സുരേഷിനെ നാട്ടിലേക്ക് കൊണ്ടുപോകാൻ ബല്ലസ്മാർ ആശുപത്രിയിൽനിന്ന് ആംബുലൻസിൽ കയറ്റുന്നു

മസ്തിഷ്കാഘാതം മൂലം നാലുമാസമായി അബോധാവസ്ഥയിൽ; തമിഴ്നാട് സ്വദേശിയെ നാട്ടിലെത്തിച്ചു

അബഹ: മസ്തിഷ്കാഘാതം മൂലം നാലുമാസമായി അബോധാവസ്ഥയിൽ കഴിയുന്ന തമിഴ്നാട് സ്വദേശിയെ നാട്ടിലെത്തിച്ചു. അബഹയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ എട്ടുവർഷമായി വെൽഡർ ജോലിചെയ്തിരുന്ന തമിഴ്നാട് വെല്ലൂർ കട്ടപ്പാടി സ്വദേശി സുരേഷ്കുമാറിനെ (48) ആണ് കോൺസുലേറ്റിന്റെ സഹായത്തിൽ നാട്ടിൽ എത്തിച്ചത്. നാലുമാസം മുമ്പാണ് പക്ഷാഘാതത്തെ തുടർന്ന് ശരീരമാസകലം തളർന്ന് അബോധാവസ്ഥയിൽ അസീർ സെൻട്രൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് അബഹയിൽനിന്നും 120 കിലോമീറ്റർ അകലെ ബല്ലസ്മർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാലര വർഷമായി ഇഖാമ കാലാവധി കഴിഞ്ഞ ഇദ്ദേഹം എട്ടുമാസം മുമ്പാണ് അബഹയിൽ വർക്ഷോപ്പുള്ള സ്വദേശിയുടെ സ്ഥാപനത്തിൽ ജോലിക്ക് ചേർന്നത്. ഇഖാമ പുതുക്കുന്നതുൾപ്പടെയുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് രോഗിയായത്. ഇഖാമ കാലാവധി കഴിഞ്ഞതും ഇൻഷുറൻസ് ഇല്ലാത്തതും മതിയായ ചികിത്സ ലഭിക്കുന്നതിന് തടസ്സമായി. ബല്ലസ്മർ ആശുപത്രിയിലെ മലയാളി നഴ്സുമാർ അറിയിച്ചതിനെ തുടർന്നു സുരേഷിന്റെ കുടുംബം വിദേശകാര്യ സഹമന്ത്രി മുരളീധരന്റെ സഹായം തേടുകയായിരുന്നു.

അസീറിലെ ജീവകാരുണ്യപ്രവർത്തകൻ അഷ്റഫ് കുറ്റിച്ചലിനെ വിഷയത്തിലിടപെടാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ചുമതലപ്പെടുത്തി. താമസരേഖ ശരിയാക്കാനുള്ള വലിയ സാമ്പത്തിക ചെലവ് വഹിക്കാൻ തൊഴിലുടമ ആദ്യം തയാറായില്ല. അബഹ ലേബർ ഓഫിസ് മേധാവിയുടെ ഇടപെടലിൽ തൊഴിലുടമ കുറഞ്ഞകാലത്തേക്ക് ഇഖാമ പുതുക്കി എക്സിറ്റ് വിസ തരപ്പെടുത്തി. സെപ്തംബർ ആറിന് എക്സിറ്റ് വിസ കിട്ടിയെങ്കിലും ശരീരമാസകലം തളർന്ന് അബോധാവസ്ഥയിലായിരുന്നതിനാൽ നാട്ടിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

