യാംബു: വിദേശികൾക്ക് തൊഴിൽ ചെയ്യാൻ ആഗോളതലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. ഡെന്മാർക്ക് കഴിഞ്ഞാൽ പ്രവാസികൾക്ക് ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്ന അന്തരീക്ഷം സൗദിയിലാണെന്ന് ‘ഇൻറർനേഷൻസ് പ്ലാറ്റ്ഫോം’ പ്രവാസികളുടെ ജീവിതത്തെ കുറിച്ച് നടത്തിയ സർവേയിലാണ് കണ്ടെത്തൽ. യു.എ.ഇ, അമേരിക്ക, ബെൽജിയം, നെതർലാൻഡ്സ് എന്നിവ റാങ്കിങ്ങിൽ സൗദി അറേബ്യയെക്കാൾ വളരെ പിന്നിലാണ്.
ഈ വർഷത്തെ ‘വർക്ക് എബ്രോഡ് ഇൻഡക്സി’ൽ ഏറ്റവും മികച്ച തൊഴിൽ സ്ഥലമെന്ന നിലയിൽ സൗദി ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കി. ‘ഇൻറർനേഷൻസ് പ്ലാറ്റ്ഫോം’ നടത്തിയ ഏറ്റവും പുതിയ പ്രവാസി സർവേ പ്രകാരം സൗദി പ്രഫഷനൽ ഡെവലപ്മെൻറ് സൂചികയിൽ ഒന്നാം സ്ഥാനത്തും ശമ്പളത്തിലും തൊഴിൽ സുരക്ഷയിലും രണ്ടാം സ്ഥാനത്തുമെത്തിയതായി സർവേ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സൂചികപ്രകാരം ഡെന്മാർക്ക് ഒന്നാം സ്ഥാനത്തും സൗദി അറേബ്യ രണ്ടാം സ്ഥാനത്തുമാണ്. ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, യു.എ.ഇ, ആസ്ട്രേലിയ, മെക്സികോ, ഇന്തോനേഷ്യ, ഓസ്ട്രിയ എന്നിവയാണ് യഥാക്രമം മൂന്നു മുതൽ 10 വരെ സ്ഥാനത്തുള്ള രാജ്യങ്ങൾ.
ഡെന്മാർക്കിലെ പ്രവാസികൾ മറ്റ് വിദേശരാജ്യങ്ങളിലുള്ള പ്രവാസികളെ അപേക്ഷിച്ച് സന്തുഷ്ടരാണ്. ഏകദേശം 68 ശതമാനം പ്രവാസികളും തങ്ങൾക്ക് നല്ല നിലയിൽ ജോലി ചെയ്യാൻ കഴയുമെന്ന് പറയുന്നു. 82 ശതമാനം പേർ രാജ്യത്തിന്റെ ബിസിനസ് സംസ്കാര രീതിയെ പിന്തുണക്കുന്നുവെന്ന് സമ്മതിക്കുന്നു. അവരിൽ മുക്കാൽ ഭാഗവും പൊതുവെ ജോലിയിൽ സംതൃപ്തരാണ്. അതേസമയം പ്രവാസികൾ അവരുടെ തൊഴിൽ സുരക്ഷയിൽ പൂർണമായി തൃപ്തരല്ലയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സൗദിയിലെ വിദേശികളിൽ പകുതിയിലധികം പേരും പ്രാദേശിക തൊഴിൽ വിപണിയെ ക്രിയാത്മകമായി വിലയിരുത്തുന്നു. സൗദിയിലെത്തിയ പ്രവാസികൾ അവരുടെ തൊഴിൽ മേഖലകളിൽ കൂടുതൽ മികവ് പുലർത്തിയതായും സർവേ നിരീക്ഷിക്കുന്നു. ആദ്യ പത്ത് സ്ഥാനങ്ങളിൽ മിഡത്ലീസ്റ്റ് മേഖലയെ പ്രതിനിധീകരിച്ച് സൗദിക്കൊപ്പം യു.എ.ഇ ആഗോളതലത്തിൽ ആറാം സ്ഥാനത്തെത്തി. ഖത്തർ 19ാം സ്ഥാനത്തും ഒമാൻ 21ാം സ്ഥാനത്തുമെത്തി.
യു.എസ് ആഗോളതലത്തിൽ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ കൈവരിച്ചിട്ടും 22ാം സ്ഥാനത്താണ്. ജർമനിയും യു.കെയും ഇതിന് പിറകിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സർവേയിൽ വിദേശരാജ്യങ്ങളിൽ താമസിക്കുന്ന 12,500 ലധികം ആളുകളെ ഉൾപ്പെടുത്തിയിരുന്നു. അവരുടെ അഭിപ്രായങ്ങളും തൊഴിൽ മേഖലകളിലെ അവസ്ഥയും ഉൾപ്പെടെ നാല് ഉപവിഭാഗങ്ങളായി തിരിച്ചാണ് സർവേ നടത്തിയത്. പ്രവാസികളുടെ പ്രാദേശിക തൊഴിൽ വിപണിയുടെ വർഗീകരണവും അവരുടെ തൊഴിലവസരങ്ങളും തൊഴിൽ മേഖലയിലെ പുരോഗതിയും സർവേയിൽ പരിശോധിച്ചു.
ശമ്പളവും തൊഴിൽ സുരക്ഷ സംവിധാനവും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും പ്രാദേശിക തൊഴിൽ സുരക്ഷയും പ്രവാസികൾക്ക് അവരുടെ ജോലിക്ക് ന്യായമായ വേതനം ലഭിക്കുന്നതുമൊക്കെ പരിശോധനക്ക് വിധേയമാക്കിയായിരുന്നു സർവേ ഫലം പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.