റിയാദ്: സ്വദേശത്തും വിദേശ രാജ്യത്തും നടന്ന വിസ കച്ചവടത്തിൽ പങ്കാളികളാവുകയും കൈക്കൂലി വാങ്ങുകയും ചെയ്ത വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെയും രണ്ട് പൊലിസുകാരെയും ഒമ്പത് വിദേശ പൗരന്മാരെയും അഴിമതി വിരുദ്ധ മേൽനോട്ട സമിതി അറസ്റ്റ് ചെയ്തു. തൊഴിൽ വിസകൾ നൽകി വൻതോതിൽ പണം സമ്പാദിച്ചതിനാണ് നയതന്ത്ര ഉദ്യോഗസ്ഥർ പിടിയിലായതെങ്കിൽ വൻ തുകയുടെ ബാധ്യതാ പത്രത്തിൽ ഒപ്പിടാൻ വിദേശ പൗരനെ പ്രേരിപ്പിച്ചതിെൻറ പേരിലാണ് പൊലീസുകാർ അറസ്റ്റിലായത്. അഴിമതി വിരുദ്ധ മേൽനോട്ട അതോറിറ്റിയായ ‘നസഹ’യും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്.
ബംഗ്ലാദേശിലെ സൗദി എംബസി കേന്ദ്രീകരിച്ച് നടന്ന വിസ കച്ചവടവും അഴിമതിയുമാണ് പിടിക്കപ്പെട്ടത്. എംബസി കോൺസുലർ വിഭാഗം തലവൻ ഖാലിദ് നാസർ അയ്ദ് അൽ ഖഹ്താനി, മുൻ ഡെപ്യൂട്ടി അംബാസഡർ അബ്ദുല്ല ഫലാഹ് മദ്ഹി അൽശംരി എന്നിവരാണ് അറസ്റ്റിലായ നയതന്ത്ര ഉദ്യോഗസ്ഥർ. തൊഴിൽ വിസകൾ നൽകി വൻതോതിൽ പണം സമ്പാദിച്ചതിന് ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സൗദിയിൽ പണം സ്വീകരിച്ചത് കൂടാതെ വിദേശത്ത് ഇവർ നിക്ഷേപം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.
റിക്രൂട്ട്‌മെൻറ് ഓഫീസ് ഉടമയും സൗദിയിൽ തമാസക്കാരനുമായ മുഹമ്മദ് നാസറുദ്ദീൻ നൂർ, മറ്റൊരു ഓഫീസ് ഉടമ സായിദ് ഉസൈദ് മൂഫി, അബുൽ കലാം മുഹമ്മദ്, റഫീഖ് അൽ ഇസ്‌ലാം, അസീസ് അൽഹഖ് മുസ്‌ലിമുദ്ദീൻ, അഷ്‌റഫുദ്ദീൻ അക്നാദ്, സന്ദർശന വിസയിൽ സൗദിയിലുള്ള ആലമീൻ ഖാൻ, ഷാഹിദ് അല്ലാഖാൻ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ധാക്കയിലെ സൗദി എംബസി ഉദ്യോഗസ്ഥരുമായി ചേർന്ന് അനധികൃത വിസ കച്ചവടം നടത്തി വന്നതായും ഇപ്രകാരം ധാരാളം പണം സമ്പാദിച്ചതായും ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. രണ്ട് കോടി 18 ലക്ഷത്തിൽപരം റിയാലും സ്വർണക്കട്ടികളും ആഢംബര വാഹനങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തതായും ‘നസഹ’ അധികൃതർ വെളിപ്പെടുത്തി.
ഫലസ്തീനി നിക്ഷേപകൻ സാലിഹ് മുഹമ്മദിന് വേണ്ടി 2.3 കോടി റിയാലിെൻറ ബാധ്യതാപത്രത്തിൽ ഒപ്പുവെക്കാൻ വിദേശിയെ നിർബന്ധിച്ചതിന് റിയാദ് റീജനൽ പൊലീസിലെ മിഅതാബ് സാദ് അൽ-ഗനൂം സ്‌പെഷൽ മിഷൻസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥൻ ഹാതിം മസ്തൂർ സാദ് ബിൻ ത്വയ്യിബ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനായി 60,000 റിയാൽ ഇവർ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. ഫലസ്തീനി നിക്ഷേപകനും കസ്റ്റഡിയിലാണ്. അറസ്റിലായവരെ അനന്തര നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.