ജിദ്ദ: ലോകത്തെ ഏറ്റവും വലിയ ലോജിസ്റ്റിക് ഏരിയ ജിദ്ദ തുറമുഖത്ത് ഉദ്ഘാടനം ചെയ്തു. ‘മെർസ്കി’ന്റെ ഏറ്റവും വലിയ ലോജിസ്റ്റിക് പാർക്കാണ് സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽ ജാസറിന്റെ സാന്നിധ്യത്തിൽ മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസാണ് മെർസ്ക് ലോജിസ്റ്റിക്സ് ഏരിയ ഉദ്ഘാടനം ചെയ്തത്.
1,30 കോടി റിയാൽ മുതൽമുടക്കി നിർമിച്ച ഇത് ലോകത്തിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്സ് ഏരിയയാണ്. പുതിയ സോൺ 2,25,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.
വിതരണ ശൃംഖലകളുടെ ചലനം സുഗമമാക്കുന്നതിനും പ്രതിവർഷം രണ്ടു ലക്ഷം സ്റ്റാൻഡേഡ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിക്കുന്ന ഒരു കൂട്ടം ലോജിസ്റ്റിക്കൽ പരിഹാരങ്ങൾ ഉൾക്കൊള്ളുന്നതാണ്. നേരിട്ടും അല്ലാതെയും 2,500ലധികം തൊഴിലവസരങ്ങൾ ഇത് പ്രദാനം ചെയ്യും.
സൗദി വനിതകളെ പരിശീലിപ്പിക്കുന്നതിനുള്ള വനിത അക്കാദമി, കയറ്റുമതി, ഇറക്കുമതി എന്നിവക്കുള്ള സംഭരണ, വിതരണ മേഖലകൾ, റഫ്രിജറേറ്റഡ് ഭക്ഷ്യ ഉൽപന്നങ്ങൾക്കുള്ള വെയർഹൗസുകൾ, ട്രാൻസ്ഷിപ്പ്മെന്റിനുള്ള മേഖല, വിമാന ചരക്ക്, ചരക്ക് ഷിപ്പിങ്, ഇ-കോമേഴ്സ് നടപ്പാക്കൽ കേന്ദ്രം എന്നിവയും ഉൾപ്പെടുന്നതാണ്.
ജിദ്ദ തുറമുഖത്തെ മെർസ്ക് ലോജിസ്റ്റിക്സ് ഏരിയ തുറമുഖ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് സംഭാവന ചെയ്യുമെന്ന് ജനറൽ പോർട്ട് അതോറിറ്റി സി.ഇ.ഒ ഉമർ ഹരീരി പറഞ്ഞു. മേഖലയിലെ ഏറ്റവും വലിയ സുപ്രധാന തുറമുഖങ്ങളിലൊന്നാണ് ജിദ്ദ തുറമുഖം.
ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായും മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രമായും രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് ഇത് സംഭാവന ചെയ്യും. 1,000 കോടി റിയാൽ മുതൽമുടക്കിൽ ‘മവാനി’യുമായി ബന്ധപ്പെട്ട തുറമുഖങ്ങളിൽ 18 ലോജിസ്റ്റിക് സോണുകൾ സ്ഥാപിക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് ഹരീരി വിശദീകരിച്ചു.
മൊത്തം 60 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ജിദ്ദ തുറമുഖത്ത് 10 ലോജിസ്റ്റിക് ഏരിയകളും ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്ത് എട്ട് ഏരിയകളും പ്രമുഖ അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഹരീരി പറഞ്ഞു. ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ പ്രാധാന്യത്തെയാണ് മെർസ്ക് ലോജിസ്റ്റിക്സിന്റെ ഉദ്ഘാടനം പ്രതിഫലിപ്പിക്കുന്നതെന്ന് സൗദിയിലെ മെർസ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് ശിഹാബ് പറഞ്ഞു.
ആഗോള ലോജിസ്റ്റിക്സ് സേവന മേഖലയിൽ മെർസ്കിന്റെ ഏറ്റവും വലിയ നിക്ഷേപമാണിത്. 32,000 സോളാർ പാനലുകൾ മേൽക്കൂരയിൽ സ്ഥാപിച്ചിട്ടാണ് പ്രദേശം പ്രവർത്തിക്കുന്നതെന്ന് മെർസ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ ചൂണ്ടിക്കാട്ടി. 33 ഫുട്ബാൾ മൈതാനങ്ങളുടെ വിസ്തൃതിക്ക് തുല്യമായ ഭീമൻ പദ്ധതിയാണിത്.
ആഗോള വ്യാപാര പ്രവാഹത്തിന്റെ വലിയൊരു പങ്ക് ആകർഷിക്കാനും ഈ മേഖലയിലെ എതിരാളികളെ മറികടക്കാനും ശേഷിയുള്ള ഒരു ആഗോള ലോജിസ്റ്റിക് പ്ലാറ്റ്ഫോമായി രാജ്യത്തെ മാറ്റാൻ ശ്രമിക്കുന്ന ഒരു സുപ്രധാന ഘട്ടമാണിത്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതി 2,500 തൊഴിലവസരങ്ങൾ നൽകുമെന്നും മെർസ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.