എന്തെങ്കിലും വിവരമുണ്ടോ ഉസ്താദേ... ആഹ്... ഉറപ്പിച്ചിട്ടില്ല, ഫോൺ വിളിച്ചു ചോദിക്കാൻ ആളെ വിട്ടിട്ടുണ്ട്. തോണിയുമായി അക്കരേക്ക് ആളും പോയിട്ടുണ്ട്. മാസപ്പിറവി കണ്ടു എന്ന സ്ഥിരീകരിക്കാത്ത വാർത്തയുടെ സത്യസന്ധത ഉറപ്പിക്കാനുള്ള അക്ഷമയോടെയുള്ള ഒരു കാത്തിരിപ്പിെൻറ പഴയകാല ചിത്രമാണിത്. കാപ്പാട് കടപ്പുറത്ത് നിലാവ് കണ്ടു, നാളെ പെരുന്നാളായി ഖാദിമാർ ഉറപ്പിച്ചിട്ടുണ്ട്, ഫോൺ വിളിക്കാൻ പോയയാൾ കിതച്ചുകൊണ്ട് ഒറ്റശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു. അക്കരെ പോയയാൾ തിരിച്ചെത്തുംമുന്നേ അവിടത്തെ പള്ളിയിൽനിന്നും മാസപ്പിറവി കണ്ടതായുള്ള അറിയിപ്പും കൂടെ തക്ബീർ ധ്വനികളും മുഴങ്ങി. തൊട്ടടുത്ത പള്ളികളിൽനിന്നും ആഘോഷത്തിെൻറ സന്തോഷത്തിെൻറ അറിയിപ്പുമായി തക്ബീറുകൾ ഈണത്തിൽ ചൊല്ലിക്കൊണ്ടിരുന്നു.
പെരുന്നാൾപിറ കണ്ടാൽ നാടും നഗരവും പതിവിനു വിപരീതമായി അർധരാത്രി വരെ സജീവമാകും. വീടുകളിൽ നാളത്തേക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. പെരുന്നാൾദിനത്തിലെ ഭക്ഷണത്തിെൻറ ഒരുക്കങ്ങളിലാണ് അടുക്കളകളിലെങ്ങും. പെൺകുട്ടികൾ പകലിൽ അരച്ചുവെച്ച മൈലാഞ്ചിച്ചാറുകൊണ്ട് കൈവെള്ളയിൽ മനോഹരമായി ചിത്രമൊരുക്കുന്ന തിരക്കിലാണ്. ആൺകുട്ടികൾ പെരുന്നാളിനായി വാങ്ങിയ പുത്തനുടുപ്പുകൾ പിന്നെയും പിന്നെയും എടുത്തുനോക്കിക്കൊണ്ട് ഇസ്തിരിയിടാനായി ഉമ്മമാരെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അതങ്ങെടൂത്ത് വെക്ക്... രാവിലെ പള്ളിയിൽ പോകും മുന്നേ ഇസ്തിരിയിട്ടു തരാം എന്ന് അടുക്കളയിലെ തിരക്കിനിടയിൽനിന്നും ഒച്ചയെടുക്കുമ്പോൾ മനസ്സില്ലാമനസ്സോടെ വീണ്ടും പുതുവസ്ത്രം അലമാരയിൽതന്നെ കൊണ്ടുവെച്ചുകൊണ്ട് ഒന്നു വേഗം നേരം വെളുത്തെങ്കിൽ എന്നും കരുതി ഉറങ്ങാൻ കിടക്കും. അടുക്കളയിലെ പണിയും ഫിത്ർ സകാത് അർഹരായവരിലേക്ക് എത്തിച്ചും പിന്നെയും ഏറെ നേരം ഉമ്മമാർ ഉറങ്ങാതെ നിൽക്കും.
നേരം വെളുക്കും മുന്നേ എഴുന്നേറ്റ് പുതുവസ്ത്രത്തിൽ അത്തറും പുരട്ടി വേഗത്തിൽ പള്ളിയിലെത്താൻ കുട്ടികൾ ധിറുതി കൂട്ടും. കുപ്പായത്തിൽ തേച്ചുവെച്ച അത്തറിെൻറ അടയാളം ഒരു കറപോലെ മുഴച്ചുനിൽക്കുന്നുണ്ടാവും. നേരത്തേതന്നെ പള്ളിയിലെ കാഹളത്തിൽ തക്ബീറിെൻറ ഈരടികൾ ഈണത്തിൽ ചൊല്ലിക്കൊണ്ടിരിക്കുന്നുണ്ടാവും. പള്ളിക്കകത്തെങ്ങും പുതുവസ്ത്രത്തിെൻറയും അത്തറിെൻറയും സുഖമുള്ളൊരു മണം തങ്ങിനിൽപുണ്ടാവും. പെരുന്നാൾ നമസ്കാരത്തിനുശേഷം ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മസംസ്കരണവും ആത്മവിശുദ്ധിയും കാത്തുസൂക്ഷിക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് ഖത്തീബുമാർ പള്ളി മിമ്പറിൽ വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ടേയിരിക്കും. കൂടെ ഏവർക്കും പെരുന്നാൾ ആശംസകളും.
പതിനഞ്ചോ ഇരുപതോ വർഷങ്ങൾക്കിപ്പുറത്തുനിന്നും ശവ്വാലിൻപിറ ലോകത്തെവിടെയും നിമിഷ നേരംകൊണ്ട് അറിയുന്ന വർത്തമാനകാലത്ത് ആഘോഷങ്ങൾക്ക് വലിയ മാറ്റമൊന്നും ഇല്ലെങ്കിലും മനസ്സുകൾക്കേറെ മാറ്റമുണ്ടായി. ഈ കൊറോണക്കാലത്തും തികച്ചും വിഭിന്നമായി ആഘോഷത്തിെൻറ ഒരു പെരുന്നാൾകൂടി വന്നുചേരുകയാണ്. കൈപിടിച്ച് ആലിംഗനം ചെയ്ത് പെരുന്നാളാശംസകൾ കൈമാറുന്ന നമ്മൾ ഹൃദയംകൊണ്ടുമാത്രം ഏവരെയും നെഞ്ചോട് ചേർത്തുപിടിക്കാൻ നിർബന്ധിതരാവുന്നു. ഇനിയും പുതുവസ്ത്രങ്ങളണിഞ്ഞ് മൈലാഞ്ചിയിട്ട് സന്തോഷത്തിെൻറ പൂത്തിരി കത്തിച്ച് അത്തറിെൻറ നറുമണം തൂകി പള്ളിയിലൊത്തു കൂടുന്ന ഓർമയിലെ ആ പെരുന്നാൾ വീണ്ടും വരും... കുടുംബത്തോടൊപ്പമുള്ള ഈ ആഘോഷവും സുഖമുള്ളൊരോർമയാവും... ഏവർക്കും പെരുന്നാൾ ആശംസകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.