ദമ്മാം: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് ബദര്‍ മെഡിക്കല്‍ സെൻററില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു. ലോകത്താകമാനം പടര്‍ന്നുപിടിച്ച കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷപരിപാടികള്‍ നടന്നത്. കോവിഡ് കാരണം ലോകത്തിന് നഷ്ടപ്പെട്ട നിരവധി മനുഷ്യരുടെ വിയോഗത്തില്‍ അനുശോചിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. മഹാമാരിയുടെ തീക്ഷ്ണത മനസ്സിലാക്കി സ്വന്തം ജീവനെയും ചുറ്റുപാടുകളെയും ചിന്തിക്കാതെ അഹോരാത്രം കർമമണ്ഡലത്തില്‍ സജീവമായിരുന്ന ആരോഗ്യ പ്രവര്‍ത്തകരെ ദമ്മാം ബദര്‍ നഴ്സസ് ഫോറം അഭിവാദ്യം ചെയ്തു.
ഇക്കാലയളവില്‍ നിരവധി നഴ്സുമാരടക്കമുള്ള ആരോഗ്യ രംഗത്തെ സഹപ്രവര്‍ത്തകര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായും അവരുടെ വിയോഗത്തില്‍ പ്രാര്‍ഥനയോടെ സ്മരിക്കുന്നതായും സംഗമം അഭിപ്രായപ്പെട്ടു. ഭൂമിയിലെ മാലാഖമാര്‍ എന്നറിയപ്പെടുന്ന നഴ്സുമാരെ കുറിച്ച് ഓര്‍ക്കാനെങ്കിലും ഇങ്ങനെ ഒരു ദിവസമുള്ളത് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഒാർമപ്പെടുത്തുന്നതിനും തങ്ങളുടെ കർമമണ്ഡലങ്ങളില്‍ പുതിയ ചിന്തകള്‍ക്ക് ഇടംനൽകുന്നതിനുമാണെന്നും കരുണയോടെ ആരോഗ്യ രംഗത്ത് ശോഭിക്കാനാവട്ടെയെന്നും ആശംസകള്‍ അര്‍പ്പിച്ച ബദര്‍ മെഡിക്കല്‍ സെൻറർ ഡോക്ടര്‍മാർ അഭിപ്രായപ്പെട്ടു.
സ്നേഹവും സമാധാനവും ലോകത്ത് നിലനില്ക്കാനും പ്രകാശപൂരിതമായ ഒരു ലോകം പിറവിയെടുക്കാനും പ്രതീകാത്മകമായി മെഴുകുതിരി തെളിച്ചുകൊണ്ട് തൂവെള്ള വസ്ത്രധാരികളായ ആരോഗ്യ പ്രവര്‍ത്തകര്‍ നിറപുഞ്ചിരിയോടെ സംഗമത്തില്‍ നിറഞ്ഞുനിന്നു.
ബദര്‍ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് ഖാലിദ് ഖത്താമി സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു. നഴ്സിങ് ഹെഡ് ദീപു, നവ്യ, ജെബി, സിബി, ജെസി, മാര്വിന്, റൊളാണ്ടോ, ജിബു വര്‍ഗീസ്, ഡോക്ടര്‍മാരായ ബെനഡിക്ട്, ബിജു വര്‍ഗീസ്, അക്ബര്‍, അജി വര്‍ഗീസ്, ഹാരി അബ്ദുല്‍ അസീസ്, ആയിശ, ബേനസീര്‍, ഇഫ്ര, മെഡിക്കല്‍ സ്റ്റാഫ് പ്രതിനിധി തൗസീഫ് എന്നിവര്‍ ആശംസ നേര്‍ന്നു. ഹബീബ് ഏലംകുളം, മുഹമ്മദ് ഷാഫി, താരിഖ് മുഹമ്മദ്, നൗഷാദ് തഴവ, റഷീദ് പാറമ്മല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.