ജിദ്ദ: 23 വര്‍ഷകാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന ഇസ്ലാമിക പണ്ഡിതനും ബഹു ഭാഷ പരിജ്ഞാനിയും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന വി.കെ അബ്ദുവിെൻറ (73) വിയോഗം ജിദ്ദ പ്രവാസികളെ തീരാ ദു:ഖത്തിലാഴ്ത്തി. ഹൃദയ സംബന്ധമായ അസുഖം കാരണം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയക്ക് വിധേയമായിരുന്ന ഇദ്ദേഹം വിശ്രമ ജീവിതം നയിക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി സ്വദേശിയായ വി.കെ അബ്ദു സൗദി അറേബ്യയിൽ പ്രമുഖ കമ്പനിയായ സാബികിലായിരുന്നു ജോലി ചെയ്തിരുന്നത്.
സമയനിഷ്ടയിലും ജീവിതാസൂത്രണത്തിലും ഏറെ അനുകരണീയമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ തൊഴില്‍പരവും വൈജ്ഞാനികവുമായ നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച ഒരു പണ്ഡിതൻ കൂടിയായിരുന്നു വി.കെ അബ്ദു. 'ഗള്‍ഫ് മാധ്യമം' ബഹ്റൈനില്‍ നിന്ന് പ്രഥമമായി പ്രസിദ്ധീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇദ്ദേഹം മാധ്യമം ജിദ്ദ ബ്യൂറൊ ചീഫായി സേവനമനുഷ്ടിച്ചിരുന്നു. ഹജ്ജ്, ഉംറ, മദീന സിയാറ എന്നിവയെക്കുറിച്ച് പഴയ കാലത്ത് അദ്ദേഹം എഴുതിയിരുന്ന ഈടുറ്റ ലേഖനങ്ങള്‍ ഏറെ ശ്രദ്ധാര്‍ഹവും പഠനാര്‍ഹവുമായിരുന്നു. ഇൻഫോർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്തകൾ വായനക്കാരിലെത്തിക്കാനായി മാധ്യമം പത്രത്തിൽ ആരംഭിച്ച 'ഇന്‍ഫോ മാധ്യമം' എന്ന വിഭാഗത്തിന്റെ തുടക്കം മുതൽ എഡിറ്ററായി സേവനമനുഷ്ടിച്ചിരുന്നതും വി.കെ അബ്ദുവായിരുന്നു.
2001 ല്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം പൊതുവെ വിശ്രമ ജീവിതം നയിക്കാറുള്ള പ്രവാസികളില്‍ നിന്നും വിത്യസ്തമായി ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് കീഴിലുള്ള ഡിഫോര്‍ മീഡിയയിലും ഇസ്ലാം ഓണ്‍ലൈവ് പോര്‍ട്ടലിലും വ്യഖ്യാത ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവുമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റലൈസ് ചെയ്യുന്നതിലും അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു.
ജിദ്ദയിലായിരിക്കെ മലയാളികളുടെ എല്ലാ പ്രശ്നങ്ങളിലും അവരുടെ കൂടെ ഉണ്ടായിരുന്ന മഹദ് വ്യക്തിത്വമായിരുന്നു വി.കെ അബ്ദുവെന്നും അദ്ദേഹത്തിെൻറ വിയോഗം കനത്ത നഷ്ടമാണ് സൃഷ്ടിച്ചതെന്നും കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഒരു കാലഘട്ടത്തില്‍ പ്രവാസി മലയാളികള്‍ക്ക് അപ്രാപ്യമായിരുന്ന കംമ്പ്യൂട്ടര്‍ മേഖലയെ അവര്‍ക്ക് പരിചയപ്പെടുത്തികൊടുത്ത വ്യക്തിത്വമായിരുന്നു വി.കെ.അബ്ദുവെന്ന് ഒ.ഐ.സി.സി വെസ്‌റ്റേൻ റീജിയനൽ പ്രസിഡന്റ് കെ.ടി.എ മുനീര്‍ പറഞ്ഞു. പ്രവാസി മലയാളികളെ ഉയര്‍ത്തികൊണ്ട് വരുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു വി.കെ അബ്ദുവെന്ന് നവോദയ രക്ഷാധികാരി വി.കെ അബ്ദുൽ റഊഫ് അഭിപ്രായപ്പെട്ടു.
തനിമ സാംസ്കാരിക വേദിയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു വി.കെ അബ്ദുവെന്നും അദ്ദേഹത്തിെൻറ വിയോഗം സൃഷ്ടിച്ച വിടവ് നികത്തുക എളുപ്പമല്ലെന്നും തനിമ നോര്‍ത്ത് സോണ്‍ പ്രസിഡൻറ് സി.എച്ച് ബഷീര്‍ അഭിപ്രായപ്പെട്ടു. മത, ഭൗതിക വിജ്ഞാനങ്ങൾ സമന്വയിപ്പിച്ച അപൂര്‍വ്വം പണ്ഡിതന്മാരില്‍ ഒരാളായിരുന്നു വി.കെ അബ്ദുവെന്ന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ട്രഷററും സാമൂഹിക പ്രവര്‍ത്തകനുമായ സലാഹ് കാരാടന്‍ അനുസ്മരിച്ചു. ആധുനിക വിവരസാങ്കേതിവ വിദ്യ ഉപയോഗിച്ച് ഇസ്ലാമിക വിജ്ഞാനം പരിപോഷിപ്പിക്കുന്നതില്‍ നിര്‍ണ്ണായക സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു വി.കെ അബ്ദുവെന്ന് ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യേറ്റിവ് പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.