ജിദ്ദ: ഉംറക്കെത്തുന്നവർ കഅ്ബക്കും ഹജ്റുൽ അസ്വദിനും അടുത്തെത്തുന്നത് തടയുമെന്ന് ഇരുഹറം കാര്യാലയം അധികൃതർ അറിയിച്ചു.നിലവിൽ കഅ്ബക്ക് ചുറ്റും സ്ഥാപിച്ച സുരക്ഷ ബാരിക്കേഡിന് പുറത്തു വെച്ചായിരിക്കും ത്വവാഫ് നിർവഹിക്കാൻ അനുവദിക്കുക. ഏതെങ്കിലും തീർഥാടകന് കോവിഡ് ലക്ഷണം കാണുന്ന സാഹചര്യത്തിൽ വേണ്ട ആരോഗ്യ നടപടികൾക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ക്വാറൻറീനായി പ്രത്യേക സ്ഥലങ്ങളും നിശ്ചയിച്ചിട്ടുണ്ട്. കർശന ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ചായിരിക്കും തീർഥാടകർക്ക് ഹറമിനുള്ളിലേക്ക് പ്രവേശനം നൽകുക. ഒാരോ സംഘം വരുന്നതിനു മുമ്പും പോയശേഷവും ഹറമിനകം അണുമുക്തമാക്കും.അടച്ച ബോട്ടിലുകളിലായിരിക്കും തീർഥാടകർക്ക് സംസം വിതരണം ചെയ്യുകയെന്നും ഇരുഹറം കാര്യാലയം പറഞ്ഞു.
ജിദ്ദ: ഉംറ സേവനത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശം നൽകി.ഉംറ പുനരാരംഭിക്കുന്ന ഒക്ടോബർ നാലിന് തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമാണിത്. ഇരുഹറം കാര്യാലയത്തിനു കീഴിലെ എല്ലാ വകുപ്പുകളിലെയും ജീവനക്കാർ സംഘത്തിലുണ്ടാകും.
ആവിഷ്കരിച്ച പദ്ധതികൾ നടപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അംഗീകരിച്ച മുൻകരുതൽ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇരുഹറം കാര്യാലയ മേധാവി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.സേവനപ്രവർത്തനങ്ങളുടെ ഗുണനിലവാരം മികച്ചതാക്കണം. ഗവൺമെൻറിൽനിന്ന് പരിധിയില്ലാത്ത പിന്തുണയാണ് ലഭിക്കുന്നത്. അതുപോലെ മസ്ജിദുൽ ഹറാമിൽ പ്രവർത്തിക്കുന്ന മറ്റെല്ലാ വകുപ്പുകളിൽനിന്നും നല്ല സഹകരണം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.