അബഹ: സൗദിയുടെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അപൂർവമായ ശേഷിപ്പുകളുടെ കേന്ദ്രമായ അബഹയിലെ പൗരാണിക ഗ്രാമമായ റിജാൽ അൽമയിലേക്ക് സന്ദർശക പ്രവാഹം. സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശീതകാല അവധിക്കാലമായതിനാൽ ഇവിടേക്ക് സ്വദേശി കുടുംബങ്ങളുടെയും മറ്റും വർധിച്ച ഒഴുക്കാണ് കാണുന്നത്. അസീർ പ്രവിശ്യയുടെ ആസ്ഥാനമായ അബഹ നഗരത്തിന് പടിഞ്ഞാറ് 45 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റിജാൽ അൽമ ലോകശ്രദ്ധ പിടിച്ച പൈതൃകഗ്രാമമാണ്. സൗദിയുടെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അപൂർവമായ ശേഷിപ്പുകളുടെ കേന്ദ്രമാണിത്. ലോകത്തെ ഏറ്റവും മികച്ച ടൂറിസം വില്ലേജുകളിൽ യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. യുനെസ്കോ ലോക പൈതൃക പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
പുരാതന വാസ്തുവിദ്യയിലെ നിരവധി സൗധങ്ങൾ ഇവിടെയുണ്ട്. അതിൽ ആറു നിലകളുള്ള കെട്ടിടത്തിനുള്ളിൽ റിജാൽ അൽമ എന്ന പേരിൽ ഒരു മ്യൂസിയമുണ്ട്. ഈ ഗ്രാമത്തിലെ പ്രാചീനകാല സാമൂഹിക ജീവിതത്തിന്റെ ശേഷിപ്പുകളാണ് അവിടെ സൂക്ഷിച്ചിട്ടുള്ളത്. മ്യൂസിയം സന്ദർശിക്കാൻ 20 റിയാലാണ് ടിക്കറ്റ് നിരക്ക്. പുരാവസ്തുക്കൾ, ചിത്രങ്ങൾ, കലാസൃഷ്ടികൾ, ചരിത്ര ശേഖരങ്ങൾ, ഫോട്ടോകൾ എന്നിവ ചരിത്ര കുതുകികൾക്ക് അറിവ് പകരും. ഗ്രാമത്തിൽ 16 കോട്ടകളുടെ ശേഷിപ്പുകളുണ്ട്. മലകൾക്കിടയിലൂടെ നീളുന്ന യമൻ-സൗദി പുരാതന വ്യാപാര പാതയിലെ വിശാലമായ താഴ്വരയിലാണ് റിജാൽ അൽമ ഗ്രാമങ്ങളും കെട്ടിടങ്ങളുമുള്ളത്. ഇവക്ക് 900 വർഷങ്ങൾ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.
അബഹ നഗരത്തിൽനിന്ന് 20 കിലോമീറ്റർ ചുരം കയറിയാൽ സൗദിയിലെ ഏറ്റവും ഉയരമുള്ള അൽസൗദ പർവതാഗ്രത്തിലെത്താം. വളരെ മനോഹരമായ ഈ പർവതത്തിന്റെ ചുവട്ടിലാണ് റിജാൽ അൽമാ ഗ്രാമം. പൈതൃക ഗ്രാമത്തിൽ പ്രകൃതിദത്തമായ മണ്ണും കല്ലും മരവും ഉപയോഗിച്ചുകൊണ്ടുള്ള നിർമിതികളാണ് ഏറെയും. ഇവിടെയുള്ള 60തോളം ബഹുനില കൊട്ടാരങ്ങൾ കാലത്തെ അതിജീവിച്ച് നിലനിൽക്കുന്നു. പച്ച, ചുവപ്പ്, നീല വർണങ്ങളിൽ രൂപകൽപന ചെയ്ത തടികൾ കൊണ്ടുള്ള ജാലകങ്ങളും വിസ്മയ കാഴ്ചയൊരുക്കുന്നു. മുറികളിലെ അകത്തളങ്ങളിലെ ചുവരുകളിലെ ലിഖിതങ്ങളും വരകളും ചരിത്രത്തിന്റെ നാൾവഴികൾ സന്ദർശകർക്ക് പകരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.