ജിദ്ദ: മുംബൈയിലെ സൗദി അറേബ്യൻ കോൺസുലേറ്റിൽ തിങ്കളാഴ്ച്ച മുതൽ എല്ലാ വിസകളുടെയും സ്റ്റാമ്പിങ് പുനരാരംഭിക്കും. രാജ്യത്തെ റിക്രൂട്ടിംഗ് കമ്പനികൾക്ക് അയച്ച സർക്കുലറിലാണ് കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കോൺസുലേറ്റിന്റെ പ്രവർത്തന രീതികളും വിസ നടപടികളും സർക്കുലറിൽ വിവരിച്ചിട്ടുണ്ട്.

കോവിഡ് കാരണമുള്ള വിമാന സർവിസ് തടസങ്ങളെക്കുറിച്ചു റിക്രൂട്ടിംഗ് ഏജന്റുമാർ ആദ്യമേ പാസ്‌പോർട്ട് ഉടമകളെ അറിയിക്കേണ്ടതാണ്. വിസ സ്റ്റാമ്പ് ചെയ്തു എന്നത്കൊണ്ട് മാത്രം സൗദിയിലേക്ക് ഇന്ത്യയിൽ നിന്നും നേരിട്ട് യാത്ര ചെയ്യാൻ സാധിക്കില്ല. നിലവിൽ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള എല്ലാ നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതിയ വിസക്കാരും പാലിക്കേണ്ടതുണ്ട്. സൗദിയിലേക്ക് യാത്രാ വിലക്കില്ലാത്ത ഏതെങ്കിലും രാജ്യത്ത് 14 ദിവസങ്ങൾ ക്വാറന്റീൻ പൂർത്തിയാക്കിയവർക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം ഉണ്ടാവൂ എന്ന കാര്യം പാസ്‌പോർട്ട് ഉടമകൾക്ക് അറിയാമെന്നു ഉറപ്പുവരുത്തണം.

ഏതെങ്കിലും കാരണത്താൽ സൗദിയിലേക്ക് പ്രവേശനം നിഷേധിച്ചാൽ അതിന് കോൺസുലേറ്റ് ഉത്തരവാദിയായിരിക്കില്ലെന്ന് സർക്കുലറിൽ പറയുന്നു. എന്നാൽ ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും നിലവിലുള്ള യാത്രാ ഇളവുകൾ ഈ ഗണത്തിലുള്ള പുതിയ വിസക്കാർക്കും ബാധകമായിരിക്കും. അവർക്ക് വിസ സ്റ്റാമ്പ് ചെയ്താൽ നേരിട്ട് ഇന്ത്യയിൽ നിന്നും സൗദിയിൽ പ്രവേശിക്കാവുന്നതാണ്. ഇതിന് നിലവിൽ സ്വീകരിച്ചു വരുന്ന എല്ലാ മാർഗനിർദേശങ്ങളും റിക്രൂട്ടിംഗ് ഏജന്റുമാർ പൂർത്തിയാക്കണം.

ഏജന്റുമാരുടെ ലൈസൻസോ പെർമിറ്റോ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ അവ വേഗത്തിൽ പുതുക്കൽ നടപടികൾ പൂർത്തിയാക്കണം. കോൺസുലേറ്റ് കെട്ടിടത്തിന്റെ താഴെ നിലയിലുള്ള പ്രവേശന കവാടത്തിൽ രാവിലെ ഒമ്പത് മുതൽ പത്ത് വരെ മാത്രമേ പാസ്‌പോർട്ടുകൾ സ്വീകരിക്കുകയുള്ളൂ. കോണ്സുലേറ്റിലെത്തുന്ന എല്ലാ ഏജന്റുമാരും ശുചിത്വ നടപടിക്രമങ്ങൾ കർശനമായി പാലിക്കണം. പാസ്‌പോർട്ടുകൾ സമർപ്പിക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ നിർബന്ധമായും സാമൂഹിക അകലം പാലിക്കുകയും മാസ്കും കയ്യുറകളും ധരിക്കണമെന്നും കോൺസുലേറ്റ് ഇറക്കിയ സർക്കുലറിൽ അറിയിച്ചു.

Tags:    
News Summary - Visa stamping procedures at the Saudi Consulate in Mumbai will resume on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.