ദമ്മാം: ലോകത്തിലെ ഏറ്റവും വലുപ്പമുള്ളതും ഹരിതാഭവുമായ മരുപ്പച്ച എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ അൽഅഹ്സ അറബ് ടൂറിസത്തിെൻറ തലസ്ഥാനമായി മാറിയിരിക്കുന്നു. മരുഭൂമി നടുവിൽ പച്ചപ്പു വിരിച്ച താഴ്വരയായ അൽഅഹ്സ സന്ദർശകർക്ക് സമ്മാനിക്കുന്നത് അത്യപൂർവമായ അനുഭവങ്ങളാണ്. ഇത്തവണത്തെ വേനൽകാലത്ത് മനം കുളിർക്കുന്ന യാത്രാനുഭവങ്ങൾ തേടി ഏറ്റവും കൂടുതൽ ആളുകൾ സൗദിയിൽ എത്തിയത് അൽഅഹ്സയിലാണെന്ന് സമ്മർ ടൂറിസം കണക്കുകൾ സൂചിപ്പിക്കുന്നു.
25 ലക്ഷത്തിലധികം വൈവിധ്യ ഈന്തപ്പനകൾ നിറഞ്ഞ അൽഅഹ്സ മരുപ്പച്ച കഴിഞ്ഞ വർഷമാണ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്. ഈന്തപ്പനത്തോട്ടങ്ങളുടേയും പച്ചപ്പ് നിറഞ്ഞ താഴ്വരകളുടെയും ഒഴുകുന്ന കുഞ്ഞരുവികളുടെയും ഹൃദയഹാരിയായ കാഴ്ചകളാൽ സമ്പന്നമാണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ഇൗ കാർഷിക മേഖല. മേഖലയുടെ പച്ചപ്പ് നിലനിർത്തുന്നതിന് അൽഅഹ്സയിലെ പ്രാദേശിക ഭരണകൂടം ജാഗ്രത പുലർത്തുന്നു. 280 ലധികം കൃത്രിമ ജലാശയങ്ങളും കിണറുകളും അൽഅഹ്സയിൽ ഉണ്ട്.
86 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള അൽഅഹ്സ ഭൂഗർഭ ജലാശയങ്ങളാലും സമൃദ്ധമാണ്. സൗദിയുടെ പരമ്പരാഗത ജീവിത നന്മകൾ ചോരാതെ ആധുനികതയോട് സമരസപ്പെട്ട് ജീവിക്കുന്ന ഗ്രാമീണർ അൽഅഹ്സയുടെ മറ്റൊരു സൗന്ദര്യമാണ്.
വിവിധയിടങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് സ്വന്തം വീട്ടകങ്ങളിൽ പാരമ്പര്യ രുചിസമ്പന്നമായ വിഭവങ്ങളുടെ സൽക്കാരങ്ങളൊരുക്കി നൽകുന്ന ആതിഥേയത്വം പുകൾപെറ്റതാണ്.
നൂറുമേനി വിളയുന്ന കാർഷിക മേഖല എന്ന നിലയിൽ ഇവിടെ കൃഷി ചെയ്യാത്ത പഴം പച്ചക്കറിയിനങ്ങൾ ഇല്ല. ഈത്തപ്പഴം കൂടാതെ വിവിധ പഴവർഗങ്ങളും പച്ചക്കറികളും ഇവിടെ ഉൽപാദിപ്പിക്കുന്നു. സമൃദ്ധമായി തന്നെ ഇവ ഇവിടെ വളരുന്നു. അൽഅഹ്സയിലെ ജബൽ അൽഗാറ എന്ന പർവത ഗുഹാമേഖല സൗദിയിലെ തന്നെ ഏറ്റവും വലിയ പ്രകൃതി വിസ്മയമാണ്.
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് പ്രളയക്കെടുതികൾ ബാക്കിവെച്ച പർവത ഭാഗമാണിത്. ഇതിെൻറ ഉള്ളറകളിൽ പ്രകൃതി തീർത്തിരിക്കുന്നത് വിസ്മയപ്പെടുത്തുന്ന ഗുഹകളും വാസ്തുരൂപങ്ങളുമാണ്. ഗുഹാന്തർ ഭാഗങ്ങളിലൂടെ സഞ്ചരിക്കുേമ്പാൾ ലഭിക്കുന്ന അത്ഭുതപ്പെടുത്തുന്ന അനുഭവമാണ്. പാറയുടെ അടരുകൾക്കപ്പുറത്ത് ഒരു അരുവിയുടെ സാന്നിധ്യം ഉണ്ടോയെന്നുപോലും സംശയിച്ചുപോകും.
അൽഅഹ്സയിലെ താഴ്വരകളെ ചുറ്റിയുള്ള വിവിധ രൂപഭാവങ്ങളിലുള്ള പർവതനിരകളും സഞ്ചാരികൾക്ക് ഏറെ പ്രിയം നൽകുന്നതാണ്.
ഇതിനു മുകളിൽനിന്നുള്ള അൽഅഹ്സ ജനവാസ, കാർഷിക മേഖലയുടെ കാഴ്ച അതിമനോഹരമാണ്. പച്ച വിരിപ്പിട്ട താഴ്വര മലനിരകളുടെ മടിയിൽ തലെവച്ചുറങ്ങുന്നതുപോലെ േതാന്നും. അൽഅഹ്സയുടെ കിഴക്കു ഭാഗത്ത് കടലിനോട് ചേർന്നുള്ള അൽ ഉഖൈർ മേഖലയിൽ ഇപ്പോഴുള്ള അവശിഷ്ടങ്ങൾ സൗദിയിലെ ആദ്യ തുറമുഖത്തിെൻറ കഥയാണ് പറയുന്നത്. ചരിത്രത്തിൽ ഇടം പിടിച്ച ഖൈസരിയ സൂഖ്, കടൽത്തീരങ്ങൾ, പാർക്കുകൾ എന്നിവയെല്ലാം അൽഅഹ്സയെ അതിമനോഹരിയാക്കുന്നു. ഇവിടുത്തെ കാർഷിക മേഖലയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹസാവി അരികൾ ലോകത്തിലെ തന്നെ വിലകൂടിയ അരി ധാന്യമാണ്.
സൗദി ടൂറിസം ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട 11 വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ അൽഅഹ്സയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.