റിയാദ്: തലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി.സി.സി) റിയാദ് സംഘടിപ്പിച്ച ഇൻഡോർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് (യു.പി.സി-ഐ.പി.എൽ) രണ്ടാം സീസൺ, ഫാമിലി ഫൺ ഡേ പരിപാടികൾ റിയാദിലെ യുവർപേ അർക്കാൻ കോംപ്ലക്സിൽ സമാപിച്ചു. ഫൈനൽ മത്സരത്തിൽ ഗൾഫ് ലയൺ ക്രിക്കറ്റ് ക്ലബിനെ തകർത്ത് ആതിഥേയരായ ടി.സി.സി റിയാദ് ചാമ്പ്യന്മാരായി. ക്യാപ്റ്റൻ നസ്മിൽ, ടീം മാനേജർ പി.സി. ഹാരിസ്, വൈസ് ക്യാപ്റ്റൻ ബാസിത് എന്നിവർ ടീമിനൊപ്പം ട്രോഫി സ്വീകരിച്ചു. റിയാദിലും ദമ്മാമിലുമുള്ള പ്രമുഖ 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എം.ഡബ്ല്യു.സി.സി, കറിപോട്ട് സി.ടി.എ ബ്ലാസ്റ്റേഴ്സ് ടീമുകളാണ് സെമിയിൽ പ്രവേശിച്ച മറ്റു രണ്ടു ടീമുകൾ.
ഫൈനലിലെ താരമായി അജ്മൽ (ഗൾഫ് ലയൺ സി.സി) അർഹനായി. മാൻ ഓഫ് ദ സീരീസ്: ഫൈസൽ (ടി.സി.സി), ബെസ്റ്റ് ബാറ്റ്സ്മാൻ: അർഷാദ് (ഗൾഫ് ലയൺ സി.സി), ബെസ്റ്റ് ബൗളർ: മുഫാരിസ് (ഗൾഫ് ലയൺ സി.സി), ബെസ്റ്റ് ഫീൽഡർ: റുഷ്ദി (ഗൾഫ് ലയൺ സി.സി) എന്നിവർ മറ്റു വ്യക്തിഗത അവാർഡുകൾക്ക് അർഹരായി.
ശിങ്കാരിമേളത്തിന്റെ പൊലിമയോടെ കുരുന്നുകുട്ടികൾ ടൂർണമെന്റിൽ പങ്കെടുത്ത മുഴുവൻ ടീമുകളെയും നിരനിരയായി ഗ്രൗണ്ടിലേക്ക് ആനയിച്ചത് വർണക്കാഴ്ചയായി. ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിനോടൊപ്പം ഒരുക്കിയ വിനോദപരിപാടികളിൽ കുടുംബിനികളും കുട്ടികളും ആവേശത്തോടെ പങ്കെടുത്തു. സ്ത്രീകളുടെ ഇനത്തിൽ ഖോ ഖോ, ത്രോ ബാൾ, റിലേ എന്നിവ കൂടാതെ ഫൺ ഗെയിംസുകളും ഒരുക്കിയിരുന്നു. കുട്ടികളുടെ ഇനത്തിൽ സ്പോർട്സ് മത്സരങ്ങളും രസകരമായ ഗെയിംസുകളും സംഘടിപ്പിച്ചു. കൂടാതെ, കുട്ടികളുടെ ഫാഷൻ ഷോ, ഡ്രിൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവയും പരിപാടിക്ക് പൊലിമ കൂട്ടി. കേരളത്തിൽതന്നെ പേരുകേട്ട തലശ്ശേരിയുടെ രുചികരമായ ഭക്ഷണവിഭവങ്ങൾ അണിനിരന്ന ഫുഡ് സ്റ്റാളും ആകർഷകമായി. 50 വയസ്സിനു മുകളിലുള്ളവരുടെ ആവേശകരമായ വെറ്ററൻസ് ക്രിക്കറ്റ് മത്സരത്തിൽ റമീസ് നയിച്ച ജോസ് പ്രകാശ് മുതലക്കുഞ്ഞുങ്ങൾ ടീം, ഒ.വി. ഹസീബ് നയിച്ച ബാലൻ കെ. നായർ അങ്ങാടിപ്പയ്യൻസിനെ തോൽപിച്ചു.
പരിപാടിയിൽ പങ്കെടുത്തവർക്ക് നറുക്കെടുപ്പിലൂടെ അസർബൈജാൻ ട്രിപ്പും ആകർഷകമായ വീട്ടുപകരണങ്ങൾ അടക്കമുള്ള ബംബർ സമ്മാനങ്ങളും ഒരുക്കിയിരുന്നു. അഷ്റഫ് കോമത്തിന്റെ ഖിറാഅത്തോടെയാണ് പരിപാടി തുടങ്ങിയത്. ടി.സി.സി-ഐ.പി.എൽ ഓർഗനൈസിങ് കമ്മിറ്റി പ്രസിഡന്റ് അൻവർ സാദത്ത് അധ്യക്ഷത നിർവഹിച്ചു. സൗദി ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ അബ്ദുൽ വാഹീദ് പരിപാടി ഉദ്ഘാടനം ചെയ്തു. യു.പി.സി റീജനൽ മാനേജർ മുഫ്സീർ അലി, ഫ്രണ്ടി മൊബൈൽ പ്രോഡക്ട് ഹെഡ് മുഹമ്മദ് സിദ്ദീഖി, പി.എസ്.എൽ അറേബ്യ ലോജിസ്റ്റിക് ബ്രാഞ്ച് മാനേജർ ഷബീർ അലി എന്നിവരും സമ്മാനവിതരണ ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. 11 അംഗ നിർവാഹക സമിതിയുടെ നേതൃത്വത്തിൽ 30ഓളം വരുന്ന ഓർഗനൈസിങ് കമ്മിറ്റി അംഗങ്ങൾ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.