് ഗസ്സയിൽ ഇസ്രായേൽ കൊന്നൊടുക്കുന്നത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള ഈ നരനായാട്ടിനെതിരെ ഇന്ത്യ ശക്തമായി നിലകൊള്ളണമെന്നും ഫലസ്തീനുമായുള്ള നല്ല സുഹൃത് ബന്ധം പഴയതു പോലെ നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൽ.ഡി.എഫ് നേതാവും സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
ഐ.എം.സി.സി ജി.സി.സി കമ്മിറ്റി ചെയര്മാന് എ.എ. അബ്ദുല്ലക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. ജിദ്ദ ഐ.എം.സി.സി പ്രസിഡൻറ് ഷാജി അരിമ്പ്രത്തൊടി അധ്യക്ഷത വഹിച്ചു.
മൊയ്ദീൻ ഹാജി തിരൂരങ്ങാടി, മൻസൂർ വണ്ടൂർ, ഗഫൂർ തേഞ്ഞിപ്പലം, ഇബ്രാഹിം വേങ്ങര, ലുഖ് മാൻ തിരൂരങ്ങാടി, ഇസ്ഹാഖ് മാരിയാട്, അബു കുണ്ടായി, മുഹമ്മദ് കുട്ടി ചേളാരി, സദഖത്ത് കടലുണ്ടി, നൗഷാദ് എറമ്പൻ, എ.എ. ഇജാസ് തുടങ്ങിയവര്‍ സംസാരിച്ചു. സി.എച്ച് അബ്ദുല്‍ ജലീല്‍ സ്വാഗതവും എം.എം അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.