ഉമർ ഫൈസി മുക്കം

പണ്ഡിത പ്രതിഭ പുരസ്‌കാരം ഉമർ ഫൈസി മുക്കത്തിന്

റിയാദ്​: കോഴിക്കോട് ജില്ല മുസ്‌ലിം ഫെഡറേഷ​ൻ (കെ.ഡി.എം.എഫ്​) റിയാദ്​ പ്രഖ്യാപിച്ച നാലാമത് 'പണ്ഡിത പ്രതിഭ' പുരസ്‌കാരം സമസ്ത കേന്ദ്ര മുശാവറ അംഗവും കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയുമായ ഉമർ ഫൈസി മുക്കത്തിന്. 2014 മുതല്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നല്‍കുന്ന ഈ പുരസ്‌കാരത്തിന് പാറന്നൂര്‍ ഇബ്രാഹിം മുസ്‌ലിയാർ, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്​ലിയാർ എന്നിവരാണ്​ ഇതിനുമുമ്പ്​ അർഹരായത്​. 50,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

നാട്ടിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. മതരംഗത്തെ സേവനം, പാണ്ഡിത്യം, സംഘാടനം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, റിയാദ് കെ.ഡി.എം.എഫ് മുഖ്യ രക്ഷാധികാരി മുസ്തഫ ബാഖവി പെരുമുഖം, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി, കെ.ഡി.എം.എഫ്.വൈ പ്രസിഡൻറ്​ ഷമീര്‍ പുത്തൂര്‍ അടങ്ങിയ ജൂറിയാണ് ഉമർ ഫൈസിയെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഉമർ ഫൈസി മുക്കം 1973ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക്​ കോളജിൽനിന്ന്​ ഒന്നാം റാങ്കോടെ പുറത്തിറങ്ങിയശേഷം കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് അഫ്ദലുൽ ഉലമയും നേടി. 1975ൽ അമ്പലവയൽ ഹൈസ്കൂളിൽ ജോലിയിൽ പ്രവേശിച്ചു.

പിന്നീട്​ സർക്കാർ ജോലി ഉപേക്ഷിച്ച് നന്തി ദാറുസ്സലാമിൽ ജോലിയിൽ പ്രവേശിച്ചു. കണ്ണിയത്ത് അഹമ്മദ് മുസ്​ലിയാർ, ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്​ലിയാർ, വൈലത്തൂർ ബാവ മുസ്​ലിയാർ തുടങ്ങിയവരുടെ ശിഷ്യനാണ്​ അദ്ദേഹം. എസ്.കെ.ഐ.എം.വി ബോർഡ് അംഗം, എസ്.എം.എഫ് സംസ്ഥാന ട്രഷറർ, എസ്.കെ.ഐ.എം.വി.ബി പരിശോധന ബോർഡ് കൺവീനർ, അൽബിർറ്​ പ്രീ സ്കൂൾ കൺവീനർ, കോഴിക്കോട് തർബിയ്യത്തുൽ ഇസ്​ലാം സഭ വർക്കിങ്​ സെക്രട്ടറി, മുക്കം ദാറുസ്സലാം പ്രസിഡൻറ്​, മുക്കം ഓർഫനേജ് കമ്മിറ്റി അംഗം, മതകാര്യ വകുപ്പ് ചെയർമാൻ, മഹല്ല് പ്രസിഡൻറ്​ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നതോടൊപ്പം കേരള സർക്കാർ മദ്റസാധ്യപക ക്ഷേമനിധി ബോർഡ് അംഗവുമാണ്. കാരമൂല ദാറുസ്സലാഹ് ഇസ്​ലാമിക് അക്കാദമിയിൽ പ്രിൻസിപ്പലായി സേവനം ചെയ്യുന്ന ഫൈസി ഹജ്ജും ഉംറയും ഒരു വിശദ പഠനം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.