കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും മദീനയിൽ

മദീന സന്ദർശിച്ച് വി. മുരളീധരനും സ്മൃതി ഇറാനിയും; ‘മസ്ജിദുന്നബവിയുടെ പുറംകാഴ്ച തന്നെ അനുഗ്രഹീതം...’

മദീന (സൗദി അറേബ്യ): ഇസ്‍ലാമിക പുണ്യനഗരമായ മദീന സന്ദർശിച്ചുവെന്നും മസ്ജിദുന്നബവിയുടെ പുറംകാഴ്ച തന്നെ പ്രൗഢഗംഭീരവും അനുഗ്രഹീതവുമാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കൊപ്പമാണ് മുരളീധരൻ മദീനയി​യിലെത്തിയത്.

സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും മദീനയിലെത്തിയത്. ലോകത്തിലെ ആദ്യ മസ്ജിദായ ഖുബയും ഉഹ്ദ് പർവതവും പുണ്യകാഴ്ചകളായതായും മന്ത്രി പറഞ്ഞു. ഇസ്‍ലാമിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് തങ്ങളെ നയിച്ച സൗദി ഭരണകൂടത്തിന്റെറെ നിലപാട്, ഭാരതത്തിൻറെ സാംസ്കാരിക- ആധ്യാത്മിക സമഭാവനയ്ക്കുള്ള അംഗീകാരം കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്നലെയാണ് കേന്ദ്ര വനിതാ ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ജിദ്ദയിലെത്തിയത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ ന്യൂനപക്ഷകാര്യ മന്ത്രി സ്‌മൃതി ഇറാനി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. കഴിഞ്ഞ വർഷം അനുവദിച്ച അതെ ക്വാട്ട തന്നെയാണ് ഈ വർഷവും ഇന്ത്യക്ക് അനുവദിച്ചിരിക്കുന്നത്.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയും മന്ത്രി സ്‌മൃതി ഇറാനിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ നിന്നുള്ള മുഴുവൻ തീർഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് മെഡിക്കൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ചർച്ച ചെയ്തതായി മന്ത്രി സ്‌മൃതി ഇറാനി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.

തുടർന്ന് സ്മൃതി ഇറാനിയും വി. മുരളീധരനും ജിദ്ദ കിങ്‌ അബ്ദുൽ അസീസ് ഇന്റർനാഷനൽ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനൽ സന്ദർശിച്ചു. ഹജ്ജ് തീർഥാടകർക്കായി ഇവിടെ ഒരുക്കുന്ന ക്രമീകരണങ്ങൾ നിരീക്ഷിക്കുകയും ഇന്ത്യൻ ഹജ്ജ് തീർഥാടകരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും ലോജിസ്റ്റിക്സും മോണിറ്ററിംങ് സംവിധാനവും സുഗമമാക്കുന്നതിനുള്ള മാർഗങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുകയും ചെയ്തു.

ഇന്ത്യ, സൗദി നയതന്ത്ര ബന്ധം സമീപ വർഷങ്ങളിൽ കൂടുതൽ ദൃഢത കൈവരിച്ചുവരികയാണെന്നും വിവിധ മേഖലകളിൽ നടക്കുന്ന ഇരു രാജ്യങ്ങളുടെയും സുസ്ഥിരമായ ഇടപെടൽ ഇതിനെ അടയാളപ്പെടുത്തുന്നതായും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി. സ്മൃതി ഇറാനിക്കൊപ്പം ഇസ്ലാമിക പുണ്യനഗരമായ മദീനയിൽ സന്ദർശനം നടത്തി...

"പ്രവാചകൻ്റെ മസ്ജിദ് '' അൽ മസ്ജിദ് അൽ നബ് വിയുടെ പുറംകാഴ്ച തന്നെ പ്രൗഢഗംഭീരം, അനുഗ്രഹീതം...

ലോകത്തിലെ ആദ്യ മസ്ജിദായ ഖുബയും ഉഹ്ദ് പർവതവും പുണ്യകാഴ്ചകളായി...

ഇസ്ലാമിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് ഞങ്ങളെ നയിച്ച സൗദി ഭരണകൂടത്തിൻ്റെ നിലപാട്, ഭാരതത്തിൻറെ സാംസ്ക്കാരിക- ആധ്യാത്മിക സമഭാവനയ്ക്കുള്ള അംഗീകാരം കൂടിയാണ്.

Tags:    
News Summary - Union Minister Smriti Irani, MoS V Muraleedharan visit Saudi Arabia madeena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.