ബുറൈദ: സൗദി നഗര ഗ്രാമകാര്യ പാർപ്പിട മന്ത്രാലയം രണ്ടു വർഷംകൊണ്ട് ബിരുദധാരികളായ 20,000 സ്വദേശി യുവതീയുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകാനുള്ള പദ്ധതി തയാറാക്കി. മാനവ വിഭവശേഷി വികസന ഫണ്ടുമായി സഹകരിച്ചാണ് 'തംഹീർ' എന്നു പേരിട്ട പദ്ധതി നടപ്പാക്കുക. ഇതു സംബന്ധിച്ച് മന്ത്രാലയം അണ്ടർ സെക്രട്ടറി അഹ്മദ് അൽ ഖറാവിയും മാനവ വിഭവശേഷി വികസന ഫണ്ട് ഡയറക്ടർ ജനറൽ തുർക്കി അൽ അൽജാവിനിയും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.
നഗര, ഗ്രാമ പാർപ്പിട വികസന മന്ത്രി മാജിദ് അൽ ഹോഖൈൽ, ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് അൽജാസിർ, പരിസ്ഥിതി ജല, കൃഷി മന്ത്രി ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിട്ടത്.
തൊഴിൽമേഖലയിൽ ബിരുദധാരികളായ സ്വദേശി യുവതക്ക് അവസരം നൽകുകയും രാഷ്ട്രനിർമാണ പ്രക്രിയയിൽ അവരെ പങ്കാളികളാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പദ്ധതിയെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. ബിരുദവുമായി കലാലയങ്ങളിൽനിന്ന് പുറത്തുവരുന്ന യുവസമൂഹത്തെ തൊഴിൽ വിപണിക്ക് അനുസൃതമായി പ്രാപ്തരാക്കുക എന്നത് ചെറിയ ദൗത്യമല്ലെന്ന് മന്ത്രാലയത്തിന് കീഴിലെ പ്രമുഖ പരിശീലക സ്ഥാപനമായ ശബാക്കത്ത് അബാദ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അവാദ് അൽ ദഫീരി പറഞ്ഞു. വിഷൻ 2030 പോലുള്ള വികസന ലക്ഷങ്ങളുടെ സാക്ഷാൽക്കാരത്തിന് ഉതകുന്ന ഇലക്ട്രോണിക് ഉള്ളടക്കമുള്ള പരിശീലനമാണ് തൊഴിലന്വേഷകർക്ക് നൽകുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ നിരവധി സർക്കാർ ഏജൻസികൾ നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.
പുതിയ ബിരുദധാരികൾക്ക് പരിശീലത്തിന് അനുയോജ്യമായ സ്ഥലവും പരിശീലകനെയും തിരഞ്ഞെടുക്കാമെന്നും ഉദ്യോഗാർഥികൾ അവസരം ഉപയോഗപ്പെടുത്തണമെന്നും സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി പരിശീലന വികസന വകുപ്പിന്റെ മുൻ മേധാവിയും 'മഹാറാത്ത്' പോഡ്കാസ്റ്റ് അവതാരകനുമായ മാജിദ് അൽ ഗംദി പറഞ്ഞു.
മിക്ക സ്ഥാപനങ്ങളും പുതിയ ബിരുദധാരികളെ നിയമിക്കുന്നതിന് തൊഴിൽ രംഗത്തെ മുൻപരിചയം ആവശ്യപ്പെടുന്നുണ്ട്. അതിനാൽ, സർക്കാർ ഏജൻസികൾ മുൻകൈയെടുത്ത് നടത്തുന്ന പരിശീലന പദ്ധതികൾ പ്രയോജനപ്പെടുത്താൻ യുവ സമൂഹം മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.