ജിദ്ദ: ജനീവ ആസ്ഥാനമായ ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ) ഡയറക്ടർ ജനറൽ സ്ഥാനത്തേക്കുള്ള മത്സരത്തിൽ സൗദി അറേബ്യയുടെ സ്ഥാനാർഥി ഏറെ മുന്നിലെത്തിയതായി റിപ്പോർട്ട്. മുഹമ്മദ് അൽതുവൈജിരിയാണ് മൂന്ന് സ്ത്രീകളുൾപ്പെടെ മറ്റു നാല് മത്സരാർഥികളോടൊപ്പം രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ച് മുന്നേറുന്നത്. കെനിയൻ മന്ത്രി ആമിന മുഹമ്മദ്, മുൻ നൈജീരിയൻ ധനമന്ത്രി എൻഗോസി ഒകോൻജോ ഇവാല, ദക്ഷിണ കൊറിയൻ വ്യാപാര മന്ത്രി യൂ മ്യുങ് ഹീ, ബ്രിട്ടീഷ് മുൻ മന്ത്രി ലിയാം ഫോക്സ് എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ആദ്യ വോട്ടിങ് റൗണ്ടിെൻറ അവസാനത്തിൽ മെക്സികോ, ഈജിപ്ത്, മാൾഡോവ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനാർഥികൾ മത്സരത്തിൽ നിന്ന് പുറത്തായി. രണ്ടാം റൗണ്ടിലെ മത്സരം ബ്രിട്ടൻ, ദക്ഷിണ കൊറിയ, കെനിയ, നൈജീരിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ സ്ഥാനാർഥികൾ തമ്മിൽ നടക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) മുൻ വിദഗ്ധൻ കുസെ അൽഖുനൈസി പറഞ്ഞു.
രണ്ടാം റൗണ്ട് ഫലങ്ങൾ പ്രധാനമായും സ്ഥാനാർഥികളുടെ ലോബിയിങ് ശ്രമങ്ങളെയും നിർദിഷ്ട പ്രോഗ്രാമിനെയും ആശ്രയിച്ചിരിക്കും. നിലവിലെ കോവിഡ് പ്രതിസന്ധിയും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘർഷങ്ങളും കാരണം ഡബ്ല്യു.ടി.ഒയുടെ ഈ നിർണായക കാലയളവിൽ വോട്ടർമാർ ഓരോ മത്സരാർഥിയുടെയും പദ്ധതികൾ അവലോകനം നടത്തിയാവും വിധി നിർണയിക്കുക.
മുഹമ്മദ് അൽതുവൈജിരി സൗദി സ്വകാര്യമേഖലയിൽ ഇൻറർനാഷനൽ ബാങ്കിങ് രംഗത്തെ വിദഗ്ധനായും സൗദി സാമ്പത്തിക ആസൂത്രണ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഗൾഫ് മേഖലയിൽ തന്നെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥക്കായി സൗദിയിൽ രാജ്യവ്യാപകമായി നടപ്പാക്കുന്ന വിഷൻ 2030 സാമ്പത്തിക പരിവർത്തന പദ്ധതിയിലും അദ്ദേഹം തേൻറതായ പങ്കുവഹിച്ചിരുന്നു.
ജൂലൈയിൽ അൽതുവൈജിരി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ ലോക വ്യാപാര സംഘടന സുസ്ഥിരമാക്കേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.