ദമ്മാം: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗദി കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി ആരംഭിച്ച ‘ഇഹ്തിഫാൽ 2023’ വാർഷിക കാമ്പയിൻ സ്നേഹ സമ്മാനം ഉംറ പദ്ധതിയിൻ കീഴിൽ 100 തീർഥാടകർ മക്കയിലെത്തി. ഈമാസം എട്ടിനാണ് കരിപ്പൂർ ഹജ്ജ് ഹൗസിൽ യാത്രയയപ്പ് സംഗമത്തിൽ പെങ്കടുത്തശേഷം അവർ പുറപ്പെട്ടത്.
എട്ട് സെൻട്രൽ കമ്മിറ്റികളും 11 ജില്ലാ കമ്മിറ്റികളും ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും ചേർന്ന കിഴക്കൻ പ്രവിശ്യാ കെ.എം.സി.സിക്ക് കീഴിൽ 2022 ഡിസംബർ 30ന് ദമ്മാമിൽ തുടക്കംകുറിച്ച ഇഹ്തിഫാൽ 2023 കാമ്പയിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, ഏരിയതല പതാകദിനം, ഏരിയതല പ്രമേയ വിശദീകരണ സമ്മേളനം, 2023 പ്ലാറ്റിനം ജൂബിലി മദിരാശി രാജാജി ഹാൾ ഐക്യദാർഢ്യ സംഗമം, വ്യത്യസ്ത സംഘടന പ്രവർത്തനങ്ങൾ എന്നിവ നടന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നും വിവിധ കെ.എം.സി.സി ഘടകങ്ങൾ നാട്ടിലെ തദ്ദേശ കമ്മിറ്റികൾ ശിപാർശചെയ്ത സാമൂഹിക പ്രവർത്തകർ, വിധവകൾ അടക്കമുള്ളവരെയാണ് ഉംറക്കായി കൊണ്ടുവന്നിരിക്കുന്നത്.
സാമ്പത്തിക ചെലവ് വഹിക്കാൻ ശേഷിയില്ലാത്തതിനാൽ ചിരകാലമായി ഉംറ ആഗ്രഹം മനസ്സിലടക്കി കഴിഞ്ഞിരുന്ന 100 പേർക്കാണ് അവസരമൊരുക്കിയത്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സ്നേഹസമ്മാനമായാണ് ഇത്. ഉംറയും മദീന സിയാറത്തും കൂടാതെ ജിദ്ദ, ബുറൈദ, റിയാദ് നഗരങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. എല്ലാം കഴിഞ്ഞ് ഈ മാസം 17 ന് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ആസ്ഥാനമായ ദമ്മാമിൽ സംഘടിപ്പിക്കുന്ന സ്വീകരണ സംഗമത്തിൽ അവരെ പങ്കെടുപ്പിക്കും. ശേഷം ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നാട്ടിലേക്ക് തിരിക്കുന്ന രീതിയിലാണ് യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മടങ്ങുേമ്പാൾ ഓരോരുത്തർക്കും 15 കിലോ വീതം വിവിധ സാധനങ്ങൾ സമ്മാനമായി നൽകും.
അബൂജിർഫാസ് മൗലവി തീർഥാടകരുടെ ചീഫ് അമീർ ആണ്. വാർത്തസമ്മേളനത്തിൽ സംബന്ധിച്ച കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് അബ്ദുൽ മജീദ് കൊടുവള്ളി, ആക്ടിങ് ജനറൽ സെക്രട്ടറി എ.ആർ. സലാം ആലപ്പുഴ, വൈസ് പ്രസിഡൻറുമാരായ അബ്ദുൽ ഖാദർ വാണിയമ്പലം, അമീർ അലി കൊയിലാണ്ടി, എ.കെ.എം. നൗഷാദ് തിരുവനന്തപുരം, ജോ. സെക്രട്ടറിമാരായ ഒ.പി. ഹബീബ് ബാലുശ്ശേരി, ടി.ടി. കരീം വേങ്ങര എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.