ജിദ്ദ: െഎക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിൽ രൂപംകൊണ്ട ബന്ദി കൈമാറ്റ കരാർ പ്രകാരം വിമത യമൻ സായുധസംഘമായ ഹൂതികൾ വിട്ടയച്ച 15 സൗദി സൈനികർ റിയാദിൽ തിരിച്ചെത്തി. കഴിഞ്ഞ വർഷം നവംബറില്‍ ഹൂതികളും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുണ്ടാക്കിയ കരാറിെൻറ രണ്ടാംഘട്ട വിട്ടയക്കലാണ് ഇപ്പോഴുണ്ടായത്. 400ഒാളം ബന്ദികളെ ഹൂതികൾ മോചിപ്പിച്ചപ്പോൾ പകരമായി സൗദി സഖ്യസേനയും യമന്‍ ഭരണകൂടവും ചേര്‍ന്ന് 681 ഹൂതി തടവുകാരെ വിട്ടയച്ചു.
ഹൂതികൾ വിട്ടയച്ച 15 സൗദി സൈനികരും നാല് സുഡാനി സൈനികരുമാണ് വ്യാഴാഴ്ച രാത്രിയോടെ റിയാദിലെത്തിയത്. യമൻ തലസ്ഥാനമായ സൻആയിൽനിന്ന് നേരിട്ടാണ് ഇവർ വിമാന മാർഗം റിയാദിലെത്തിയത്.
സൗദി സഖ്യസേന ആക്ടിങ് കമാൻഡർ ജനറൽ മുത്ലഖ് അൽഅസൈമിഅ്, സൗദിയിലെ സുഡാൻ എംബസി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ മജ്ദി അൽസമാനി, സഖ്യസേനയുടെ മുതിർന്ന ഉദ്യോഗസ്ഥർ, സുഡാൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സൈനികരുടെ ബന്ധുക്കൾ എന്നിവർ ചേർന്ന് തിരിച്ചെത്തിയവരെ സ്വീകരിച്ചു.
മുഴുവൻ ബന്ദികളുടെയും മോചനത്തിന് സഖ്യസേനയിൽ ഉൾപ്പെട്ട രാജ്യങ്ങളിലെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങൾ കാണിക്കുന്ന പ്രത്യേക ശ്രദ്ധയുടെ ഫലമായാണ് സഖ്യസേനയിൽ പെട്ട ബന്ദികൾ തിരിച്ചെത്തിയതെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. മാനുഷിക തത്ത്വങ്ങളുടെയും മൂല്യങ്ങളുടെയും ചട്ടക്കൂടിനുള്ളിലാണ് ബന്ദി പ്രശ്നം സഖ്യസേന കൈകാര്യം ചെയ്യുന്നത്.
സ്റ്റോക്ഹോം കരാറിെൻറ അടിസ്ഥാനത്തിൽ ആദ്യഘട്ട തടവുകാരെ കൈമാറുന്നതിന് റെഡ്ക്രോസ് അന്താരാഷ്ട്ര സമിതിയും യമനിലെ യു.എൻ പ്രത്യേക ദൂതൻ മാർട്ടിൻ ഗ്രിഫ്ത്സും നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു. കഴിഞ്ഞമാസം അവസാനത്തിലാണ് യമൻ ഗവൺമെൻറും ഹുതികളും തടവുകാരെ കൈമാറാൻ ധാരണയായ കാര്യം െഎക്യരാഷ്ട്ര സെക്രട്ടറി ജനറൽ പ്രത്യേക പ്രതിനിധി മാർട്ടിൻ ഗ്രിഫ്ത്സ് പ്രഖ്യാപിച്ചത്. സ്വിറ്റ്സർലൻഡിൽ നടന്ന തടവുകാരുടെ കൈമാറ്റ കരാറുകൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സമിതി യോഗത്തിെൻറ സമാപനത്തിലാണ് ഇങ്ങനെയൊരു കരാറുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.