യാംബു: യാംബു മലബാർ എഫ്.സി സംഘടിപ്പിച്ച 16ാമത് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെൻറിലെ 'അറാട്കോ ചാമ്പ്യൻസ് കപ്പ് 2023' ഫൈനലിൽ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ജേതാക്കളായി. യാംബു മലബാർ എഫ്.സിയെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി വിജയിച്ചത്. ജിദ്ദ, മദീന, ദമ്മാം, യാംബു, റാബിഖ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ കളിക്കാർ പങ്കെടുത്ത യാംബുവിലെയും പരിസര പ്രദേശങ്ങളിലെയും എട്ടു ടീമുകൾ മാറ്റുരച്ച ആവേശ മത്സരങ്ങൾക്കാണ് യാംബു റദ് വ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം സാക്ഷിയായത്.
ടൂർണമെൻറിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ടീമിലെ അൻസിൽ എടവണ്ണ കരസ്ഥമാക്കി. മത്സരത്തിലെ ബെസ്റ്റ് ഡിഫൻഡറായി മലബാർ എഫ്.സി ടീമിലെ സഹൽ അരീക്കോടിനെയും ടോപ് സ്കോറർ ആയി ഫഹദ് സെഗ്വാർഡ് യുനൈറ്റഡ് എഫ്.സി ടീമിലെ പ്രിൻസ് കണ്ണൂരിനെയും തെരഞ്ഞെടുത്തു. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ഷബീർ ഹസൻ കാരകുന്ന് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. യാംബു മലയാളി അസോസിയേഷൻ പ്രസിഡൻറ് സലിം വേങ്ങര, യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി എന്നിവർ ആശംസ നേർന്നു. യാംബുവിൽ കഴിഞ്ഞമാസം നിര്യാതനായ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സഹീർ വണ്ടൂരിന്റെ അനുസ്മരണം കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് മാമുക്കോയ ഒറ്റപ്പാലം ചടങ്ങിൽ നടത്തി. യാസിർ കൊന്നോല സ്വാഗതവും അബ്ദുറഹീം കണ്ണൂർ നന്ദിയും പറഞ്ഞു.
ജേതാക്കൾക്കുള്ള ട്രോഫികൾ അറാട്കോ മാർക്കറ്റിങ് മാനേജർ അബ്ദുസ്സമദ് ഒറ്റപ്പാലം, യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളായ ഷബീർ ഹസൻ കാരകുന്ന്, അബ്ദുൽ കരീം പുഴക്കാട്ടിരി എന്നിവർ വിതരണം ചെയ്തു. മലബാർ എഫ്.സി പ്രസിഡൻറ് ഫർഹാൻ മോങ്ങം, സെക്രട്ടറി ശമീർ ബാബു കാരകുന്ന്, കമ്മിറ്റി അംഗങ്ങളായ ഷാമോൻ കൊണ്ടോട്ടി, ശബീബ് വണ്ടൂർ, സലിം മഞ്ചേരി, ഷബീർ അരിപ്ര, ശഫീഖ് മങ്കട, മുബാറഖ് ചങ്ങരംകുളം, സൽമാൻ കായൽപട്ടണം, ഷാനിൽ ബാവ അരീക്കോട് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.