റിയാദ്: വേൾഡ് എക്സ്പോ 2030ലും സൗദി ആതിഥേയത്വം വഹിക്കുന്ന 2034ലെ ഫിഫ ലോകകപ്പിലും സൗദി അറേബ്യയുടെ അംഗീകൃത പങ്കാളിയാകാൻ തെൻറ രാജ്യം ആഗ്രഹിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. സൗദി-ഫ്രഞ്ച് ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ സമാപന പരിപാടിയിലാണ് ഫ്രഞ്ച് പ്രസിഡൻറ് ഇക്കാര്യം പറഞ്ഞത്. സൗദി വിഷൻ 2030ൽ പങ്കെടുക്കണമെന്ന് പാരിസ് ആഗ്രഹിക്കുന്നു.
സൗദിയും ഫ്രാൻസും ഏറ്റവും അടുപ്പമുള്ള രാജ്യങ്ങളാണെന്നും ഒരേ ദർശനങ്ങൾ പങ്കിടുന്നുവെന്നും ഫ്രഞ്ച് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. സൗദിയിൽ പ്രവർത്തിക്കുന്ന ഫ്രഞ്ച് കമ്പനികൾക്കുള്ള പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. ഫ്രാൻസിൽ സൗദി നിക്ഷേപം വർധിപ്പിക്കാൻ പാരിസ് ആഗ്രഹിക്കുന്നു. ഫ്രാൻസ് എപ്പോഴും സൗദി അറേബ്യയുടെ വിശ്വസ്ത പങ്കാളിയാണ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിൽ സൗദി നിക്ഷേപം നടത്തുന്നുണ്ടെന്നും അതിന്റെ പങ്കാളികളാകാൻ ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും മാക്രോൺ പറഞ്ഞു.
ഡിജിറ്റൈസേഷൻ, സംരംഭകത്വ മേഖലകളിൽ റിയാദുമായി സഹകരിക്കാൻ ഫ്രാൻസിന് മികച്ച അവസരമുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് സൂചിപ്പിച്ചു. സൗദി സന്ദർശനത്തിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തിങ്കളാഴ്ച വൈകിട്ടാണ് റിയാദിലെത്തിയത്. ഔദ്യോഗിക സന്ദർശനങ്ങൾക്കിടയിൽ സൗദി കിരീടാവകാശിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശിയുടെയും പ്രസിഡൻറ് മാക്രോണിന്റെയും മുൻഗണന ഗസ്സയിൽ കാലതാമസം കൂടാതെ വെടിനിർത്തൽ കൈവരിക്കുന്നതിനാണെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.