ജുബൈൽ: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജുബൈലിൽ ശൈത്യകാല കലാകായിക മേള ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ സൗദി ആർട്സ് ആൻഡ് കൾചർ സൊസൈറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ നാദിയ അൽ ഉതൈബി മുഖ്യാതിഥിയായിരുന്നു.
സ്കൂൾ ചെയർമാൻ ആർ.ടി.ആർ. പ്രഭു, പ്രിൻസിപ്പൽ ആലംഗീർ ഇസ്ലാം, വൈസ് പ്രിൻസിപ്പൽ മഞ്ജുഷ ചിറ്റാലെ, മാനേജ്മൻറ് കമ്മിറ്റി അംഗങ്ങളായ ഡോ. ജൗഷീദ്, മെഹുൽ ചൗഹാൻ, സായി കൃഷ്ണൻ, ജമീൽ അക്തർ, ഡോ. ഷുജാത് അബ്ബാസ് എന്നിവർ പങ്കെടുത്തു.
ചിത്രരചനാ മത്സരങ്ങളോടെയാണ് ഫെസ്റ്റിന് ആരംഭം കുറിച്ചത്. 3500ഓളം കുട്ടികളിൽ നിന്നാണ് 100 പേരെ ചിത്രരചനാ മത്സരങ്ങൾക്കായി തെരഞ്ഞെടുത്തത്. ജയൻ തച്ചമ്പാറ, മോഹൻ അറുമുഖവല്ലൽ, നിധീഷ്, ശരവണൻ രാംദോസ് എന്നിവർ വിധികർത്താക്കളായിരുന്നു. ഫെസ്റ്റിൽ ജുബൈലിലെ മുഴുവൻ സ്കൂളുകളും മറ്റു കലാ സാംസ്കാരിക കൂട്ടായ്മകളും മാറ്റുരക്കുന്നുണ്ട്.
നിരവധി കുട്ടികളിൽനിന്ന് മികച്ച പ്രതിഭകളെ കണ്ടെത്താൻ ഇത്തരം ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ആർ.ടി.ആർ. പ്രഭു പറഞ്ഞു. സൗദി അറേബ്യയുടെ ഏത് ഭാഗത്ത് നിന്നും കുട്ടികൾക്ക് ഈ മേളയിൽ പങ്കെടുക്കാം.
ഇത്തരത്തിൽ കഴിവ് തെളിയിക്കുന്ന കുട്ടികൾക്ക് ഇന്ത്യയിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ട്. രക്ഷിതാക്കൾ ഈ മേളയുമായി ബന്ധപ്പെട്ട് അധ്യാപകർക്കും മാനേജ്മെന്റിനും വലിയ പ്രോത്സാഹനമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അണ്ടർ സിക്സ്, അണ്ടർ 11, അണ്ടർ 17, അണ്ടർ 19 തുടങ്ങിയ കാറ്റഗറികളിലായി നിരവധി വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കുന്നത്. സ്പോർട്സ് ഫെസ്റ്റും ആരംഭിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്ത ഗ്രൗണ്ടുകളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങിയ മത്സരയിനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.