പൂർണമായും വനിതകളാൽ നിയന്ത്രിക്കുന്ന ആദ്യ ലുലു എക്സ്പ്രസ് സ്റ്റോർ ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു

ജിദ്ദ: ലുലു ഗ്രൂപ്പിന്‍റെ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി ചേർത്തുകൊണ്ട് പൂർണമായും വനിതകളാൽ നിയന്ത്രിക്കുന്ന ആദ്യ ലുലു എക്സ്പ്രസ് സ്റ്റോർ ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ പതിവ് ഉദ്‌ഘാടന പരിപാടികളെല്ലാം മാറ്റിവെച്ചുകൊണ്ടാണ് പടിഞ്ഞാറൻ മേഖലയിൽ ലുലുവിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കി ഫെബ്രുവരി എട്ടിന് ജിദ്ദയിലെ അൽ ജാമിഅഃയിൽ പുതിയ എക്സ്പ്രസ് സ്റ്റോർ തുറന്നു പ്രവർത്തനമാരംഭിച്ചത്. സൗദിയിൽ നിലവിൽ വരുന്ന ലുലുവിന്‍റെ 20 മത് സ്റ്റോറാണിത്. ഇതോടെ ലോകമെമ്പാടുമുള്ള ലുലു സ്റ്റോറുകളുടെ എണ്ണം 201 ആയി ഉയർന്നു.


പൂർണമായും സ്വദേശി വനിത ജീവനക്കാരാൽ നിയന്ത്രിക്കപ്പെടുന്നുവെന്നതാണ് പുതിയ സ്റ്റോറിന്റെ പ്രത്യേകത. സൗദിയിൽ നിലവിലുള്ള വിഷൻ 2030 പരിഷ്കരണ പദ്ധതിക്ക് അനുസൃതമായി സൗദി വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തോടുള്ള ലുലു ഗ്രൂപ്പിന്റെ പ്രതിബദ്ധത കൂടിയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിക്ക് സമീപം 37,000 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ സ്റ്റോർ സ്ഥിതിചെയ്യുന്നത്. ആഗോളതലത്തിൽ ഉത്പാദിപ്പിക്കുന്ന എല്ലാവിധ അവശ്യവസ്തുക്കൾ, ആരോഗ്യ, സൗന്ദര്യ, ഗാർഹിക, ഭക്ഷ്യ വസ്തുക്കളെല്ലാം സ്റ്റോറിൽ ലഭ്യമാണ്. നഗര കേന്ദ്രങ്ങളിൽ മാത്രമല്ല, സൗദിയിലെ വിവിധ ഉൾപ്രദേശങ്ങളിലും ലുലു സ്റ്റോറുകൾ നിലവിലുണ്ട്.

എല്ലാ കോവിഡ് പ്രോട്ടോകോളുകളും കൃത്യമായും പാലിച്ച് കൊണ്ടാണ് തങ്ങളുടെ ഉപഭോക്താക്കളെ സ്വീകരിക്കുന്നതെന്നും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായ തവക്കൽന ആപ്പ് ഡൗൺലോഡ് ചെയ്തവർക്ക് മാത്രമേ സ്റ്റോറുകളിലേക്ക് പ്രവേശനമുണ്ടാവൂവെന്നും ലുലു മാനേജ്‌മെന്റ് അറിയിച്ചു. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾക്കിടയിലും ഭക്ഷ്യ, ഭക്ഷ്യേതര ഉൽ‌പ്പന്നങ്ങൾ ഒരു തടസ്സവുമില്ലാതെ ലുലു സ്റ്റോറുകളിൽ വിതരണം ഉറപ്പാക്കുന്നുണ്ട്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ശുചിത്വം, ആരോഗ്യം, സുരക്ഷ എന്നിവക്ക് ഉയർന്ന പ്രാധാന്യവും ലുലു സ്റ്റോറുകളിലുണ്ട്.

ഷോപ്പിംഗ് രംഗത്ത് നൂതന രീതികൾ അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് ജനറൽ മാനേജർ മുതൽ കാഷ്യർമാർ വരെ മുഴുവൻ ജീവനക്കാരും വനിതകളെ മാത്രം നിശ്ചയിച്ചുകൊണ്ടുള്ള ഒരു സ്റ്റോറിന് ആദ്യമായി തങ്ങൾ തുടക്കം കുറിച്ചതെന്ന് ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ മുഹമ്മദ് ഷഹീം പറഞ്ഞു.

ഇതിലൂടെ കൂടുതൽ സ്വദേശി വനിതകളെ തൊഴിൽ രംഗത്ത് ശാക്തീകരിക്കാനുള്ള ശ്രമമാണ് തങ്ങൾ നടത്തുന്നത്. നിലവിൽ രാജ്യത്തൊട്ടാകെയുള്ള ലുലുവിന്റെ എല്ലാ ഹൈപ്പർ മാർക്കറ്റുകളിലുമായി 800 സ്ത്രീകൾ ഉൾപ്പെടെ 3,000 സൗദി പൗരന്മാർ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പിന്റെ വനിതകളാൽ നയിക്കപ്പെടുന്ന ആദ്യ സ്റ്റോറിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സ്റ്റോർ ജനറൽ മാനേജർ മഹാ മുഹമ്മദ് അൽകർണി പറഞ്ഞു. രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിക്ക് മികച്ച പിന്തുണ നൽകുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന സൗദി വനിതകളുടെ പ്രതിനിധിയാവാൻ തനിക്ക് അവസരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നതായും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - women staff controlled lulu express store started in jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.