ജിദ്ദ: നഗര വികസനത്തിന്റെ ഭാഗമായി ജിദ്ദ നഗരസഭയിൽ 138 പ്രദേശങ്ങളിലായി 50,000ത്തോളം കെട്ടിടങ്ങൾ പൊളിക്കും. 13 പ്രദേശങ്ങളിലായി 11,000 കെട്ടിടങ്ങൾ ഇതിനോടകം പൊളിച്ചുനീക്കിയതായി അല്‍ ഇഖ്ബാരിയ ചാനല്‍ പുറത്തുവിട്ട കണക്കിൽ പറയുന്നു. പൊളിച്ചുനീക്കുന്ന കെട്ടിടങ്ങൾക്കും നഷ്ടപ്പെടുന്ന ഭൂമിക്കും ഉടമസ്ഥർക്ക് നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ ഡിജിറ്റൽ, വെബ്സൈറ്റ് മുഖേന ഞായറാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങിയതായി ജിദ്ദ നഗരസഭയും ജനറൽ അതോറിറ്റി ഫോർ സ്റ്റേറ്റ് റിയൽ എസ്റ്റേറ്റും അറിയിച്ചു. ഇതിനായി ഏതെങ്കിലും ഓഫിസുകൾ കയറിയിറങ്ങേണ്ട ആവശ്യമില്ല. നഷ്ടപരിഹാരം നൽകുന്നതിനുള്ള സംവിധാനം മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് പൂർത്തിയാക്കുക.
നഷ്ടപ്പെടുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും കൃത്യമായ രേഖയും ഫോട്ടോയുമായി ഉടമസ്ഥർ ഇലക്ട്രോണിക് രീതിയിൽ അപേക്ഷ സമർപ്പിക്കുക എന്നതാണ് ആദ്യ ഘട്ടം. അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ രണ്ടാംഘട്ടമായി ജിദ്ദ നഗരസഭ രേഖകളും മറ്റും പരിശോധിച്ച് സമഗ്രത ഉറപ്പാക്കും. ഈ പരിശോധന പൂർത്തിയാക്കി രേഖകൾ അവസാന ഘട്ട മൂല്യനിർണയ പ്രവർത്തനങ്ങൾക്കായി മക്ക മേഖല റിയൽ എസ്റ്റേറ്റ് അതോറിറ്റിയും ജിദ്ദ മുനിസിപ്പാലിറ്റിയും ചേർന്ന് രൂപവത്കരിച്ച കമ്മിറ്റിയിലേക്ക് അയക്കും. ഇവരുടെ മൂല്യനിർണയത്തിന് ശേഷം രേഖകളിൽ നഷ്ടപരിഹാരം നൽകാനായി സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് അതോറിറ്റിക്ക് കൈമാറും.
നിയമപരമായ ഉടമാവകാശം അനുസരിച്ചുള്ള രേഖകളുള്ള ഭൂമിയിലെ പൊളിക്കുന്ന കെട്ടിടങ്ങൾക്കും ഭൂമിക്കും നഷ്ടപരിഹാരം ലഭിക്കും. രേഖകളില്ലാത്ത ഭൂമിയിലെ കെട്ടിടമാണെങ്കിൽ കെട്ടിടത്തിന് മാത്രമായിരിക്കും നഷ്ടപരിഹാരം ലഭിക്കുകയെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.