റിയാദ്: പ്രവാസത്തിൽ കണ്ടുമുട്ടിയ ലോകത്തെ പല മനുഷ്യരുടെ കദനങ്ങൾ കടഞ്ഞ് കഥയുടെ അമൃത കുംഭങ്ങൾ നിറച്ച എഴുത്തുകാരിയാണ് സബീന എം. സാലി. എന്നാലിപ്പോൾ അതിലും വലിയ കദനഭാരത്തിലാണ് അവർ. പിതാവിെൻറ ആകസ്മിക വേർപാടിെൻറ ദുഃഖത്തിൽ നിന്നും മോചനമായിട്ടില്ല. സ്നേഹനിധിയായ പിതാവിെൻറ ഓർമകളാണ് ഇപ്പോൾ ചിന്താമണ്ഡലം മുഴുവൻ. ഏതാനും ദിവസം മുമ്പാണ് ചില അസുഖങ്ങളുടെ വലയത്തിലായി അദ്ദേഹം ഇൗ ലോകത്തോട് വിടപറഞ്ഞിറങ്ങിപ്പോയത്. എറണാകുളം ജില്ലയിലെ വൈറ്റിലയിൽ മുഹമ്മദ് കുഞ്ഞിെൻറയും സുബൈദ ബീവിയുടേയും മകളാണ് സബീന എം. സാലി.
റിയാദിന് സമീപം ഹുത്ത സുദൈറിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിൽ ഫാർമസിസ്റ്റാണ്. പ്രവാസത്തിനിടയിൽ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതങ്ങളിൽ കണ്ടെടുത്ത കഥകളാണ് അവരെ ശ്രദ്ധേയയാക്കിയത്. ഗൾഫെഴുത്തെന്ന പരിധിയുടെ കടൽദൂരങ്ങൾ താണ്ടി കേരളത്തിലെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ സജീവ സാന്നിധ്യം അറിയിക്കാൻ കഴിയുന്നതും തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളുടെ വ്യതിരിക്തത കൊണ്ടുതന്നെയാണ്. എഴുത്തിനോടും വായനയോടുമുള്ള ഇഷ്ടം കൊണ്ട്, 'മണൽഗ്രാമം' എന്നൊരു ബ്ലോഗ് ആദ്യകാലത്ത് കൈകാര്യം ചെയ്തിരുന്നു. കന്യാവിനോദം, രാത്രിവേര് (കഥാ സമാഹാരങ്ങൾ), വാക്കിനുള്ളിലെ ദൈവം, ബാഗ്ദാദിലെ പനിനീർപ്പൂക്കൾ (കവിത സമാഹാരങ്ങൾ), ഗന്ധദ്വീപുകളുടെ പാറാവുകാരി, വെയിൽവഴികളിലെ ശലഭ സഞ്ചാരങ്ങൾ (ഓർമക്കുറിപ്പുകൾ), തണൽപ്പെയ്ത്ത് (നോവൽ) എന്നിവയാണ് കൃതികൾ. തിരഞ്ഞെടുത്ത കഥകൾ 'ഒരു മഴൈ നാളിൽ' എന്ന പേരിൽ തമിഴിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യു.എ.ഇയിലെ അറബ് എഴുത്തുകാരുടെ കഥകൾ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ച 'ഒറ്റയിതൾ വസന്തം' എന്ന പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഗാനിമിെൻറ പുസ്തകത്തിലും സബീനയുടെ കഥ ഉൾപ്പെട്ടു. ടി.വി. കൊച്ചുബാവ കഥാപുരസ്കാരം, കെ.സി. പിള്ള സ്മാരക കഥാപുരസ്കാരം, ഖത്തർ സംസ്കൃതി സി.വി. ശ്രീരാമൻ കഥാപുരസ്കാരം, ദുബൈ പ്രവാസി ബുക് ട്രസ്റ്റ് അവാർഡ്, യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന കഥാപുരസ്കാരം, നന്മ സി.വി. ശ്രീരാമൻ കഥാപുരസ്കാരം എന്നിവ എഴുത്തുവഴികളിലെ നേട്ടങ്ങളായി കണക്കാക്കുന്നു. എഴുത്തിെൻറ സാമൂഹിക പ്രതിബദ്ധതയാണ്, യുവകലാസാഹിതിയുടെ സൗദി ഘടകത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്. എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം, പാലാ സഹകരണ കോളജിൽ നിന്ന് എച്ച്.ഡി.സി, കരുനാഗപ്പള്ളി ഐഷ മജീദ് കോളജിൽ നിന്ന് ഡി.ഫാം എന്നിവ കരസ്ഥമാക്കി. ഭർത്താവ് മുഹമ്മദ് സാലി സൗദിയിൽ തന്നെ ജോലി ചെയ്യുന്നു. മക്കൾ ആസിയ പ്ലസ് വൺ വിദ്യാർഥിനിയാണ്. മകൻ ബിലാൽ ബിഫാം മൂന്നാം വർഷ വിദ്യാർഥി.
രണ്ടു വയസ്സുകാരനായ കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ചു ജോലിയാവശ്യാർഥം നാടുവിടേണ്ടി വന്നപ്പോൾ അനുഭവപ്പെട്ട ശൂന്യതയും വൈകാരികാവസ്ഥയുമാണ് അക്ഷരങ്ങളുടെ ലോകത്തേക്കുള്ള പ്രയാണത്തിന് ആക്കം കൂട്ടിയത്.
ഇന്ന് സോഷ്യൽ മീഡിയ പുതിയ എഴുത്തുകാരുടെയും വായനക്കാരുടെയും മേച്ചിൽപുറമാണ്. ആത്മാവിഷ്കാരങ്ങൾ നടത്താനും പൊതുസമൂഹവുമായി എളുപ്പത്തിൽ സമ്പർക്കത്തിലേർപ്പെടാനും വളരെ സൗകര്യമാണത്. പുസ്തകങ്ങളുടെ ഭാരമില്ലാതെ വായിക്കാനും സൂക്ഷിക്കാനും ഒപ്പം വാണിജ്യാവശ്യങ്ങൾക്കും നവമാധ്യമങ്ങൾ ഏറെ സഹായകരമാണ്. ഡിജിറ്റൽ മീഡിയ കൂടുതൽ എഴുത്തുകാരെയും വായനക്കാരെയും സൃഷ്ടിക്കുന്നുവെന്നും സബീന കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് എഴുത്തിന് അൽപം മാന്ദ്യം നേരിട്ടിരുന്നുവെങ്കിലും ഒരു നോവൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നു. അത് പ്രസിദ്ധീകരണത്തിന് വേണ്ടി കാത്തിരിക്കുന്നു. ഒരു കഥസമാഹാരവും കവിതസമാഹാരവും അടുത്തു തന്നെ പുറത്തിറങ്ങുമെന്നും സബീന പറഞ്ഞു. അടുത്ത് ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന 'സഫിയ' എന്ന സിനിമക്ക് വേണ്ടി തിരക്കഥ രചന നിർവഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.