അഷ്റഫ് കുറ്റിച്ചൽ ആശുപത്രി മേധാവികളുമായി സംസാരിച്ച് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കി. സഹായത്തിന് ആശുപത്രിയിലെ ശുചീകരണതൊഴിലാളികളേയും ഏർപ്പെടുത്തി. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട്, ഒരു ഡോക്ടറുടേയോ നഴ്സിന്റേയോ സഹായത്തോടെ യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥ ആയപ്പോഴേക്കും നാട്ടിൽ പോകുന്നതിന്നു തടസ്സമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സൗദി എയർലൈൻസ് വിമാന കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ സ്ട്രച്ചറിൽ രോഗിയെ കൊണ്ടുപോകുന്നതിനും കൂടെ പരിചാരകയായി ഒരു നഴ്സിനെ അയക്കുന്നതിനും 41,000 സൗദി റിയാൽ (എട്ടര ലക്ഷം രൂപ) ചെലവ് വരുമെന്നു അറിയാൻ കഴിഞ്ഞു. സുരേഷിന്റെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതായിരുന്നില്ല ഈ തുക. തൊഴിലുടമയും കൈയ്യൊഴിഞ്ഞു.

ഇതോടെ വിഷയം കോൺസുലേറ്റ് ഏറ്റെടുത്തു. കോൺസുൽ ജനറൽ ഷാഹിദ് ആലം വിദേശകാര്യമന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്തെഴുതുകയും പ്രത്യേക അനുമതി നേടി സുരേഷിനെ തുടർചികിത്സക്ക് നാട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യമായ മുഴുവൻ തുകയും അനുവദിക്കുകയും ചെയ്തു. കോൺസുലേറ്റ് ക്ഷേമകാര്യ വിഭാഗം കോൺസൽ മുഹമ്മദ് അബ്ദുൽ ജലീലിന്റെയും സഹ ഉദ്യോഗസ്ഥൻ മുഹമ്മദ് ഉനൈസ് ഇല്ലത്തിന്റെയും ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്.

ചികിത്സാ ചെലവായ 70,000 റിയാൽ (ഏകദേശം 15 ലക്ഷത്തോളം രുപ) അടച്ചാൽ മാത്രമേ ഡിസ്ചാർജ് ചെയ്യൂ എന്ന ആശുപത്രി അധികൃതരുടെ നിലപാടായി അടുത്ത തടസ്സം. കോൺസുൽ ജനറലിന്റെ നിർദേശാനുസരണം വിഷയം അബഹ ഗവർണർ തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസിന്റെ ശ്രദ്ധയിൽ പെടുത്തി. അദ്ദേഹത്തിന്റെ ഓഫിസ് മേധാവി ജുബ്റാൻ ഖഹ്താനി ആരോഗ്യവിഭാഗം മേധാവിയുമായും ആശുപത്രി ഡയറക്ടറുമായും ബല്ലസ്മർ പൊലീസ് മേധാവിയുമായും സംസാരിച്ച് ഭാരിച്ച തുകയുടെ ഉത്തരവാദിത്വത്തിൽനിന്നും കോൺസുലേറ്റിനേയും സാമൂഹികപ്രവർത്തകരേയും ഒഴിവാക്കി തൊഴിലുടമയുടെ പേരിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.

വെള്ളിയാഴ്ച രാത്രി 10നുള്ള സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിലേക്കും അവിടെനിന്ന് പുലർച്ചെ രണ്ടിനുള്ള വിമാനത്തിൽ കൊച്ചിയിലേക്കും കൊണ്ടുപോയി. ജിദ്ദക്ക് സമീപമുള്ള ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന ആലുവ എഴിപുറം സ്വദേശിനി അതുല്യ കുഞ്ഞുമോനാണ് സുരേഷിന് ആവശ്യമായ പരിചരണം നൽകി വിമാനത്തിൽ ഒപ്പം സഞ്ചരിച്ചത്. ശനിയാഴ്ച രാവിലെ 10ന് വിമാനത്താവളത്തിൽ എത്തിയ സുരേഷിനെയും കൊണ്ട് ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ആംബുലൻസിൽ ചെന്നൈയിലേക്ക് പുറപ്പെട്ടു.

ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ പ്രസിഡന്റുകൂടിയായ അഷ്റഫ് കുറ്റിച്ചലിനെ കൂടാതെ റോയി മൂത്തേടം, പൈലി ജോസ്, മുജീബ് എള്ളുവിള, ഷഫീർ കൊപ്പത്ത് എന്നിവരും സഹായത്തിന് രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - unconscious for four months due to concussion; Tamil Nadu native was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.